6 Mar 2012

തിരികെ യാത്രIllustration - Krishna Deepak
 

തിരികെ ഞാനെത്തുന്നു യാത്ര തന്നന്ത്യത്തിൽ
നരവീണ കനവുമായി കുടിലിലേക്ക്,

നിറമാർന്ന സന്ധ്യയിൽ ശാരികപ്പാട്ടിന്

ചെകിടോർത്ത് സ്മൃതിയിൽ കുളിരുമായി


തിരിനീട്ടിയുമ്മറക്കോലായിൽ മണിദീപം

ചിരി തൂകി പഥികന്നു കൂട്ടിരുന്നു

തിമിരം പിറക്കുമെൻ കാഴ്ചയ്ക്കു കൂട്ടായി

തൊടിയിലൊരു മല്ലികപ്പൂ വിരിഞ്ഞു


ഒരു കുഞ്ഞുകാറ്റിന്റെ കൈയ്യിലേറി

നറുമലർ സൗരഭ്യമെത്തിയപ്പോൾ

വരുകയായി
കതിരിട്ട പാടവരമ്പത്ത്
കനവിലെത്തോഴി നീ തിരികെ വീണ്ടും


അറിയാതെ കാറ്റൊന്നു ചുംബനമേകിയാ-

ലലചൂടുമാമ്പൽത്തടാകമായി

തരളിത മാനസ മോഹനിറവിൻ

പുളകത്തിൽ വയലേല തലകുനിക്കെ


ഇരുവഴി പിന്നിയ വാർമുടിത്തുമ്പോളം

നിരയായി മല്ലികപ്പൂ വിരിഞ്ഞു

നിറകതിർ ചൂടിയ വയലിന്നരികി-

ലായർപ്പെണ്ണാൾ ചിരിച്ചു നിന്നു


അതിരിലെ കൈതപ്പടർപ്പിന്നു മേലേ-

യൊളി പാർത്തു ചില നേരമാ വദനം

തളിരിട്ട കനവിന്നു മിഴിയിളക്കം

കുളിരിട്ട് മുന്നിൽ നിൻ കവിൾച്ചുവപ്പ്


ആശ്രമ മുറ്റത്തെ തേന്മാവിങ്കൊമ്പി-

ലരുമയാം പൂവൊന്നുണർന്ന പോലെ

വിടർ മന്ദഹാസത്തിടമ്പു നീയെ-

ന്നകതാരിലറിയാതെ കുടിയിരുന്നു


കരിമേഘമടവിയായി മൂടി നിൽക്കെ

ഒരു വെള്ളിമേഘമായി താരമായി,

കരിമഷിയിട്ടൊരാ കണ്ണിണകൾ

കരളിന്നകത്തു തിരി കൊളുത്തി


ഒരു മയിൽപ്പീലിക്കു വിസ്മയക്കാഴ്ചയായ്

മാനത്ത് മഴവില്ല് വന്നുദിക്കെ

നിറകതിർപ്പാടത്ത് മോഹവരമ്പത്ത്

മുരളികയൊത്തു നീ ചുവടു വച്ചു


കതിർ ചേല ചേലിൽ ഞൊറിഞ്ഞുടുത്ത്

നിരയായി വയലിന്റെ നിറകുടങ്ങൾ,

ഒരു ലാസ്യഭാവത്തിൽ നർത്തകീ നിൻ

അഴകിന്റെ യൗവ്വനക്കാഴ്ച പോലെ


പ്രണയം വിടർന്നൊരു പൂവുതന്നെ

നിൻ കണിയെനിക്കാനന്ദ ലഹരിയല്ലോ

ഒക്കത്തു വച്ചയാ മൺകുടത്തിൽ

ഒക്കെയുമനുരാഗ മധുരമല്ലോ!


മോഹങ്ങളായിരം തിരകൾ പോലെ

ഒന്നൊന്നായി വന്നുപോം നേരമല്ലേ

പ്രണയപ്രളയത്തിലെല്ലാം മറഞ്ഞ്

കടൽ നീല പോലെ നിറഞ്ഞു നിന്നു


തിര കാണാൻ തീരത്ത് വന്ന നേരം

തിരയേറി കനവിന്റെ തോണിയെത്തി

തിരയൊഴിയും വേള നമുക്കുവേണ്ടിയെ-

ന്നോതി കളിത്തോഴി നീയുമെത്തി


കിനാവും കവിതയും ചൊല്ലി നീയു-

മനുരാഗ ചഷകം നിറച്ചു ഞാനും

ഒരു യാനപാത്രച്ചിറകിലേറി

തിരകൾക്കു മീതേയൊത്തു പാറി


തിരകൾ തിരക്കിട്ട് മാഞ്ഞു പോയി

തിരകൾക്കു മീതേ കടൽ ചുവന്നു

കണ്ണീരുപ്പായി കടൽ കവിഞ്ഞു

ഇരുൾമേഘമായി നിറഞ്ഞൊഴുകി


ആരാന്റെ കൂടെപ്പടിയിറങ്ങി നീയെൻ

കരളിന്നകത്തെ കുടിൽ പൊളിച്ചു

കനലെരിയും നെഞ്ഞിന്റെയുമ്മറക്കോലായി-

ലിരുൾ ചത്ത പോലെ കിനാവുറങ്ങി


കതിർ ചാഞ്ഞ പാടത്ത് നേരറിഞ്ഞു

പതിരെഴാപ്പാടത്ത് നോവറിഞ്ഞു

കതിരുകളൊക്കെ കൊയ്തു പോയി

കാവൽപ്പുരയിൽ ഞാനേകനായി


ഗതിമാറിപ്പൊരുളായി കാലമെത്തി

ചിരിമായ്ച്ച് ചിതമോതി നേരമെത്തി

തിരകൾക്ക് മീതേ നടന്നു വീണ്ടും

തിരക്കിട്ട് ദേശപ്പെരുമ കണ്ടു


തിരികെ കുടിൽക്കീഴെ വീണ്ടുമെത്തി

ചിതമോതാനറിയാത്ത സ്മൃതികളൊക്കെ

അതിരിട്ട് കൈത പടർന്നു നിൽക്കെ

അകമേയാ മൺകുടമുടഞ്ഞു വീണ്ടും


തിരികെട്ട് മണിദീപം ചാഞ്ഞു വീണു

ചിരികെട്ട് മല്ലികയിതൾ കൊഴിഞ്ഞു

കതിർ മാഞ്ഞ പാടത്തിരുളു വീണു

ഇരുളിൽ കനവിന്റെ ചിതയെരിഞ്ഞു...


അരുതാത്ത കനവിന്റെയരിവാളു കൊയ്തൊരീ

നനവാർന്ന കവിതയെ കാഴ്ചവച്ച്

''ഇനിയില്ല''യെന്നൊതി കൺ തുടയ്ക്കട്ടെ ഞാൻ

ദൂരെ നിന്നൊരു മാത്ര കണ്ടെന്റെ കൊയ്ത്തുകാരീ!


OO  അജിത് കെ.സി

കവിത കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


(Thirike Yathra, The return journey - Poem by Ajith KC. The reaper in the dreams - Illustration  by Krishna Deepak )

1 comment:

  1. കവിത ഞാന്‍ കുറെ മുന്‍പ് വായിച്ചതാ..പക്ഷെ ഇപ്പോഴാ കമന്റുന്നത്....മാഷേ,നിങ്ങടെ മാതിരി കവിത എഴുതാന്‍ ഇത് വായിച്ചാല്‍ തൊന്നും..

    ReplyDelete