21 Mar 2012

അറുപഴഞ്ചൻ

കടൽ പതിഞ്ഞ ആകാശം
ഒരൊറ്റ മിന്നൽ സ്മൃതിയിൽ
മഴയായി പൊട്ടിയടർന്ന്
ഉള്ളിലെ കനലിൽ
നിന്നുടൽ പൊള്ളിക്കാതെ
കുളിരായെന്നിൽ കൂടുകെട്ടി,

വെളുത്തയാകാശത്തെ
നിന്റെ ചുണ്ടിലെ ചെപ്പിലൊളിപ്പിച്ച്
ഒരപ്പൂപ്പൻ താടിയായി
നീയെനിക്ക് പറത്തി തന്നു,

അത് മെല്ലെ മഴയിൽ കുതിർന്ന്
എന്റെ കണ്ണുകളിലേക്ക് പറന്നടുത്തു,
മഴപ്പാറ്റകളെ പോലെ ചിറകുണക്കാൻ
ഒന്നൊന്നായെത്തി,
എന്റെ കൃഷ്ണമണിക്കു ചുറ്റിലും ഉമ്മവച്ച്
മേഘങ്ങളായി ഒട്ടിനിന്നു...

ചായം തൊടാത്ത നിന്റെ ചുണ്ടുകളെ ഞാൻ ചുവപ്പിച്ചു
കരിയെഴുതാത്ത കണ്ണുകളിൽ ഞാൻ കവിത നിറച്ചു
മുയലുകൾ പമ്മിയ മാറിടത്തിൽ ചെവി ചേർത്ത്
ഞെട്ടിയുണർന്നൊരുഷ്ണത്തിൽ
മിഴിവു കൂടിയ ദൃശ്യപാളിയിൽ അങ്ങനെ നമ്മുടെ പ്രണയം

ഇന്ന് വീണ്ടും വൈദ്യുത പ്രവാഹമാകുന്നു,
പുതിയ കാലത്തിലിരു ധ്രുവങ്ങളിലിരുന്ന് എന്റെയുമ്മ
കൂടുതൽ യഥാതഥമാകുന്നു !


ചായം പൊളിഞ്ഞ പഴയ ഫോട്ടൊയിൽ നിന്നഴിഞ്ഞ്
ഇന്ന് നീയെന്റെ ആത്മാവു തൊടുന്നു,
ഓർമ്മക്കുറിപ്പിലെ വിരഹം മുറിയുന്നു!

മയിൽപ്പീലിപെറ്റ പുസ്തകത്താളിൽ നിന്ന്
പച്ചത്തുള്ളൻ ഒപ്പം ചാടിയ പാടവരമ്പിൽ നിന്ന്
വൈക്കോൽ മണക്കുന്ന മുറ്റങ്ങളിൽ നിന്ന്
നാമൊന്നിച്ച് ഓടിക്കയറുകയാണല്ലോ,
കർപ്പൂരം മണക്കുന്ന കാഴ്ചകളിലേക്ക്,
കോമ്പസ്സിടിച്ച ക്ലാസ്സിടഭിത്തിയിലെപ്പോലെ
ഒരു ദ്വാരത്തിനപ്പുറമിപ്പുറം
നമ്മൾ വീണ്ടും ചാറ്റുകയാണല്ലോ,

അത്രമേൽ നിന്നെ പ്രണയിച്ചെന്നു,
വീണ്ടുമീ ചിത്രത്തിൽ ചുണ്ടുചേർത്ത്
വർഷങ്ങൾക്ക് പിന്നിലേക്കൂളിയിട്ടു,
നാമൊട്ടി നനയുമ്പോൾ
ഓർമ്മകളിൽ നിന്നൊരാകാശമുല്ല
ഇഴഞ്ഞു വന്നെന്റെ മുന്നിൽ പൂവിടുന്നു,
നിന്റെ മുടിയിഴകളായതെന്നിൽ പടരുന്നു,
ഞാനെന്റെ കവിതയിൽ നിന്നെ നിറയ്ക്കുമ്പോൾ
നീ എന്റെ ചുമലിൽ പച്ചകുത്തുന്നു,
കള്ള ബഡുക്കൂസേ, നീ അറുപഴഞ്ചൻ;
നിന്റെ കവിതയെപ്പോലെ!OO അജിത് കെ.സി  16 comments:

 1. അജിത്തിന്റെ കവിതകള്‍ വായിക്കുന്നത് ഒരു ലോട്ടറി എടുക്കുന്നത് പോലെ ആണ്. ഭാഗ്യമുണ്ടെങ്കില്‍ നൂറോ ആയിരമോ സമ്മാനം അടിക്കുന്നത് പോലെ അല്പം വല്ലതും മനസ്സിലാകും. ചിലത് പതിനായിരവും ലക്ഷവുമൊക്കെ അടിച്ചിട്ടുണ്ടെന്ന് മറക്കുന്നില്ല. ഇത് ഒരു ലക്ഷം അടിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

  ReplyDelete
 2. മഴപ്പാറ്റകള്‍ ഈ പേരുതന്നെ കൊള്ളാം .അതുപോലെ .ഇതിലെ എഴുത്തും!!...ഉയരങ്ങളിനിയുമുണ്ടൊരുപാടുതാണ്ടാന്‍...ആവേശം ചോര്‍ന്നിടാതെ കാത്തോളുക..ദൈവമെന്നും തുണയാകും എങ്കിലുമെന്‍ പ്രാര്‍ത്ഥന കൂടെയുണ്ട് ..സ്നേഹത്തോടെ സൊണെറ്റ്

  ReplyDelete
 3. കവിത വായിച്ചു അജിത്ത്‌, ആധികാരികമായി വിലയിരുത്തലിനുള്ള ശേഷി ഇല്ലാത്തതിനാല്‍ ഒന്നും പറയുന്നില്ല. ആശംസകള്‍

  ReplyDelete
 4. നമ്മളുടെ മനസ്സിലെ പ്രണയം എത്ര തീവ്രമാണോ അത്രത്തോളം ഗംഭീരമായിരിക്കും വാക്കുകളും. നന്നായിരിക്കുന്നു ട്ടോ. പ്രണയദാഹം കൊണ്ടെൻ ചുണ്ടുകൾ വിറക്കുന്നു. ആശംസകൾ.

  ReplyDelete
 5. പ്രണയത്തിന് എന്നും പഴമയാണ് നല്ലത്, അല്ലേ ?

  ReplyDelete
 6. "കടൽ പതിഞ്ഞ ആകാശം" അതോ "കടലില്‍ പതിഞ്ഞ ആകാശമോ"..
  നനായിരിക്കുന്നു അജിത്‌ ഭായ്. അഭിനന്ദനങ്ങള്‍

  ReplyDelete
 7. അജിത്തിനെ പരിചയപ്പെടുത്തിയ സതീശന് നന്ദി.
  കവിതകള്‍ ഞാന്‍ ഓരോന്നായി വായിക്കുന്നു.
  അജിത്തിനെ പോലെയുള്ളവര്‍ ബ്ലോഗിലേക്ക് വന്നത് നമ്മുടെ ഭാഗ്യം.
  കവിതകള്‍ ഒക്കെ മനോഹരം. ചിലത്...ഹോ! ആ ചിന്തകള്‍ക്ക് കൊടുക്കണം കാശു

  ReplyDelete
 8. അത്രമേൽ നിന്നെ പ്രണയിച്ചെന്നു,
  വീണ്ടുമീ ചിത്രത്തിൽ ചുണ്ടുചേർത്ത്
  വർഷങ്ങൾക്ക് പിന്നിലേക്കൂളിയിട്ടു
  കള്ള ബഡുക്കൂസേ.............
  കൊള്ളാല്ലൊ..!!!!
  നന്നായിട്ടുണ്ട്............

  ReplyDelete
 9. അജ്ഞാത23 March 2012 at 13:27

  ഈ കവിത എത്ര തവണ വായിച്ചെന്നറിയില്ല. ഈ ബ്ലോഗിന്റെ ലിങ്കു തന്ന സുഹൃത്തിനു നന്ദി. കവിത കാണുന്ന ഈ 'ദൃശ്യപാളി' യിൽ ഞാനും ചുണ്ടു ചേർക്കുന്നു. ഒരുമ്മ അപ്പൂപ്പൻ താടിയായി പറത്തിത്തരുന്നു. പകരം ഇനിയും കവിതകൾ നിറയ്ക്കൂ ഈ ബ്ലോഗിൽ. എത്താമിനിയും... ഇഷ്ടം.

  ReplyDelete
 10. ചായം തൊടാത്ത നിന്റെ ചുണ്ടുകളെ ഞാൻ ചുവപ്പിച്ചു
  കരിയെഴുതാത്ത കണ്ണുകളിൽ ഞാൻ കവിത നിറച്ചു
  മുയലുകൾ പമ്മിയ മാറിടത്തിൽ ചെവി ചേർത്ത്............കള്ള ബഡുക്കൂസേ.............

  ReplyDelete
 11. "മയിൽപ്പീലിപെറ്റ പുസ്തകത്താളിൽ നിന്ന്
  പച്ചത്തുള്ളൻ ഒപ്പം ചാടിയ പാടവരമ്പിൽ നിന്ന്
  വൈക്കോൽ മണക്കുന്ന മുറ്റങ്ങളിൽ നിന്ന്
  നാമൊന്നിച്ച് ഓടിക്കയറുകയാണല്ലോ,...................." എന്നിട്ടെവിടെ??

  ReplyDelete
 12. ഓർമ്മകളിൽ നിന്നൊരാകാശമുല്ല
  ഇഴഞ്ഞു വന്നെന്റെ മുന്നിൽ പൂവിടുന്നു....

  ReplyDelete
 13. കോമ്പസ്സിടിച്ച ക്ലാസ്സിടഭിത്തിയിലെപ്പോലെ
  ഒരു ദ്വാരത്തിനപ്പുറമിപ്പുറം
  നമ്മൾ വീണ്ടും ചാറ്റുകയാണല്ലോ,

  ReplyDelete
 14. വർഷങ്ങൾക്ക് പിന്നിലേക്കൂളിയിട്ടു....

  ReplyDelete
 15. തീവ്രപ്രണയം...ഇഷ്ടം.

  ReplyDelete
 16. കടല്‍ പതിഞ്ഞ ആകാശം.....എത്ര വശ്യമായ പ്രയോഗം...ആ ഒരു പ്രയോഗം മതി ഈ കവിയെ അറിയാന്‍............. അഭിനന്ദനങ്ങള്‍..

  ReplyDelete