12 Mar 2012

കഥയുടെ ലവണതീരങ്ങൾ

കഥയുടെ ലവണിത ചിട്ടവട്ടങ്ങളെ നിരാകരിച്ചുകൊണ്ട് എഴുത്തിന്റെ പുതു വഴിയിൽ ഒരു താരം ഉദിക്കുന്നുണ്ട്. ലവണാകരം നീന്തിയ രാവിന്റെ കയ്പ്പാർന്ന അനുഭവങ്ങളിൽ സ്ഫുടമാർന്ന വാക്കുകൾ കൊണ്ട് ഒരു പകൽപ്പൂരം തീർത്ത് ലവണത്തിന്റെ നാനാർത്ഥങ്ങളെ ഈ കഥാകൃത്ത് വരികളിൽ ഉൾച്ചേർക്കുന്നു, അഴകും ഉപ്പും നീറ്റലുമായി. നിധീഷ് ജി യുടെ ലവണതീരം ബ്ലോഗിൽ കണ്ട നാലു കഥകളാണ് എന്നെ വായനയിൽ വിസ്മയിപ്പിച്ചത്.

വവ്വാക്കാവ് എന്ന ദശാസന്ധി എന്ന അനുഭവ കഥ കാവൽ കൈരളി മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ട രചനയാണ്. ചതഞ്ഞ ബുക്കും ചോന്ന മുത്തുമാലയും ചേർത്ത ലവണ ഭൂയിഷ്ഠമായ കഥയിൽ കാക്കകളുടെ കടലിരമ്പങ്ങൾക്കുമപ്പുറം നീറ്റുന്ന ഉപ്പായി, ചോരവാർന്ന ശരീരത്തിലെ തുറിക്കുന്ന കണ്ണുകളും നേർത്ത വാവൽച്ചിറകുകളായി പറന്നകലുന്ന പകൽക്കാഴ്ചയും വായനയ്ക്കു ശേഷം പറയുന്നത് ഭാഷയുടെ നേരിമയും ഒഴുക്കും ദിശാബോധവുമാണ്. കഥയുടെ അവസാനവരികളിൽ ഒരു ചലിക്കുന്ന ക്യാമറ പോലെ, നിശ്ചലമായ ശരീരത്തിൽ നിന്നും ആ പെൺകുട്ടിയെ തിരയുന്ന കണ്ണുകളിലേക്കും ഉള്ളം കൈയ്യിലെ ചോന്ന മുത്തുമാലയിലേക്കും വാകമരങ്ങളിലെ കാക്കകളിലേക്കും മാറി മാറി ഫോക്കസ്സു ചെയ്യുന്ന കാഴ്ച ഒരു കഥയെഴുത്തിന്റെ സംവിധാനമികവു തന്നെ. വവ്വാൽ ചിറകു വിടർത്തി പറന്നുപോകുമ്പോൾ അപകടത്തിൽ പെട്ടവന്റെ ദേഹത്തെ വെടിഞ്ഞു ഒപ്പം പറക്കുന്ന ഭാവനയുടെ ദശാസന്ധി. 

മാതൃനാട്‌ മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ട കാവലാൾ എന്ന കഥയും ജീവിതവും ഭാവനയും ഇഴപിരിക്കാനാവാത്ത മറ്റൊരു ലവണമാണ്. ജീവനും മരണവും ഒരേ പോലെ ധ്യാനത്തിലിരിക്കുന്ന, എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന ഒരു ഷെൽ - അതാണു ഓരോ ജന്മവും. സ്നേഹത്തിനും സഹിഷ്ണുതയ്ക്കും ശേഷമാണു നിയമത്തിനു സാധൂകരണം. എന്നാൽ നിയമപാലകർ ഇന്നു അധികാരവർഗ്ഗത്തിന്റെ ആയുധമായും "നഗരക്കുരുക്കുകളിലും പാറാവുസ്ഥലങ്ങളിലും സമരമുഖങ്ങളിലുമെല്ലാം ചിതറിക്കിടന്നും അനുധാവനം ചെയ്തും" സമൂഹത്തിനു കല്ലെറിയാനുള്ള പ്രതിരൂപങ്ങളായും രൂപാന്തരപ്പെട്ടിരിക്കുന്നു. സാമൂഹികനീതിപോലും നിഷേധിക്കപ്പെട്ട്, സ്വകുടുംബ സന്തോഷങ്ങളെ അടിയറവെച്ചു് കടുത്ത മാനസിക വ്യഥകളിൽ ആത്മധൈര്യം നഷ്ടപ്പെട്ട കാവലാളുകളുടെ ഒരു ലേ-ഔട്ട് കഥയുടെ ബാരിക്കേഡിനു പിന്നിൽ. ഫണനാഗങ്ങൾ കാവലാളുകളായിരുന്ന ഒരു കാലഘട്ടത്തിന്റെ പിൻഗാമി അഭയം തേടി, തന്റെ നിധി നിയമപാലകനെ ഏൽപ്പിച്ചു പിന്മടങ്ങുന്ന ഒരു കാഴ്ച. അതിനപ്പുറം, ഓരോ ജീവനും തന്റെ സാന്നിദ്ധ്യം അടയാളപ്പെടുത്തുന്നത് സൃഷ്ടിയുടെ സുവർണ്ണ മുഹൂർത്തങ്ങളിലാണെന്ന ബോധം. അതാണു കഥാകാരനു കഥയിൽ കണ്ടു കിട്ടുന്നതും വായനക്കാരനു കഥയിലൂടെ കരഗതമാകുന്നതും.

പുകമഞ്ഞു പോലെയെന്ന കഥ പുനർവായന ആവശ്യപ്പെടുന്ന ഒരു കഥയാണ്. യാന്ത്രികതയുടെ ചുരം കയറാത്ത കഥയുടെ നേർവഴിയിലൂടെ 'ശ്രദ്ധാലു'വായ കഥാകാരനൊപ്പം യാത്ര ചെയ്യുമ്പോൾ കാണപ്പെടുന്ന ജനാലക്കാഴ്ചകൾ. ഒരു നാടോടിയുടെ കിളിയെപ്പോലെ വർണ്ണച്ചീട്ടുകളെടുത്ത്, ഉചിതമായ 'ട്രാൻസിഷൻ' നൽകി ജീവിതവുമായി ബന്ധിപ്പിക്കുന്ന ചാരുത. പല ഫ്രെയ്മുകളിൽ മാറി മാറി യാത്ര ചെയ്യുമ്പോഴും വഴിവളവുകളിലെ മഞ്ഞു തുളച്ചുകൊണ്ടു ഓർക്കപ്പുറത്തു മുരണ്ടു വരുന്ന, അധിനിവേശത്തിനാവാതെ തളർന്ന ലോറികളും അധിനിവേശത്തിൽ തളർന്നുപോയ പ്രകാശവും. ജീവിത സഹയാത്രികൾ മിത്തുകളായിമാറുന്നതു കഥാന്ത്യം. ഫോഗുലാമ്പുകൾ തെളിയിച്ചു തന്നെ യാത്ര ചെയ്തില്ലെങ്കിൽ പുക മഞ്ഞു മൂടിയ വഴിയിൽ ഒറ്റ നോട്ടത്തിൽ നഷ്ടപ്പെട്ടേക്കാവുന്ന കുറെ കാഴ്ചകളുണ്ട്  ഈ കഥയിൽ!

വാരാദ്യമാധ്യമത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട കഥയാണ് ഹൈഡ്ര. ഇതിഹാസങ്ങളും ചരിത്രവും ദിവാസ്വപ്നങ്ങളും കഥയിൽ പരസ്പരം കലഹിച്ച്, സൂക്ഷ്മ ദർശനത്തിന്റെ ഒടഞ്ചിയിൽ കോരിയെടുത്ത കഥാതന്തുവിനെ സ്ഫടിക സമാനം വരിപാഥേയമായി കരുതുകയും ജിജ്ഞാസയുടെ നീർക്കുമിളയിൽ ഊതിവീർപ്പിച്ചു് ക്ഷണികം അനുവാചക ഹൃദയത്തിൽ "നൊടിനേരത്തില്‍ തവിടുപൊടിയാ" കുന്ന നഷ്ടബോധം നിറച്ച് പിൻവായനക്കു പ്രേരിപ്പിക്കുന്ന ആഖ്യാനചാരുതയ്ക്കും ഇല്ലാ കവചങ്ങൾ നൽകി മനസ്സിനെ പടയ്ക്കിറക്കുന്ന "റോയല്‍ സ്ടാഗി' ന്റെ അദൃശ്യ പരിഹാസത്തിനും അതിന്റെ വർത്തമാന ബന്ധത്തിനും പ്രസക്തിയും പുതുമയുമുണ്ട്. കഥാകാരനൊപ്പം യാത്രമാത്രം ലക്ഷ്യമാക്കാത്ത പരിചിതരും അപരിചിതരുമായ ഒട്ടേറെപ്പേരും കഥയുടെ റെയില്‍വേ 'പ്ലാറ്റ് ഫൊർമി'ൽ ഉണ്ട്. സുഖദമായ ഭാഷയുടെ ഈര്‍ക്കിലടയാളങ്ങളാൽ കഥയുടെ മുറ്റം വൃത്തിയുള്ളതാണു്. 

ഒന്നൊന്നിനെ ഭാഷയിലും വിഷയത്തിലും രീതിയിലും നിരാകരിക്കുന്ന വ്യത്യസ്തമായ രചനകൾ. നാളെ, മലയാള കഥാസാഹിത്യത്തിൽ, ജീവിതത്തിന്റെയും ഭാഷയുടെയും നേരുപ്പായി ഉണ്ടാകുമെന്ന് പ്രത്യാശ നൽകുന്നുണ്ട് ഈ യുവാവിന്റെ കഥകൾ; അനുഭവത്തിന്റെ ആഴക്കടലിൽ നിന്നു തീരത്തേക്ക് വന്നലയ്ക്കുന്ന തിരകളെ വരിബന്ധങ്ങളുടെ ഉപ്പളങ്ങളിൽ നിറയ്ക്കുവാൻ കഴിയുമെന്നും. 

spcs
sayoora books

10 comments:

 1. എഴുത്തിന്റെ പുതിയ ദീര്‍ഘ ദൂര ഓട്ടക്കാരില്‍ ഒരാള്‍.കഥ പുതിയ തീരങ്ങളില്‍ പുതിയ ചിത്രങ്ങള്‍ വരക്കുന്നത് ആഹ്ലാദം പകരുന്നു ,വായനക്കാരന്റെ മനസ്സ്‌ വായിച്ച ,എഴുത്തിന്റെ വേവുപാകം അറിയുന്ന അജിത്തിനും അഭിനന്ദനങ്ങള്‍ ...

  ReplyDelete
 2. അജിത്‌... താൾക്കാഴ്ചകളുടെ മാപിനി ഇനി ലവണതീരത്തു നിന്നെടുത്തു കളയാം. എന്തിനാണ്‌ ഇനി കാഴ്ചക്കാരുടെ കണക്ക്‌ ? കഥാസാഗരത്തിന്റെ തീരത്തു ആശങ്കകളോടെ മാത്രം നിൽക്കുന്ന എനിക്ക്‌ കടലാഴങ്ങളിൽ നിന്ന് കൊണ്ടുവന്നു തന്ന ഈ ശംഖ്‌ മാത്രം മതി. എന്നും തുടച്ചു മിനുക്കി തിളക്കമുള്ളതായി സൂക്ഷിക്കും. വല്ലാതെ നിറഞ്ഞു,കണ്ണും മനസ്സും...

  ReplyDelete
 3. ഇവിടെയെല്ലാം സാഹിത്യഭാഷയുടെ അതിപ്രസരമാണല്ലോ. കരേല് നിന്ന് ഇത്തിരി കോരിക്കുടിച്ചിട്ട് സ്ഥലം വിട്ടേക്കാം.

  ReplyDelete
 4. റിവ്യു മനസ്സ് നിറക്കുന്ന രീതിയില്‍ പറയാന്‍ കഴിവുണ്ട്.. പുസ്തകങ്ങളെ പരിചയപ്പെടുത്തുവാന്‍ ഒന്ന് ശ്രമിച്ചു കൂടെ.. നിധീഷ്‌ജിയുടെ കഥകളിലൂടൊന്ന് സഞ്ചരിക്കട്ടെ..

  ReplyDelete
 5. ഞാന്‍ മഴപ്പാറ്റകള്‍ വായിക്കാന്‍ ആണ് കയറിയത്.. എത്തിയതോ ഈ ലവണാശ യത്ത്തിലും ..നല്ല വായനയെ സ്നേഹിക്കുന്നവര്‍ ഇങ്ങു അന്വേഷിച്ച്ചെത്തും..ഉറപ്പ്!

  ReplyDelete
 6. ‎"ലവണതീരം"

  ഈ എഴുത്തുകാരന്‍ ശ്രദ്ധിക്കപ്പെടെണ്ടത് തന്നെ... മികച്ച അവതരണവും അസാമാന്യകൈയ്യടക്കവും നിതീഷിനുണ്ട്....

  മികച്ച ബ്ലോഗ്‌ അവലോകനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു കൂട്ടുകാരാ...
  നല്ല സംരംഭത്തിന് അനുമോദനങ്ങള്‍ .....

  ReplyDelete
 7. ലവണ തീരത്തിലേയ്ക്ക് കാലെടുത്തു വയ്ക്കും മുന്നെ സ്നേഹിതനു നന്ദി അറിയിയ്ക്കുന്നു...!
  ആശംസകൾ ട്ടൊ..!

  ReplyDelete
 8. മനോഹരമായ റിവ്യൂ നന്നായിരിക്കുന്നു ഇനി ലവണ തീരത്തേക്ക് യാത്ര ആവാം അല്ലെ

  ReplyDelete
 9. ലവണതീരം മുഴുവന്‍ അലഞ്ഞതിനു ശേഷമാണിവിടെ വന്നത്.. ഈ റിവ്യൂ ഇഷ്ടപ്പെട്ടു.

  ReplyDelete
 10. കഥക്കൊത്ത റിവ്യു

  ReplyDelete