Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

22 Feb 2016

പൊങ്കാല


നേരത്തെ തന്നെ ആളുകൾ പൊങ്കാലയ്ക്ക് എത്തിത്തുടങ്ങിയിരിക്കുന്നു. നഗരത്തിന്റെ വഴിയോരങ്ങളിൽ തലചായ്ച്ചിരുന്നവരെ മുഴുവൻ പൊലീസ് വിരട്ടിയോടിക്കുകയാണ്. ഓടയിലേക്കുള്ള കോൺക്രീറ്റ് ചരുവിൽ കലുങ്കിൽ നിന്നും ചായ്ച്ചുകെട്ടിയ കീറത്തുണിയുടെ കൂര നഷ്ടപ്പെടാഞ്ഞത് അക്കൂട്ടത്തിലെ ചെറുപ്പക്കാരനായ ഒരു പൊലീസുകാരൻ കനിഞ്ഞതുകൊണ്ടാണ്. അല്ലെങ്കിൽ ഈ കൈക്കുഞ്ഞിനെയും കൊണ്ട് എവിടെപ്പോകും. പണിതീരാത്ത പൊതുകക്കൂസിന്റെ ഇറയത്തുനിന്നും ആട്ടിയോടിക്കപ്പെട്ടത് കഴിഞ്ഞ പൊങ്കാലയ്ക്കായിരുന്നു. കുഞ്ഞ് ജനിച്ചതിന്റെ് പിറ്റേന്ന്. അന്ന് ആ പൊരിഞ്ഞ വെയിലത്ത് എവിടെയൊക്കെ അലഞ്ഞു. വൈകിട്ട് തിരിച്ചുവന്നപ്പോഴേക്കും ആ ചട്ടുകാലിത്തള്ള അവിടെ താമസവും തുടങ്ങി. അന്ന് കണ്ടുപിടിച്ചതാണീ താവളം. അല്ലെങ്കിലും ഇവൻ ജനിച്ചതിൽപ്പിന്നെ കഷ്ടപ്പാടുകൂടി. നഗരത്തിൽ എന്നും അടിയും ബഹളവും പടക്കമേറുമാണ്.
ഇവിടെ വന്നതിനുശേഷം ഒരുപാട് പ്രസംഗം കേൾക്കാൻ പറ്റുന്നുണ്ട്. ഇന്നലെയുമുണ്ടായിരുന്നു ഒരെണ്ണം. വീട്ടുകരം കൂട്ടിയതിന്. വീടുള്ളവർക്കൊക്കെ കരം അടയ്ക്കണമെന്നുള്ളത് പുതിയ അറിവായിരുന്നു. അതുകേട്ടപ്പോൾ ആദ്യമായി വീടില്ലാത്തതിൽ ആശ്വാസം തോന്നി.
പൊങ്കാലയുടെ കൂറ്റൻ ഫ്ലക്സുള്ളതുകൊണ്ട് ആരും കാണില്ല. പുഞ്ചിരിക്കുന്ന ദേവിയുടെ ചിത്രത്തിനുപിന്നിൽ അവളുടെ അടുപ്പൊരുങ്ങി. നഗരം മുഴുവൻ കസവുടുത്ത് പൊങ്കാലയടുപ്പുകൾ ഒരുക്കി. കൊതുമ്പുകത്തുന്ന ചൂടും പുകയും എങ്ങും നിറഞ്ഞു. കലങ്ങൾ തൂവിത്തുടങ്ങി. ഇരന്നുവാങ്ങിയ അരി കലത്തിൽ തിളയ്ക്കുന്നുണ്ട്. പെട്ടെന്നാണ് ഒരു ലാത്തി നീണ്ടുവന്നത്. ഒരൊറ്റ തോണ്ടലിൽ കലം ഓടയിലേക്കു മറിഞ്ഞു. കുടം ആടിയുലഞ്ഞ് മലിനജലത്തിൽ ആരോ വലിച്ചെറിഞ്ഞ ചന്ദനത്തിരി കവറിനും പൂമാലയ്ക്കുമൊപ്പം.
ദേവീ...
കരച്ചിലും കണ്ണീരും ഫ്ലക്സിനുപിന്നിൽ കെട്ടടങ്ങി. ഒട്ടിയവയറുമായി ഒരു കുട്ടി പൊങ്കാലയടുപ്പുകളിലേക്ക് എത്തിനോക്കി.
00

22 Feb 2014

രജിസ്ട്രേഷൻ കൗണ്ടർ



പേര്?
സൗദാമിനി
വയസ്സ്?
ഇരുപത്തെട്ട്...
സെക്സ്?
ഇന്ററസ്റ്റഡ്
അതല്ല, മെയിലോ ഫീമെയിലോ എന്ന്
ഹഹ... അത് നിങ്ങൾക്കറിഞ്ഞൂടേ!
ഉം, തിരിച്ചറിയൽ പാടുകൾ?
ങ്ങൾക്കിഷ്ടമുള്ളത് എഴുതിക്കോ...
ങേ..
ങാ...
ഹഹഹ... അപ്പോ മഷി തീർന്നുപോകും
ഹഹഹ...

OOO

24 Nov 2012

തപസ്സ്

കേളികൊട്ട് മാസിക - 1995 ഏപ്രിൽ

25 Mar 2012

തിരിച്ചു വരവ്

യാന്ത്രികശക്തിക്കടിമപ്പെട്ടിട്ടെന്നവണ്ണം ഞാനാ പടിപ്പുരവാതിലിൽ നിന്നു പോയി. അപ്പോൾ പുറത്തേക്കു വന്ന തടിച്ച മനുഷ്യൻ മലർന്ന ചുണ്ടുകൾ വലിച്ചു നീട്ടി ചിരിച്ചു.

" എന്താ അവിടെ നിന്നത്? അകത്തേക്ക് വരാമല്ലോ..."


കേൾക്കാത്ത ഭാവത്തിൽ നടന്നുവെങ്കിലും ആ പടിപ്പുരയിൽ തന്നെയായിരുന്നു ഞാൻ. ചുളിഞ്ഞ പുരികങ്ങളുമായി ഇറങ്ങി വരുന്നത് ആ മനുഷ്യൻ തന്നെ.

"എന്താ അവിടെ നിന്നത്? അപ്പുറത്തേക്ക് ചെല്ല്.."

ആജ്ഞ അനുസരിച്ചിട്ടെന്നവണ്ണം അപ്പുറത്തേക്ക് ചെന്ന് അടുക്കളവാതിലിൽ മുട്ടി. കതകു തുറന്നിറങ്ങിവന്ന സ്ത്രീയെന്നെ അടിമുടി നോക്കി നിന്നു. ചേറു പുരണ്ട കാലുകൾ കണ്ടിട്ടാവണം അകത്തേക്ക് കാലുകഴുകി വരുവാൻ പറഞ്ഞത്.


അതെ, ഒരു വേള കൂടി അടുക്കളവാതിലിൽ മുട്ടി. കൈയ്യിൽ പുരണ്ട കരി ഒട്ടു ജാള്യത്തോടെ തുടച്ചുനിൽക്കെ ആ സ്ത്രീ ഇറങ്ങി വന്നു. അവരുടെ മുഖത്തേക്കു നോക്കിയില്ലെങ്കിലും ആ കണ്ണുകളിലെ അത്ഭുതം ഞാൻ അറിഞ്ഞു. ചെരിപ്പഴിച്ച് അകത്തേക്ക് വരാം. വീണ്ടും അവരുടെ അനുസരണയുള്ള മകനായി മാറാനേ എനിക്ക് കഴിഞ്ഞുള്ളൂ.


OO  അജിത് കെ.സി

  • കേളികൊട്ട് മാസിക,1995 സെപ്റ്റംബർ
  • യുവകലാസാഹിതി മാസിക, 1996 ജൂലൈ 

 


16 Mar 2012

സത്യപാലൻ മരിച്ചിട്ടില്ല

പുഴകളെ മനോഹരമായി ചിത്രീകരിക്കുന്നതിനെ അജയൻ എല്ലായ്പ്പോഴും എതിർത്തിരുന്നു.
"കണ്ണട വച്ച ഒരു പിശാചാണ് പുഴ..." അങ്ങനെയാണ് അജയൻ പറയാറുണ്ടായിരുന്നത്. 

സത്യപാലനെ കൊന്ന പുഴ. 

അജയൻ കറുത്തചുണ്ടുകൾക്കിടയിലേക്ക് ബീഢി തിരുകി വച്ചു.  പുകയുന്ന് ബീഢി ഭ്രാന്തമായ ആവേശത്തോടെ മൂക്കിൽ എരിവു സൃഷ്ടിക്കുവാൻ തുടങ്ങിയപ്പോൾ ഞാൻ ജനാല തുറന്നിട്ടു. പിരിഞ്ഞിറങ്ങിത്തുടങ്ങിയ ചെമ്പിച്ച താടിരോമങ്ങളിൽ വിരലുകൾ കടത്തി ദൂരേക്ക് ദൃഷ്ടി പായിച്ച് അയാൾ ഇരുന്നു.

"നീയറിയില്ലേ...പുഴേലു അന്നു വെള്ളം കൊറവാർന്ന്..."

താത്പര്യം കൂടാതെ വാരികയിലേക്ക് കണ്ണു നട്ടിരിക്കെ കൊലയാളിയുടേതെന്ന പോലെ വന്യമായ ഒരു ചിരി എന്നിലേക്കെറിഞ്ഞ് അയാൾ വീണ്ടും ആ സംഭവം വിവരിക്കുവാൻ തുടങ്ങുകയാണെന്നെനിക്കു തോന്നി.

നക്ഷത്രങ്ങളുടെ വെളിച്ചം പ്രത്യാശയേറ്റുന്നുവെന്ന് പറഞ്ഞത് സത്യപാലനായിരുന്നു. സത്യപാലൻ എന്നു തന്നെ ആയിരുന്നുവോ അന്ന് അറിയപ്പെട്ടിരുന്നത് ?

അജയന്റെ മറുപടി നിരാശയേറ്റുന്നതായിരുന്നു; തിളക്കം നഷ്ടപ്പെടുന്ന നക്ഷത്രം അകന്നുകൊണ്ടേയിരിക്കുന്നു, അവ ഇല്ല എന്നു തോന്നുവോളം...

അജയനും സത്യപാലനും ആ പുഴക്കരയിരുന്ന് ഇരുട്ടിനൊപ്പം ബീഢിപ്പുക ശ്വസിച്ചു. പകരം ഏറെ മുഷിഞ്ഞ ഗന്ധം നൽകി. ഒടുവിൽ പുഴ സത്യപാലനെ വിഴുങ്ങുകയായിരുന്നുവത്രെ!


അജയന്റെ കുട്ടിക്കാലം സത്യപാലനോടൊപ്പമായിരുന്നു. അജയനും ദു:സ്വപ്നങ്ങൾ ശീലമായതങ്ങനെയാണ്.


മരക്കതകുകൾക്കപ്പുറത്ത് നിലാവ് കാത്തു നിൽക്കുന്നുണ്ടായിരുന്നു, രോമസമൃദ്ധിയിലേക്ക് ചേക്കേറാനുള്ള ചെള്ളിന്റെ കാത്തിരിപ്പ് പോലെ. ക്ഷീണിച്ച കട്ടിൽക്കാലുകൾ താളത്തിൽ കരഞ്ഞു കൊണ്ടേയിരുന്നത് അജയനെ അസ്വസ്ഥനാക്കി. വാശിയാലെന്നവണ്ണം പാഠപുസ്തകത്തിലെ വരികൾ ഹൃദിസ്ഥമാക്കുമ്പോഴെന്നെങ്കിലും ആ ശബ്ദത്തെ തിരിച്ചറിയുവാൻ എന്നെങ്കിലും സത്യപാലനു കഴിഞ്ഞിരുന്നെങ്കിൽ.പരിഹാസങ്ങളെയും പഞ്ഞമില്ലയ്മയേയും കോർത്തെടുത്തപ്പോഴേക്കും അവൻ തളർന്നു കഴിഞ്ഞിരുന്നു. റോന്തു ചുറ്റിയിരുന്ന ബൂട്സുകളുടെ കീഴിൽ ഞെരിഞ്ഞമർന്ന സ്വപ്നങ്ങൾ...


ദ്രവിച്ചു തുടങ്ങിയ കഴുക്കോലുകളൊന്നിൽ അവൾക്ക് ഭാരം തൂക്കാമായിരുന്നു. അല്ലെങ്കിൽ എല്ലാക്കാലത്തെയും പോലെ തറവാട്ടുകുളത്തിലെ ചേറിൽ താമരയായി ജനിക്കാമായിരുന്നു!


സത്യപാലനെ ഞാനൊരിക്കലും കണ്ടിട്ടുണ്ടായിരുന്നില്ല. എന്റെ സങ്കല്പങ്ങളെയെല്ലാം തെറ്റിച്ചത് സത്യപാലൻ കൊല്ലപ്പെട്ടുവെന്ന വാർത്തയാണ്.  അപ്പോഴേക്കും അയാൾ തീർത്തും മെലിഞ്ഞിരുന്നു, ശരീരമെമ്പാടും പീഢനം വരുത്തിവച്ച മുറിവുകളുണ്ടായിരുന്നു.രാത്രികളിൽ അയാൾ ഏറെ സഞ്ചരിക്കുന്നുണ്ടായിരുന്നു.  അയാളുടെ ആഹ്വാനങ്ങൾ രാജ്യം വെട്ടിപ്പിടിക്കാനുള്ളതായിരുന്നു!


"സത്യപാലൻ യഥാർത്ഥമായും മരിച്ചുവോ?"


എന്റെ ചോദ്യം അജയനെ അമ്പരപ്പിച്ചു. അയാൾ കുറെനേരം ജനാലയ്ക്കൽ പോയി പുഴയിലേക്ക് നോക്കി നിന്നു.


"ഇല്ലേല് ഞാനൊറ്റയാവ്വോ?"


സത്യപാലന്റെ മരണത്തിനു തെളിവായി അജയന് കാട്ടാനുണ്ടായിരുന്നത് കുറേ കത്തുകളായിരുന്നു. പുതിയ പുസ്തകങ്ങൾക്കരികിലെ പുരസ്ക്കാര ശില്പങ്ങളിലേക്ക് ചൂണ്ടി അജയൻ വീണ്ടും വന്യമായി ചിരിച്ചു.


"പുഴയ്ക്ക് ഇനീം കഥ അറിയാം.."


കറയാർന്ന പല്ലുകളിൽ വീണ്ടും തിളക്കം. ഏറെ വർഷങ്ങൾക്കു ശേഷം അജയൻ നിലവിളക്ക് കൊളുത്തിവച്ച് കുറെനേരം പ്രാർത്ഥിച്ചു നിന്നു. നിലാവ് ബദാമിന്റെ ഇലകളോടൊപ്പം പിച്ചിപ്പൂക്കളുടെ സുഗന്ധവും കൂട്ടിക്കൊണ്ടുവന്നു. ചെറിയ മുറിയിലെ അത്യാവശ്യസാധനങ്ങളോടൊപ്പം ഇരുട്ടിനുള്ള ഇടം കുറച്ചുകൊണ്ട് കരിന്തിരിമണമുള്ള മൂലപ്പലകയിൽ ചെറിയ കൃഷ്ണവിഗ്രഹം.


പിച്ചകപ്പൂമണമുള്ള കിടക്കയിൽ തന്നോട് ചേരുന്ന ശ്വാസഗതികളെ തിരിച്ചറിഞ്ഞുകൊണ്ട് ഒരു വീതി കുറഞ്ഞ കസവുകര. സ്വകാര്യതകളിലേക്ക് കടന്നു വരുന്ന ഓമനത്തങ്ങൾ... ഞാൻ ഓർമ്മിപ്പിച്ചു.


തിരികെ അടുക്കുമ്പോൾ അജയൻ ഒരു പൊട്ടിക്കരച്ചിലിന്റെ വക്കത്താണോ എന്നു തോന്നിപ്പോയി. മേശ വലിപ്പിൽ നിന്ന് കുറെ കടലാസുകൾ അയാൾ മുന്നിലേക്കെടുത്തിട്ടു. വിറയാർന്ന അക്ഷരങ്ങളിൽ വീണ്ടും തലവാചകം


സത്യപാലൻ മരിച്ചിട്ടില്ല!


ഞാൻ അമ്പരക്കുമെന്നവും അയാൾ കരുതിയത്. ഇല്ല സുഹൃത്തേ, എനിക്കറിയാം സത്യപാലൻ മരിച്ചിട്ടില്ല, താങ്കൾ ജീവിച്ചിരിക്കുവോളം!


അജയൻ പതുക്കെപ്പറഞ്ഞു; "സത്യപാലൻ ചിരഞ്ജീവി അല്ല..!"

OO  അജിത് കെ.സി

Illustration : ChithraRagam Art







  • യുവജനോത്സവ വേദികളിൽ ഏറെ പുരസ്ക്കാരങ്ങൾ വാരിക്കൂട്ടിയ സത്യപാലൻ കൊല്ലപ്പെട്ടു എന്ന നാടകം കണ്ട അനുഭവത്തിലും അതിന്റെ രചയിതാവും എന്റെ സുഹൃത്തുമായിരുന്ന ടി.പി അജയനുമായുള്ള വാഗ്വാദങ്ങളുടെ ഓർമ്മയിലും എഴുതി, സാധന -98 ൽ പ്രസിദ്ധീകരിച്ചത്.
  • 2004 ൽ അജയൻ ആത്മഹത്യ ചെയ്യുകയാണുണ്ടായത്.

13 Mar 2012

മുല്ലമൊട്ടുകൾ വിടരുകയാണ്...

സമുറായിയുടെ നോ പ്രോബ്ലം യാത്ര പഥ്യമാക്കിയ കാലം. കാരണവർ കനിഞ്ഞു നൽകുന്ന വെറ്റിലയ്ക്കു കാത്തു നിൽക്കുന്ന തേവൻ പണിക്കന്റെ എണ്ണ കിനിയും മേനി പോലെ ഓഫീസ് കെട്ടിടത്തിനു കീഴേ വൈകുന്നേരങ്ങളിൽ അന്നും മഹാപാത്ര ഓച്ഛാനിച്ചുണ്ടായിരുന്നു. അയാളുടെ ചൂണ്ടുവിരലിൽ തുണി ചുറ്റിയിരിക്കുന്നത് കണ്ട് ഞാൻ കളിയാക്കി.

"പെൺകോന്തൻ... കറിക്കത്തി മുറിവ് വീഴ്ത്തിയതാകണം! "

സുഖമുള്ള ഒരു ചിരിയെറിഞ്ഞുകൊണ്ട് അയാളുടെ തേഞ്ഞ ആംഗലേയവും പിൻസീറ്റിൽ കയറിപ്പറ്റി. മുല്ലപ്പൂക്കളുടെ സൗരഭ്യമെത്തിയപ്പോൾ രാധ വീണ്ടും പിന്നിലുണ്ടെന്നു തോന്നി. സുഖസ്മൃതികളിൽ മുല്ലഗന്ധം നിറഞ്ഞു...

"നിന്റെ സ്നേഹത്തിനു പകരം നൽകാൻ എനിക്ക് ഈ മുല്ലമൊട്ടുകൾ മാത്രമേയുള്ളൂവല്ലോ.." 

കിടക്കയിൽ നിന്ന് ചെമ്പിച്ചു തുടങ്ങിയ മുല്ലപ്പൂക്കൾ പെറുക്കിക്കളയുന്നതിനിടെ മുമ്പൊരിക്കൽ മിസിസ്സ് മഹാപാത്ര പറഞ്ഞതോർക്കുന്നു. 

"ഗോപൻ, മുല്ലപ്പൂക്കൾ മനസ്സിൽ ചൂടാനുള്ളതല്ല, ജീവിതം അതിന്റെ സുഗന്ധത്തിൽ കൊരുത്തെടുക്കണം..."

മുല്ലപ്പൂക്കൾ വെൺസുഗന്ധമായന്നും നിറഞ്ഞു, രാധേ...

പാലത്തിലെ വാഹനത്തിരക്കിലൂടെ ആയാസപ്പെട്ട് മുന്നേറവേയാണ് വണ്ടിയിൽ നിന്ന്  മഹാപാത്ര പെട്ടെന്ന് ചാടിയിറങ്ങിയത്.

"എന്റെ മുല്ലമാല..."

മഹാപാത്രയുടെ ക്യാരിബാഗിൽ നിന്നും വഴുതിവീണ മുല്ലമാല പാലത്തിൽ അത്യപൂർവ്വമായ ഒരു ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയായിരുന്നു. ചതഞ്ഞ മുല്ലപ്പൂക്കളിൽ നിന്നും വെണ്മയും സുഗന്ധവും ചോർന്നൊഴുകി...!

OO അജിത് കെ.സി
(അകംപുറം മാസിക, 2001 ഫെബ്രുവരി)  

10 Mar 2012

പരാദജന്മങ്ങൾ

ഓർമ്മകളുടെ ആൽബം. എവിടെയോ കേട്ടു മറന്ന പ്രയോഗം. വളരെ ശരിയാണ്, ഓർമ്മകൾ പലപ്പോഴും കടന്നു വരുന്നത് ഒരു ഫോട്ടോ ആൽബത്തിലെ ചിത്രങ്ങളെപ്പോലെയാണ്. ഓരോ ചിത്രത്തിൽ നിന്നും ഓരോ ഭൂതകാലം അഴിഞ്ഞിറങ്ങി അരങ്ങേറുകയായി. അല്ലെങ്കിൽ നോക്കൂ, ഈ കടൽത്തീരത്ത് ഞാനെന്റെ സുഹൃത്ത് ഉണ്ണിയെയും കാത്ത് ഇരിക്കുകയായിരുന്നു. പെട്ടെന്നാണ് ഓർമ്മകളുടെ ആൽബം താൾ മറിഞ്ഞ് ജന്മാന്തരങ്ങൾക്ക് പിന്നിലേക്കും പോയത്. ചിത്രത്തിൽ ഉണ്ണിയുടെ അച്ഛൻ ജയപാലന്റെ ബാല്യം. അനുജത്തി രാജിയെ തൊട്ടിലാട്ടി ഉറക്കുന്ന ജയപാലൻ. ആ കുഞ്ഞുമുഖത്ത് ഒരു ദു:സ്വപ്നത്തിന്റെ ഭീതിയുണ്ട്. അച്ഛനോടുള്ള സഹതാപവും അനുജത്തിയോടുള്ള വാത്സല്യവും രണ്ടാനമ്മയോടുള്ള വെറുപ്പുമുണ്ട്.
 
പൂമുഖത്ത് സോഫയിൽ ചരിഞ്ഞ് കിടന്നുറങ്ങുകയാണ് ജയപാലന്റെ അച്ഛൻ. ടീപ്പോയിമേൽ ഗ്ലാസ്സുകൾ മറിഞ്ഞു കിടക്കുന്നുണ്ട്. അല്പം മുമ്പുവരെ രണ്ടാനമ്മയും അച്ഛനും അച്ഛന്റെ സുഹൃത്തും കൂടി ചീട്ടുകളിച്ചിരിക്കുകയായിരുന്നു. എല്ലായ്പ്പോഴും തോൽക്കുന്നത് അച്ഛൻ. തോൽക്കേണ്ടതും മദ്യം ഏറെ കഴിക്കേണ്ടതും അച്ഛൻ തന്നെ. രണ്ടാനമ്മയുടെ കവിളുകൾ നേർത്ത മദ്യം പോലെ തുടുക്കുന്നു, ശബ്ദം ഇഴയുന്നു. അച്ഛന്റെ സുഹൃത്ത് അവരെ കിടക്കയിലേക്ക് താങ്ങിയെടുക്കുന്നു. അപ്പോഴും പൂമുഖത്ത് അർദ്ധബോധത്തിൽ ഗ്ലാസ്സുയർത്തി ചിയേർസെന്ന് പിറുപിറുക്കുന്ന അച്ഛൻ.

പറഞ്ഞു കേട്ട കഥകൾ തീർത്ത ഭൂതകാലത്തിന്റെ മറ്റൊരു ചിത്രത്തിൽ വയലറ്റ് പൂക്കൾ നിറഞ്ഞു. ജയപാലന്റെ ഓർമ്മയിൽ അവന്റെ അമ്മ. ഓർമ്മകൾ പിച്ചവച്ചു തുടങ്ങിയ കാലത്ത് കാവിനരികെ വള്ളിയൂഞ്ഞാലിൽ പുസ്തകങ്ങളോടൊപ്പം ആ പൂക്കളെ അവൻ നോക്കിക്കണ്ടു. വർണ്ണശലഭങ്ങൾക്കൊപ്പം ആ പൂക്കൾക്കു ചുറ്റും ഓടിക്കളിച്ചു. പിന്നീട് മരുന്നു മണക്കുന്ന മുറിയിലെ ഉയരമുള്ള കിടക്കയിൽ നിന്ന് ഊർന്നുവീണു കിടന്നതും ഏറെനാളുകൾക്കുശേഷം കത്തിയമർന്നതും അതേ പൂക്കളായിരുന്നു. ഒടുവിൽ ഉപേക്ഷിച്ചുപോയ ചെറിയ ഡയറിയിലെ വടിവൊത്ത അക്ഷരങ്ങളിൽക്കൂടി നടന്നപ്പോൾ ആ പൂക്കളുടെ സുഗന്ധം കൂടി ജയപാലൻ അറിഞ്ഞു. അവയെ മുതിർന്നപ്പോഴും നെഞ്ചേറ്റി സൂക്ഷിച്ചു.
 
ചിത്രങ്ങളിലൊന്നിൽ ഉണ്ണിയുമുണ്ട്. തെരുവിന്റെ ഒരു മൂലയിൽ പൂമാല ചാർത്തി നിർത്തിയിരിക്കുന്ന പശുവിനു പിടിപ്പുല്ല് തീറ്റുകയാണ് ഉണ്ണി. അരികെ ചന്ദനം പൂശി കാവിപുതച്ചിരിക്കുന്ന വൃദ്ധയുടെ മുന്നിൽ തുട്ടുകളിട്ട്, രണ്ടോലപ്പുല്ലു വാങ്ങി പശുവിനെ തീറ്റി, തൊട്ടു വണങ്ങി നടന്നു നീങ്ങുന്ന പട്ടണവാസികളുടെ ഇടയിലൂടെ ഒരു പിടി നാണയങ്ങളുമായി നിൽക്കുന്ന ഉണ്ണിയുടെ നിഷ്ക്കളങ്കമുഖം. അവ്യക്തമായ പശ്ചാത്തലത്തിൽ തൂവാല കൊണ്ട് മുഖം തുടച്ച് ബാറിൽ നിന്നും ഇറങ്ങിവരുന്ന ജയപാലനുമുണ്ട്.

ആൽബത്തിലെ വർണ്ണാഭമായ ചിത്രങ്ങളിലൊന്നിൽ ജയപാലന്റെ ഭാര്യ സുമി നിറഞ്ഞു തുടുത്തു നിന്നു. സുഹൃത്തുക്കളുടെ ഇടയിലിരുന്ന് അവൾ അതിമനോഹരമായി പാടി. രാഗവേഗങ്ങൾക്കൊത്ത് ഏവരും തിമർത്താടി. ആഘോഷ ങ്ങളിൽ നിന്നകന്ന് ജയപാലൻ ഉണ്ണിയുമൊത്തിരുന്നു...

രണ്ടാനമ്മയുടെ ഉടയാത്ത സാരിത്തലപ്പുകളിൽ തൂങ്ങി വാത്സല്യമറിയുവാൻ ഭയപ്പെട്ട ഉണ്ണി കളിപ്പാട്ടങ്ങളെ കണ്ണാടിക്കൂട്ടിൽ തളച്ച് അച്ഛനോടൊപ്പം കടൽത്തീരങ്ങളിൽ അഭയം തേടി. നഗരത്തിരക്കുകളിൽ അലഞ്ഞു. ഈറൻ മിഴികളിൽ അല്പം ശാഠ്യവുമായി മടങ്ങിയെത്തി.

നിറങ്ങളെയും നിലങ്ങളെയും വിട്ട് പറന്നുപോയ പക്ഷികളിലൊന്നായിരുന്നു ഉണ്ണിയ്ക്ക് അമ്മ. ചുവന്ന ആകാശത്തിലേക്ക് പറന്നുപോയ ഒരു തീനാളം... ജന്മദോഷങ്ങളായി അനാഥത്വം ഉണ്ണിയുടെ ജാതകത്തിലുമുണ്ടല്ലോയെന്നു ഓർത്തുപോയി. കുട്ടിക്കാലത്തെന്നോ ഉണ്ണിയ്ക്കൊപ്പം ആ അമ്മയുടെ വാത്സല്യമറിയുവാനും അല്പം ഭാഗ്യം ലഭിച്ചിട്ടുണ്ട്. തണുത്ത വിസ്ക്കി അകത്തു ചെന്നപ്പോൾ പെട്ടെന്നു ആ ഓർമ്മകളെ ആൽബത്തിലേക്ക് സൂം ഔട്ട് ചെയ്ത് ചുറ്റിലും ഉണ്ണിയെ തിരഞ്ഞു.

പെട്ടെന്ന് ബാറിൽ ഒരു തിരക്കനുഭവപ്പെട്ടു. ഏതോ ജാഥ കഴിഞ്ഞെത്തിയ വിദ്യാർത്ഥികളാണ്. നഗരത്തിലെ എല്ലാ ബാറുകളിലും ഇപ്പോൾ ഈ തിരക്കനുഭവപ്പെടുന്നുണ്ടാവും. ഇരുണ്ട വെളിച്ചത്തിൽ സിഗററ്റ് പുകയ്ക്കു പിന്നിൽ മുഖം ഒളിപ്പിച്ച് അവർ ഇരുന്നു. പുസ്തകം പോക്കറ്റിലൊളിപ്പിച്ച് ഉണ്ണിയും അക്കൂട്ടത്തിലുണ്ട്. ബാറിലും മുഷ്ടിയുയർത്തി കാണാതെ പഠിച്ചാക്രോശിച്ച മുദ്രാവാക്യങ്ങൾ ഉരുവിട്ട് അവനും ഇരുന്നു. അതിന്റെ രസം പിടിച്ച് അവന്റെ ഗേൾഫ്രണ്ട് പൊട്ടിച്ചിരിച്ചു.

ബാറിൽ നിന്നിറങ്ങി പാർക്കിംഗിലേക്ക് നടക്കുമ്പോൾ അവർ പരസ്പരം താങ്ങിപ്പിടിച്ചിട്ടുണ്ടായിരുന്നു. ട്രാഫിക് കുരുക്കിൽ ഉണ്ണിയുടെ ബൈക്ക് കാത്തു മുഷിഞ്ഞപ്പോൾ പിന്നിലിരുന്ന സുന്ദരി അസ്വസ്ഥയായി. അവൾ തന്റെ പച്ചനിറമുള്ള ടീഷർട്ടൂരി സിഗ്നൽ പോസ്റ്റിലേക്കെറിഞ്ഞു. ഒരു ശലഭച്ചിറകുപോലെ അത് ആ ചുവന്ന വെളിച്ചത്തെ മറച്ചു...

ആൽബത്തിലേക്ക് കുടിയേറിയ ചിത്രങ്ങളിലൊന്നിൽ ജയപാലന്റെ അച്ഛൻ രോഗശയ്യയിലായിരുന്നു. അയാളുടെ മദ്യപാനം അപ്പോഴും നിന്നിട്ടുണ്ടായിരുന്നില്ല. ദു:സ്വപ്നങ്ങളെ പേടിച്ച് ഉറക്കം തന്നെ ഒഴിവാക്കിയ നാളുകളിലൊന്നിൽ ജയപാലന് രാജിയുടെ ഫോണെത്തി. 
 'ജയേട്ടാ, നമ്മുടെ അച്ഛൻ..."

ജയപാലന് ആശ്വാസമാണ് തോന്നിയത്. അച്ഛന് രോഗം കലശലായ വിവരം അറിയിക്കാഞ്ഞതിൽ ആരോടും വിദ്വേഷം തോന്നിയില്ല. രണ്ടാനമ്മ എല്ലായ്പ്പോഴും കരുതാറുണ്ടായിരുന്ന ഉറക്കഗുളികകൾക്ക് നന്ദി പറയേണ്ടിയിരിക്കുന്നു, രോഗശയ്യയിലും പ്രിയപ്പെട്ട മദ്യം പകർന്നു കൊടുത്തിരുന്ന അച്ഛന്റെ സുഹൃത്തിനും...

കുറെയേറെ നേരം കാവിനരികെ പോയിരുന്ന് ജയപാലൻ ഓർമ്മകളിൽ മുഴുകി. അല്പമകലെയായി ചിത എരിഞ്ഞടങ്ങി. ഇനി ഓർക്കുവാൻ വയലറ്റുപൂക്കൾക്കൊപ്പം ഇനിയും ഒഴിഞ്ഞിട്ടില്ലാത്ത മദ്യക്കുപ്പികളും...
 
രാത്രിയിലെപ്പോഴോ തിരികെ പൂമുഖത്തേക്കെത്തുമ്പോൾ ആരോ സുമിയും ഉണ്ണിയും വന്നിട്ടില്ലേയെന്നു തിരക്കി. കേൾക്കാത്ത ഭാവത്തിൽ നടന്നു. അകത്തളത്തിൽ നിന്നും അച്ഛന്റെ സുഹൃത്ത് ഇറങ്ങി വന്നു.

"ജയൻ മടങ്ങിപ്പൊയ്ക്കൊള്ളൂ, മരിച്ചവരെ തൃപ്തിപ്പെടുത്താനല്ല ജീവിതം...!"

ജയപാലനൊന്നും മനസ്സിലായില്ല. പരാദജന്മങ്ങളുടെ സുവിശേഷങ്ങൾ അയാൾക്ക് അറിയില്ലല്ലോ. ഇവിടെ ഈ നഗരത്തിൽ അയാളുടെ മകൻ പിസ്റ്റൾ ചൂണ്ടുമ്പോൾ കിടപ്പറയിൽ ഞെട്ടിപ്പിടഞ്ഞെഴുന്നേൽക്കുന്നത്
അയാളുടെ സുഹൃത്ത് ആണല്ലോ. രസം നഷ്ടപ്പെട്ടതിന്റെ നിരാശ ഇരുട്ടിലും സുമിയുടെ മുഖത്ത്.

"മമ്മീ, നിങ്ങൾ ഒരു പാവം വിഡ്ഡി, ധൃതി കൂടീട്ട് വാതിൽ അടയ്ക്കുവാൻ കൂടി മറക്കുന്നു!"
 
ആ തമാശയിൽ ഉറക്കെച്ചിരിച്ചുകൊണ്ട് ഉണ്ണി തന്റെ മുറിയിലേക്ക്.

ഉണ്ണി ഓർക്കുന്നുണ്ടാകുമോ ഇന്ന് ബാറിലെ ഓരോ മത്സരത്തിലും അവൻ ജയിച്ചുകൊണ്ടിരുന്നപ്പോൾ അവനെ പ്രോത്സാഹിപ്പിച്ച് അവന്റെ സുഹൃത്തുക്കളുടെ മുന്നിരയിൽ ഞാൻ ഉണ്ടായിരുന്നത്, ഒടുവിൽ കടമെടുത്ത കവിത അവനു വേണ്ടി ചൊല്ലിയതും. ഉണ്ണിയ്ക്കത് നന്നേ ബോധിച്ചിരുന്നു. ഉണ്ണിയുടെ സുന്ദരിയായ ഫ്രണ്ടിനും അത് ഇഷ്ടപ്പെട്ടു. അവൾ അരികിലെത്തി നന്ദി പറഞ്ഞു. അമർത്തി ചുംബിച്ചു. ഒപ്പം മദ്യം നുകർന്നു.

ഇനി ആൽബത്തിലെ പുതിയ ചിത്രത്തിലെത്തേണ്ടത് ഒരൊറ്റ സ്നാപ്പിൽ ഉണ്ണിയുടെ കൈയ്യിൽ നിന്നും ഊർന്നുവീണു ചിതറിയ ഐസ് കഷണങ്ങളുടെ ക്ലോസപ്പ് ദൃശ്യമാണ്!

OO അജിത് കെ.സി

8 Mar 2012

പ്രണയാവർത്തനം

കണ്ണുകളിൽ ഇളം ചൂടുള്ള ഒരു നോട്ടം ലഭിക്കുന്നത് കിടക്കയിൽ ചുംബനത്തിനായി മുഖത്തോടു മുഖം ചേരുമ്പോഴാണ്. അൽപ്പനേരം കണ്ണുകളങ്ങനെ ഉടക്കി നിന്ന് ആ ഉഷ്ണം ചുംബനത്തിൽ ഉടച്ച് മെല്ലെ അവൾ കണ്ണുകളടച്ചപ്പോൾ, പ്രവീൺ സുജാതയുടെ ചെവിയിൽ ചുണ്ടു ചേർത്തു.

"നിന്റെ ഗന്ധം എനിക്കു പരിചിതമല്ലൊ.."

ആദ്യരാത്രിയുടെ അണിയലുകളില്ലാതെ മെലിഞ്ഞ കൈവിരലുകൾ അവന്റെ നെഞ്ചിലെ രോമസമൃദ്ധിയിലോടിച്ചുകൊണ്ട് അവളും പറഞ്ഞു: " എനിക്കും അതെ.."

അയാൾ പുഞ്ചിരിച്ചു. പിന്നെയൊരു തമാശയിലെന്ന പോലെ ഉറക്കെച്ചിരിച്ചു; അവളും. കുറെയേറെ ഇളം ചൂടുള്ള നോട്ടങ്ങൾ പങ്കു വച്ചു. അപ്പോഴാണു അവളുടെ മൊബൈൽ ശബ്ദിച്ചത്. റിംഗ് നിശ്ശബ്ദമാക്കി കുറെ നേരം അവൾ ഡിസ്പ്ലേയിലേക്കു തന്നെ നോക്കിക്കിടന്നു..

"ആരാണു സുജേ.." 

സുജയെന്ന വിളിയിൽ അവൾ സന്തോഷിച്ചു. അവനെ പതുക്കെ തള്ളിയകറ്റി അവൾ കിടക്കയിൽ ചാരിയിരുന്നു കൊണ്ടു കാൾ അറ്റെന്റു ചെയ്തു.

" ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു.." അങ്ങേത്തലക്കൽ ശബ്ദം വളരെ നേർത്തതായിരുന്നു.
"ഞാനും.."

"ഇനി കാണുമോ... "

"കുഞ്ഞുണ്ണി ഉറങ്ങിക്കൊള്ളൂ...."

പ്രവീണിന്റെ നെഞ്ചിലേക്ക് ചാരിക്കിടന്നു കൊണ്ട് അവൾ ഫോൺ സ്വിച്ച്  ഓഫ് ചെയ്തു.

"രമേശനാണ്... ഞാൻ അവനെ കുഞ്ഞുണ്ണിയെന്നാണു വിളിച്ചിരുന്നത്."

വിവാഹസമ്മാനങ്ങൾക്കിടയിൽ നിന്നും ഒരു പനിനീർപ്പൂവെടുത്തു അയാൾ അവൾക്കു സമ്മാനിച്ചു. ഒപ്പം ഒരു ആശംസാകാർഡും. അതിലെ വിറയാർന്ന അക്ഷരങ്ങൾ.

പ്രവീൺ എനിക്കു നിന്നെ മറക്കാനാവില്ലല്ലോ...

പ്രവീൺ ആ പൂവ് സുജാതയുടെ മുടിക്കെട്ടിൽ തിരുകി വച്ചു. പതുക്കെ മുടിയിഴകളെ വകഞ്ഞു മാറ്റി പിൻകഴുത്തിൽ ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു: "നിനക്കറിയുമോ സുജേ, ഞാൻ റീനയെ ഒരു പാട് ഇഷ്ടപ്പെട്ടിരുന്നു."

കഴിഞ്ഞ വർഷം, അതെ, ഒക്ടോബറിൽ ആണ് റീനയെ പരിചയപ്പെടുന്നത്. കപ്പൽ കൊച്ചിയിൽ നിന്നു യാത്ര പുറപ്പെടുന്നതിനു രണ്ടു ദിവസം മുമ്പാണ് കാർഗൊ സംബന്ധിച്ച ഡോക്കുമെന്റ്സുമായി മാത്യു ട്രേഡേഴ്സിന്റെ റെപ്രസെന്റേറ്റീവായി റീനയെത്തുന്നത്.

റീന, റീന തോമസ്.

ഡോക്കുമെന്റ്സ് പ്രിപ്പറേഷനും കപ്പൽ കാഴ്ചകളും കഴിഞ്ഞ് വൈറ്റിലയിലെ ഓഫീസിലേക്ക് അവളോടൊപ്പം യാത്രയ്ക്കു തയ്യാറെടുക്കെ കേബിനിലേക്കെത്തിയ കരൺ മുഖർജി കുണ്ഠിതപ്പെട്ടു. മലയാളം എനിക്കറിയാത്തത് നിന്റെ ഭാഗ്യം. വിടർന്നു വരുന്ന ഒരു മുല്ലമൊട്ടാണവൾ...

നഗരത്തിരക്കിൽ അനായാസം അവൾ കാർ ഡ്രൈവു ചെയ്യുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് മുഖത്തേക്കു വീഴുന്ന മുടി മാടിയൊതുക്കിക്കൊണ്ട് അവൾ കൊച്ചിയിലെ തിരക്കിനെക്കുറിച്ച് വാചാലയായി.

"റീന, നിന്നെപ്പോലെ തന്നെ നിന്റെ സംസാരത്തിനുമുണ്ട് ഒരു മനോഹാരിത."

അവൾ മനോഹരമായി ചിരിച്ചു.

"നിന്റെ ഈ ഡ്രൈവിങ്ങിനു കൂടിയുണ്ട് ആ മനോഹാരിത. ഒരു മേഘക്കീറുപോലെ മുകളിൽ തങ്ങി നിന്ന് താഴേക്കു നോക്കുമെൻകിൽ ഈ തിരക്കിലും ഒരു പക്ഷേ എനിക്കു നിന്റെ ഈ ഒഴുക്ക് തിരിച്ചറിയുവാനായേക്കും.."

"പ്രവീൺ കവിതയെഴുതാറുണ്ടോ..?"

"ഞാനോ, ഇല്ലല്ലൊ..!"

ആ തമാശയിൽ ഉറക്കെച്ചിരിച്ചു, അവളും. ഓഫീസിൽ നിന്നു തിരികെ അവൾ തന്നെ കപ്പലിലേക്ക് ഡ്രോപ്പു ചെയ്യാമെന്നേറ്റു.
മടങ്ങും വഴി, ഷോപ്പിങ്ങിനിടയിൽ കോഫി കുടിച്ചിരിക്കെ, അവൻ പതുക്കെ പറഞ്ഞു: "പെണ്ണേ നീയിന്നെന്റെ ഉറക്കം കെടുത്തും..."
അവൾ ചിരിച്ചു.

കുറച്ചു വസ്ത്രങ്ങൾ. സെയിലിങ്ങിന്റെ വിരസതയകറ്റാൻ കുറച്ച് പുസ്തങ്ങൾ. പുതിയ കുറെ മ്യൂസിക് ആൽബങ്ങൾ, ചില പഴയ മലയാള ചിത്രങ്ങളുടെ സിഡികൾ... അങ്ങനെ അവൾ കൂടി സഹായിച്ചു, സെലക്ഷനും കേബിനിലേക്ക് കൊണ്ടു വരുന്നതിനും. കേബിനിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഒരു ചുംബനത്തിനു സ്വാതന്ത്ര്യമെടുക്കാനാവും വിധം അവളുമായി അടുത്തിരുന്നു. നേരമിരുട്ടിത്തുടങ്ങിയെന്നു പറഞ്ഞു അവൾ വിട പറയുമ്പോൾ മുല്ലപ്പൂമണം വാക്കുകളിൽ നിറഞ്ഞു.

"പ്രവീ, ലവ് യൂ...."

പിന്നെയെത്ര തവണ കണ്ടു. കൊച്ചിയിൽ നിന്നു പോയ ശേഷവും എത്ര തവണ ഫോണിൽ ബന്ധപ്പെട്ടു. തിരികെ വീണ്ടും കൊച്ചിയിൽ എത്തിയപ്പോൾ ന്യൂ ഇയർ ഒന്നിച്ചാഘോഷിച്ചു... നക്ഷത്രക്കണ്ണുകൾ എത്ര ഉഷ്ണം പകർന്നു. ഇന്നിതാ അവളുടെ അക്ഷരങ്ങൾ- പ്രവീൺ എനിക്കു നിന്നെ മറക്കാനാവില്ലല്ലോ...

പനിനീർപ്പൂവ് സുജാതയുടെ തലയിൽ ഞെരിഞ്ഞു. വളക്കൈകളിൽ കൈകൾ ചേർത്ത് കണ്ണുകൾ ഇഴഞ്ഞപ്പോൾ അവളുടെ കൈത്തണ്ടയിൽ ഒരു കറുത്ത മഞ്ചാടിമണി.

തിണർത്തു നില്ക്കുന്ന മഞ്ചാടി.
കുഞ്ഞുണ്ണിക്കു മുമ്പിൽ മുഖം പൊത്തി അവൾ ഇരുന്നു.

" പെണ്ണേ, ഈ മഞ്ചാടി മണി മുളയ്ക്കും. മഞ്ചാടികൾ ഉതിർന്ന് പിന്നെയൊരു മഞ്ചാടി തോട്ടം. അതിന്റെ തണൽച്ചായ് വുകളിൽ ഓടക്കുഴലുമായി ഞാനും ആയർപ്പെണ്ണായി നീയും ഉണ്ടാകും..."

വളരെ ചെറുപ്പത്തിലെ തുടങ്ങിയതാണ് മഞ്ചാടി മണികളോടുള്ള ഇഷ്ടം. സ്ഫടികക്കുപ്പികളിലാക്കി അവ നിറച്ചു വക്കും. കുഞ്ഞുണ്ണിയാണ് അവ ശേഖരിച്ചു തരാറുള്ളത്. ഒരിക്കൽ നല്ല സ്വപ്നങ്ങൾ കാണാനുള്ള വിദ്യ കുഞ്ഞുണ്ണി പറഞ്ഞു തന്നു. കുറെനേരം മഞ്ചാടി തറയിലിട്ടുരസുക. എന്നിട്ടത് കൈത്തണ്ടയിൽ വച്ച് കണ്ണടച്ചിരിക്കുക. രാത്രിയിൽ ആരും കാണാതെ പരീക്ഷിച്ചു നോക്കി... കൈത്തണ്ട പൊള്ളുന്നതു പോലെ. വെളിച്ചത്തുപോയി നോക്കിയപ്പോൾ ഒരു മഞ്ചാടിയുടെ വലുപ്പത്തിൽ ചുവന്നു തുടുത്ത അടയാളം. രണ്ടു ദിവസം കുഞ്ഞുണ്ണിയോടു പരിഭവിച്ചു നടന്നു. കൈത്തണ്ടയിലാകട്ടെ മഞ്ചാടി കറുത്തു തുടങ്ങി. കറുത്ത മഞ്ചാടി മായാതെ അങ്ങനെ കിടന്നു.

മഞ്ചാടികളുണ്ടാകുന്ന കഥ ഒരിക്കൽ കുഞ്ഞുണ്ണി പറഞ്ഞു തന്നു. കൊക്കുരുമ്മിയുരുമ്മി അസ്തമയസൂര്യന്റെ വർണ്ണം ചാലിക്കുന്ന ഇണക്കിളികൾ. ഇണപിരിയുമ്പോൾ കണ്ണു കലങ്ങി മനസ്സു കലങ്ങി കാത്തിരിക്കുന്ന വേഴാമ്പലുകൾ. തീ ചൂടുന്ന മിഴിനീർത്തുള്ളികൾ  താഴെ വീഴുമ്പോൾ തണുത്തുറഞ്ഞ തീക്കട്ടകളാകുന്നു..

"പെണ്ണേ, നിന്റെ കൈത്തണ്ടയ്ക്കറിയാം മഞ്ചാടിയുടെ ഉൾച്ചൂട്..."

അവൻ കൈയിലിരുന്ന മഞ്ചാടിമണികൾ അവളുടെ തലയിൽ ചൊരിഞ്ഞു. അവ താഴേക്കുരുണ്ട വഴികളൊക്കെ ആ തീച്ചൂടറിയിച്ചു. സ്ഫടികപാത്രങ്ങൾ പണ്ടേപ്പോലെ നിറയുന്നില്ലെന്നറിഞ്ഞു അവളുടെ മനസ്സു കലങ്ങി...

മഞ്ചാടിമരത്തിനും സ്ഫടികപാത്രത്തിനുമിടയിൽ ഒരു വേലി വളർന്നതവളറിഞ്ഞു. അവളുടെ പാവാടത്തുമ്പിൽ നിന്നും മഞ്ചാടി ഇറ്റിയ നാളുകളിലൊന്നിൽ അമ്മ കുഞ്ഞുണ്ണിയെ ശാസിച്ചിരുന്നു.

" മഞ്ചാടി പെറുക്കി കളിക്കേണ്ട പ്രായമല്ല അവളുടേത്... എന്തെൻകിലും ആവശ്യമുണ്ടെൻകിൽ മാത്രം രമേശനിവിടെ വരാം..."

വിവാഹത്തലേന്നു ആരും കാണാതെ അവളുടെ കൈത്തണ്ടയിൽ അവൻ അമർത്തിത്തിരുമ്മി.

"സുജേ, ഈ കറുപ്പു മായുന്നില്ലല്ലോ.."

"നല്ല സ്വപ്നങ്ങൾ തന്ന മഞ്ചാടി... മനസ്സ് ഇപ്പോഴും കുറെ വർഷങ്ങൾ പിറകിൽ തന്നെ.." തമാശയായി അവൾ പറഞ്ഞു.

" ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു.."
ശബ്ദം വളരെ നേർത്ത് ഇരുളിൽ മുങ്ങിപ്പോയിരുന്നു.

സുജാതയുടെ കൈത്തണ്ടയിലെ മഞ്ചാടിമണിയിൽ പ്രവീൺ ചുണ്ടു ചേർത്തു. അവൾ മന്ത്രിച്ചു,  "നിന്റെ ഗന്ധം എനിക്കു പരിചിതമല്ലൊ.."

മെല്ലെയൊരൊഴുക്കായി അവൻ നക്ഷത്രകണ്ണുകളിൽ നോക്കി. " എനിക്കും അതെ.."


OO അജിത് കെ.സി
"Love is only a dirty trick played on us to achieve continuation of the species."
W. Somerset Maugham




7 Mar 2012

മഴപ്പാറ്റകൾ

മൃത്യുഞ്ജയൻ പറഞ്ഞു കൊടുത്ത കഥകളിലെല്ലാം നഗ്നദേവതയെ പൂജിച്ച കാരണവന്മാരുടെ അൽപ്പായുസ്സായ പുനർ ജന്മങ്ങളായിരുന്നു മഴപ്പാറ്റകൾ. നേർത്ത വെള്ളിച്ചിറകുകളിൽ മൗനമന്ത്രങ്ങൾക്കൊപ്പമുള്ള മധുരസംഗീതവുമായി ക്ലാവു പിടിക്കാത്ത ലോഹവിഗ്രഹത്തിനു മുന്നിൽ വിറയാർന്നു കത്തുന്ന വിളക്കിൻ തലപ്പിലേക്ക് ഇരുണ്ടയാമങ്ങളിൽ ആ തലമുറഭേദങ്ങൾ എത്തുന്നത് വസുന്ധരയും അറിഞ്ഞു. മന്ത്രധ്വനികളുടെ പ്രകമ്പനങ്ങൾക്കിപ്പുറം നഗ്നദേവത കാർകൂന്തൽ വിടർത്തി വിളക്കിൻ തലപ്പിലേക്ക് പെയ്തിറങ്ങി. മഴപ്പാറ്റകൾ നഗ്നദേവതയുടെ സ്പർശമാന്ത്രികം അറിഞ്ഞു. 

മൃത്യുഞ്ജയൻ ജനാലകൾതഴുതിട്ടു. തറവാട്ടു പൂമുഖത്ത് ചില്ലിട്ടു സൂക്ഷിച്ച ഛായാചിത്രങ്ങളെപ്പോലെ ജനാലയിൽ മഴത്തുള്ളികളോടൊപ്പം മഴപ്പാറ്റകളും ഒട്ടിനിന്നു. വരണ്ട മണ്ണിൽ പതിക്കുന്ന മഴയുടെ കർക്കശ്ശ ശബ്ദം. ജനാലയിൽ വിട്ടുപോകാൻ ശ്രമിക്കുന്ന മഴപ്പാറ്റകളുടെ ഒട്ടി നിൽക്കുന്ന വെള്ളിത്തൂവലുകൾ...

വായിച്ചു കമഴ്ത്തിയ പുസ്തകത്തിന്റെ മുകളിൽ മുറിക്കകത്തു കുടുങ്ങിയ മഴപ്പാറ്റകളിലൊന്നു വിശ്രമിക്കുന്നു. നനഞ്ഞ വെള്ളിച്ചിറകുകളിൽ മെല്ലെ വിടരുന്ന മഴവില്ലിൻ വർണ്ണങ്ങൾ.

മൃത്യുഞ്ജയന്റെ നെറ്റിത്തടത്തിൽ പനി പൊള്ളുന്നത് വസുന്ധര അറിഞ്ഞു.

"മഴപ്പേടി ഇനിയും മാറിയില്ലെന്നുണ്ടോ?"

മഴക്കഥകൾ കൈമാറിത്തീർത്ത വർണ്ണപ്പെരുമകൾക്കൊടുവിൽ മഴപ്പേടി മാറുമെന്നോ!

"ഇല്ല വസുന്ധരേ, മഴയെപ്പോലെ ഈ പേടിയും തലമുറകളിലേക്കാണു പെയ്യുന്നത്. ദുർമന്ത്രവാദികളെ പേടിക്കേണ്ടിയിരിക്കുന്നു; അല്പായുസ്സായ ഈ ജന്മഭേദങ്ങളിലും."

അക്ഷരമുരച്ച പനയോലക്കീറുകളിൽ കരിതേച്ചു തെളിക്കവേ മുത്തശ്ശി ചുരുൾ നീർത്ത കഥകൾക്കൊപ്പം കാർമ്മുകിൽ കൊണ്ടതാണ് മഴപ്പേടി. തുള്ളി മുറിയാത്ത പേമാരിയിൽ അക്കാലം മേൽക്കൂരയുടെ ദൗർബല്യമേറി. കൽത്തൂണുകൾ വിറകൊണ്ടു. പൈതൃകസുകൃതങ്ങൾ മണ്ണടിഞ്ഞു തുടങ്ങിയെന്ന് മുത്തശ്ശി വിലപിച്ചു. പുത്ര വധുക്കളെ അവർ മനമുരുകി പ്രാകി. പുത്ര വധുക്കളുടെ കൺകോണിലാകട്ടെ ദു:ഖം ഇടമുറിയാത്തതായി. നിത്യവും അവർ തൂക്കുമഞ്ചങ്ങൾ അലങ്കരിച്ചു. കുങ്കുമം തൊട്ടു. വാസനത്തൈലം തേച്ച മുടിയിഴകളിൽ പിച്ചകപ്പൂക്കൾ ചൂടി. അഥർവ്വങ്ങളിൽ അവരുടെ പുരുഷന്മാർ രാത്രി പെരുപ്പിക്കെ അറപ്പുരകൾക്കിപ്പുറം നനുത്ത വസ്ത്രങ്ങളിൽ ബാഷ്പം നിറഞ്ഞു.  പ്രണയഗന്ധമഴിഞ്ഞ മുടിക്കെട്ടുകളിൽ നാഗകന്യകൾ കുടിയേറി. ഉൾദേഹങ്ങളിൽ മുൾച്ചെടികൾ മുളച്ചു. മുൾച്ചെടികൾ മഴയെ മുറിച്ചു നിന്നു.

ദുർദേവതകളിൽ നിന്നകന്ന് ഒരാൾ മാത്രം പണിയാളർക്കൊപ്പം നടന്നു. ഏറെ വായിച്ചും പണിയാളരെ പഠിപ്പിച്ചും അറപ്പുരകളിൽ നിന്നകന്നു കഴിഞ്ഞു. ഒരു നാൾ അവനൊപ്പം തറവാട്ടിൽ ഒരു പണിയാളർപ്പെണ്ണെത്തി. അവളുടെ പിച്ചകപ്പൂ മണക്കാത്ത മുടിയിഴകളിൽ വൃദ്ധവിരലുകൾ വാത്സല്യം തലോടി. അവൾ അവളുടെ ദേവന് നെൽ വയലുകളിൽ കൂട്ടായി. മുങ്ങിക്കുളിച്ചാലും വിയർപ്പു ചോരാത്ത ദേവന് പൊതിച്ചോറുമായി അവൾ പാടങ്ങളിലേക്കെത്തി. കാറ്റത്തൊഴുകുന്ന നെല്ലോലപ്പരപ്പിന്റെ യൗവ്വനപൂർണ്ണത അയാൾ അവൾക്കു കാട്ടിക്കൊടുത്തു.  നീർച്ചാലുകളിൽ നിലാവു വീഴെ പണിയാളരുടെ കാവൽ മാടങ്ങൾക്കകലെ അവർ മഞ്ചമൊരുക്കി. കിനാവും കുളിരും പകുത്തു. പ്രണയോന്മാദത്തിൽ വിയർപ്പണിഞ്ഞു. വയ്ക്കോലുരഞ്ഞ് അവളുടെ തുടകളിൽ ചോര പൊടിഞ്ഞു. പുലർച്ചെ മഞ്ഞു കണങ്ങളുമായി അവൾ മടങ്ങിയപ്പോൾ രാപ്പാട്ടുകളുടെ സ്മൃതിസുഖത്തിൽ അയാൾ മഹാകാവ്യമെഴുതി.


പകൽ നേരം ഒരു ചുവന്ന തുണി വൈക്കോൽ മഞ്ചത്തിന്റെ മേൽക്കൂരയിൽ തലയുയർത്തി. അതിനു കീഴെ പണിയാളർ കഞ്ഞി പകുത്തു കുടിച്ചു.തോളോടു തോൾ ചേർന്നു നിന്നു.  അവർ ആവേശത്തോടെ മുഷ്ടികൾ ഉയർത്തിപ്പിടിച്ചു.


കളകൾ പിഴുതെറിയുന്ന പണിയാളർ. കളകളില്ലാത്ത പാടം. അവർ പാടി നടന്നു. 

മൃത്യുഞ്ജയൻ ജനിച്ചതിൽപ്പിന്നെയാണ് മഴക്കാറുകൾ പെരുകിയത്. തിമർത്തു പെയ്യുന്ന മഴയ്ക്ക് അതിരുകളുണ്ടായിരുന്നില്ല. മൃത്യുഞ്ജയനു മുന്നിൽ മഴയ്ക്കു മുന്നേ മഴപ്പാറ്റകൾ ആകാശത്തേക്ക് പെയ്തു.  പുകഞ്ഞുയർന്ന വെള്ളിച്ചിറകുകൾ കാഴ്ച മറച്ചു. തൂക്കുമഞ്ചങ്ങളിലും അറപ്പുരകളിലും കാവൽ മാടങ്ങളിലും മഴത്തുള്ളികൾ പതിച്ചു.  പാടവരമ്പുകളെ അവ തകർത്തു. മുറിച്ചു വച്ചിരുന്ന നെൽപ്പുരകളെ ഒന്നാകെ വിഴുങ്ങി. കാവൽ മാടങ്ങളും വൈക്കോൽ മഞ്ചവും കടപുഴകിയപ്പോൾ അറപ്പുരയിൽ അട്ടഹാസങ്ങളുയർന്നു. ദുർദേവതയുടെ വരുതിയിലായിരിക്കുന്നു മഴവെള്ളപ്പാച്ചിലുകൾ.

വൈക്കോൽ മഞ്ചത്തിനരികെ ചിറകറ്റ മഴപ്പാറ്റയെപ്പോലെ മൃത്യുഞ്ജയൻ അച്ഛനെക്കണ്ടു. ചെന്നിറമാർന്ന തുണിക്കഷ്ണം മുളങ്കമ്പിലുടക്കി അരികെ കിടന്നിരുന്നു. അകത്തളങ്ങളിൽ കുപ്പിവളകളുടഞ്ഞു.  കുതിർന്നൊലിച്ച സിന്ദൂരം വെളുത്ത ചേലാഞ്ചലത്തിൽ ചോരപ്പാടുകളായി.  തൂണു ചാരിയിരുന്ന് വിധവ വിലപിച്ചു. വിലാപങ്ങൾക്കകലെ ഉരുളച്ചോറില്ലാതെ ബലിക്കല്ലുകൾ അനാഥമായിക്കിടന്നു. അവളുടെ ദേവന്റെ വിയർപ്പു മണക്കുന്ന വിശപ്പറിഞ്ഞ് നെഞ്ചകത്ത് ചിത വീണ്ടുമെരിഞ്ഞു.  മൃത്യുഞ്ജയനറിയാതെ വൃദ്ധയറിയാതെ തറവാട്ടു കുളത്തിൽ മുങ്ങിക്കിടന്ന് നെഞ്ചകത്തെ ചിത അവൾ കെടുത്തി.  മുതിർന്നപ്പോൾ മുങ്ങിക്കുളിക്കുമ്പോഴൊക്കെ ഉൾത്തട്ടിലെ വെള്ളത്തിനു ചൂടേറെയുണ്ടെന്ന് മൃത്യുഞ്ജയനു തോന്നി.


പുസ്തകക്കെട്ടുമായി നഗരത്തിരക്കിലേക്കെത്തിയിട്ടും മഴപ്പേടി നിറഞ്ഞു നിന്നു. മൃത്യുഞ്ജയന്റെ മഴക്കഥകൾ കേൾക്കുവാൻ വസുന്ധരയെത്തി. അവൻ അവൾക്കായി കഥകൾ കരുതി വച്ചു. കുറെയേറെക്കഥകൾ അവളും പറഞ്ഞു. കുട്ടിക്കാലത്ത് ചോർന്നൊലിക്കുന്ന കുടിലിൽ അമ്മയെ കെട്ടിപ്പിടിച്ചിരിക്കുമ്പോൾ ചോർന്നു വീണ കൊച്ചു കൊച്ചു കഥകൾ.


കുടിലിനകത്തെ കൊച്ചുമഴ. പുറത്തു പെയ്യുന്ന വലിയ മഴ.  വാരിയിൽ നിന്നു പതിക്കുന്ന മഴത്തുള്ളികൾ മണ്ണിൽ കുഴിയാനക്കുഴികളുണ്ടാക്കി. ചോർച്ചവെള്ളത്തിന് മൺകലങ്ങൾ തികയാതെ വന്നു. മഴക്കാറുകൾ ഇരുളേറ്റിയെത്തുമ്പോൾ അമ്മയുടെ നെഞ്ചകം വിങ്ങുവാൻ തുടങ്ങും.


"കണ്ണീർ വീണ് ചാണകം മെഴുകിയ തറയിളകുമോയെന്നു ഭയന്ന് ഞങ്ങൾ കരയുകപോലുമില്ല. ഒന്നു പൊട്ടിക്കരയുവാനെങ്കിലു മാകണേയെന്ന് പ്രാർത്ഥിച്ചിട്ടുണ്ട്..."


മഴയ്ക്കുള്ളിൽ പെയ്യുന്നത് തീയാണ്!


കിടയ്ക്കയിൽ ആദ്യമായി ഒപ്പമിരിക്കുമ്പോൾ അറപ്പുരയിലെ ലോഹവിഗ്രഹത്തിന്റെ ക്ലാവു പിടിക്കാത്ത തിളക്കം വസുന്ധരയുടെ കണ്ണുകൾക്കുണ്ടെന്ന് മൃത്യുഞ്ജയന് തോന്നി. നെറ്റിത്തടങ്ങളിൽ ചുണ്ടുചേർക്കവേ മുടിപ്പിന്നൽ കെട്ടഴിഞ്ഞ് ചുമലിലേക്ക് വീണു. വെള്ളിനൂലുകൾ പോലെ പെയ്തിരുന്ന മഴ ആസുരമായി.  വെളിയടയിട്ട ജനാലയ്ക്കപ്പുറം വെള്ളിച്ചിറകുകൾ കുഴഞ്ഞു.  അവയുടെ നിസ്സഹായത തലമുറകളിലേക്കൊഴുകവേ വക്കുകളില്ലാത്ത നിഴൽ വീഴ്ത്തി മുറിക്കുള്ളിൽ കുടുങ്ങിയ മഴപ്പാറ്റ പറന്നകന്നു. 
 
 OO  അജിത് കെ.സി
( 2004 ഒക്ടോബർ, നാരായം മാസിക)


 
Mazhappattakal - The Rain Flies. These flying termites usually invades through windows and doors as a frantic swarm during rainy nights towards the light to dry themselves from the moisture


6 Mar 2012

ഓഹരി

പ്ലാസ്റ്റിക് ചുംബനങ്ങളേറ്റ് വളർന്ന മകൻ നഗരത്തിൽ പുതുതായി പണിത പഞ്ചനക്ഷത്രവൃദ്ധസദനത്തിന്റെ കാര്യസ്ഥനാക്കിയത് വൃദ്ധപിതാവിനെ. ദയാവധത്തിനു ചീട്ടുകുറിച്ച മറ്റു വൃദ്ധമാതാപിതാക്കൾക്കൊപ്പം കാരുണ്യ ജീവിതത്തിന്റെ ആദ്യനാളുകളിൽ ഹൗസ് ഫുൾ ബോർഡിനു കീഴെ ചടഞ്ഞിരിക്കുമ്പോഴും മകനെക്കുറിച്ച് അയാൾക്ക് അഭിമാനം തോന്നി. തൊട്ടടുത്ത് മുൻകൂർ ഡൊണേഷനിൽ ഇതിലും വലിയ ഒരു മാളിക ഉയരുന്നുണ്ട്. മകൻ ഇനി അതിന്റെ മേൽനോട്ടം അവൾക്ക് കൊടുത്തേക്കും... താമസിയാതെ ഈ നഗരത്തിലെ പേരക്കുട്ടികളെല്ലാം അങ്ങോട്ട് ചേക്കേറും! 
 
OO  അജിത് കെ.സി
 
 
I think, the child care centers are the pupa of the old age homes.
  Love parents as well as your kids