7 Mar 2012

മഴപ്പാറ്റകൾ

മൃത്യുഞ്ജയൻ പറഞ്ഞു കൊടുത്ത കഥകളിലെല്ലാം നഗ്നദേവതയെ പൂജിച്ച കാരണവന്മാരുടെ അൽപ്പായുസ്സായ പുനർ ജന്മങ്ങളായിരുന്നു മഴപ്പാറ്റകൾ. നേർത്ത വെള്ളിച്ചിറകുകളിൽ മൗനമന്ത്രങ്ങൾക്കൊപ്പമുള്ള മധുരസംഗീതവുമായി ക്ലാവു പിടിക്കാത്ത ലോഹവിഗ്രഹത്തിനു മുന്നിൽ വിറയാർന്നു കത്തുന്ന വിളക്കിൻ തലപ്പിലേക്ക് ഇരുണ്ടയാമങ്ങളിൽ ആ തലമുറഭേദങ്ങൾ എത്തുന്നത് വസുന്ധരയും അറിഞ്ഞു. മന്ത്രധ്വനികളുടെ പ്രകമ്പനങ്ങൾക്കിപ്പുറം നഗ്നദേവത കാർകൂന്തൽ വിടർത്തി വിളക്കിൻ തലപ്പിലേക്ക് പെയ്തിറങ്ങി. മഴപ്പാറ്റകൾ നഗ്നദേവതയുടെ സ്പർശമാന്ത്രികം അറിഞ്ഞു. 

മൃത്യുഞ്ജയൻ ജനാലകൾതഴുതിട്ടു. തറവാട്ടു പൂമുഖത്ത് ചില്ലിട്ടു സൂക്ഷിച്ച ഛായാചിത്രങ്ങളെപ്പോലെ ജനാലയിൽ മഴത്തുള്ളികളോടൊപ്പം മഴപ്പാറ്റകളും ഒട്ടിനിന്നു. വരണ്ട മണ്ണിൽ പതിക്കുന്ന മഴയുടെ കർക്കശ്ശ ശബ്ദം. ജനാലയിൽ വിട്ടുപോകാൻ ശ്രമിക്കുന്ന മഴപ്പാറ്റകളുടെ ഒട്ടി നിൽക്കുന്ന വെള്ളിത്തൂവലുകൾ...

വായിച്ചു കമഴ്ത്തിയ പുസ്തകത്തിന്റെ മുകളിൽ മുറിക്കകത്തു കുടുങ്ങിയ മഴപ്പാറ്റകളിലൊന്നു വിശ്രമിക്കുന്നു. നനഞ്ഞ വെള്ളിച്ചിറകുകളിൽ മെല്ലെ വിടരുന്ന മഴവില്ലിൻ വർണ്ണങ്ങൾ.

മൃത്യുഞ്ജയന്റെ നെറ്റിത്തടത്തിൽ പനി പൊള്ളുന്നത് വസുന്ധര അറിഞ്ഞു.

"മഴപ്പേടി ഇനിയും മാറിയില്ലെന്നുണ്ടോ?"

മഴക്കഥകൾ കൈമാറിത്തീർത്ത വർണ്ണപ്പെരുമകൾക്കൊടുവിൽ മഴപ്പേടി മാറുമെന്നോ!

"ഇല്ല വസുന്ധരേ, മഴയെപ്പോലെ ഈ പേടിയും തലമുറകളിലേക്കാണു പെയ്യുന്നത്. ദുർമന്ത്രവാദികളെ പേടിക്കേണ്ടിയിരിക്കുന്നു; അല്പായുസ്സായ ഈ ജന്മഭേദങ്ങളിലും."

അക്ഷരമുരച്ച പനയോലക്കീറുകളിൽ കരിതേച്ചു തെളിക്കവേ മുത്തശ്ശി ചുരുൾ നീർത്ത കഥകൾക്കൊപ്പം കാർമ്മുകിൽ കൊണ്ടതാണ് മഴപ്പേടി. തുള്ളി മുറിയാത്ത പേമാരിയിൽ അക്കാലം മേൽക്കൂരയുടെ ദൗർബല്യമേറി. കൽത്തൂണുകൾ വിറകൊണ്ടു. പൈതൃകസുകൃതങ്ങൾ മണ്ണടിഞ്ഞു തുടങ്ങിയെന്ന് മുത്തശ്ശി വിലപിച്ചു. പുത്ര വധുക്കളെ അവർ മനമുരുകി പ്രാകി. പുത്ര വധുക്കളുടെ കൺകോണിലാകട്ടെ ദു:ഖം ഇടമുറിയാത്തതായി. നിത്യവും അവർ തൂക്കുമഞ്ചങ്ങൾ അലങ്കരിച്ചു. കുങ്കുമം തൊട്ടു. വാസനത്തൈലം തേച്ച മുടിയിഴകളിൽ പിച്ചകപ്പൂക്കൾ ചൂടി. അഥർവ്വങ്ങളിൽ അവരുടെ പുരുഷന്മാർ രാത്രി പെരുപ്പിക്കെ അറപ്പുരകൾക്കിപ്പുറം നനുത്ത വസ്ത്രങ്ങളിൽ ബാഷ്പം നിറഞ്ഞു.  പ്രണയഗന്ധമഴിഞ്ഞ മുടിക്കെട്ടുകളിൽ നാഗകന്യകൾ കുടിയേറി. ഉൾദേഹങ്ങളിൽ മുൾച്ചെടികൾ മുളച്ചു. മുൾച്ചെടികൾ മഴയെ മുറിച്ചു നിന്നു.

ദുർദേവതകളിൽ നിന്നകന്ന് ഒരാൾ മാത്രം പണിയാളർക്കൊപ്പം നടന്നു. ഏറെ വായിച്ചും പണിയാളരെ പഠിപ്പിച്ചും അറപ്പുരകളിൽ നിന്നകന്നു കഴിഞ്ഞു. ഒരു നാൾ അവനൊപ്പം തറവാട്ടിൽ ഒരു പണിയാളർപ്പെണ്ണെത്തി. അവളുടെ പിച്ചകപ്പൂ മണക്കാത്ത മുടിയിഴകളിൽ വൃദ്ധവിരലുകൾ വാത്സല്യം തലോടി. അവൾ അവളുടെ ദേവന് നെൽ വയലുകളിൽ കൂട്ടായി. മുങ്ങിക്കുളിച്ചാലും വിയർപ്പു ചോരാത്ത ദേവന് പൊതിച്ചോറുമായി അവൾ പാടങ്ങളിലേക്കെത്തി. കാറ്റത്തൊഴുകുന്ന നെല്ലോലപ്പരപ്പിന്റെ യൗവ്വനപൂർണ്ണത അയാൾ അവൾക്കു കാട്ടിക്കൊടുത്തു.  നീർച്ചാലുകളിൽ നിലാവു വീഴെ പണിയാളരുടെ കാവൽ മാടങ്ങൾക്കകലെ അവർ മഞ്ചമൊരുക്കി. കിനാവും കുളിരും പകുത്തു. പ്രണയോന്മാദത്തിൽ വിയർപ്പണിഞ്ഞു. വയ്ക്കോലുരഞ്ഞ് അവളുടെ തുടകളിൽ ചോര പൊടിഞ്ഞു. പുലർച്ചെ മഞ്ഞു കണങ്ങളുമായി അവൾ മടങ്ങിയപ്പോൾ രാപ്പാട്ടുകളുടെ സ്മൃതിസുഖത്തിൽ അയാൾ മഹാകാവ്യമെഴുതി.


പകൽ നേരം ഒരു ചുവന്ന തുണി വൈക്കോൽ മഞ്ചത്തിന്റെ മേൽക്കൂരയിൽ തലയുയർത്തി. അതിനു കീഴെ പണിയാളർ കഞ്ഞി പകുത്തു കുടിച്ചു.തോളോടു തോൾ ചേർന്നു നിന്നു.  അവർ ആവേശത്തോടെ മുഷ്ടികൾ ഉയർത്തിപ്പിടിച്ചു.


കളകൾ പിഴുതെറിയുന്ന പണിയാളർ. കളകളില്ലാത്ത പാടം. അവർ പാടി നടന്നു. 

മൃത്യുഞ്ജയൻ ജനിച്ചതിൽപ്പിന്നെയാണ് മഴക്കാറുകൾ പെരുകിയത്. തിമർത്തു പെയ്യുന്ന മഴയ്ക്ക് അതിരുകളുണ്ടായിരുന്നില്ല. മൃത്യുഞ്ജയനു മുന്നിൽ മഴയ്ക്കു മുന്നേ മഴപ്പാറ്റകൾ ആകാശത്തേക്ക് പെയ്തു.  പുകഞ്ഞുയർന്ന വെള്ളിച്ചിറകുകൾ കാഴ്ച മറച്ചു. തൂക്കുമഞ്ചങ്ങളിലും അറപ്പുരകളിലും കാവൽ മാടങ്ങളിലും മഴത്തുള്ളികൾ പതിച്ചു.  പാടവരമ്പുകളെ അവ തകർത്തു. മുറിച്ചു വച്ചിരുന്ന നെൽപ്പുരകളെ ഒന്നാകെ വിഴുങ്ങി. കാവൽ മാടങ്ങളും വൈക്കോൽ മഞ്ചവും കടപുഴകിയപ്പോൾ അറപ്പുരയിൽ അട്ടഹാസങ്ങളുയർന്നു. ദുർദേവതയുടെ വരുതിയിലായിരിക്കുന്നു മഴവെള്ളപ്പാച്ചിലുകൾ.

വൈക്കോൽ മഞ്ചത്തിനരികെ ചിറകറ്റ മഴപ്പാറ്റയെപ്പോലെ മൃത്യുഞ്ജയൻ അച്ഛനെക്കണ്ടു. ചെന്നിറമാർന്ന തുണിക്കഷ്ണം മുളങ്കമ്പിലുടക്കി അരികെ കിടന്നിരുന്നു. അകത്തളങ്ങളിൽ കുപ്പിവളകളുടഞ്ഞു.  കുതിർന്നൊലിച്ച സിന്ദൂരം വെളുത്ത ചേലാഞ്ചലത്തിൽ ചോരപ്പാടുകളായി.  തൂണു ചാരിയിരുന്ന് വിധവ വിലപിച്ചു. വിലാപങ്ങൾക്കകലെ ഉരുളച്ചോറില്ലാതെ ബലിക്കല്ലുകൾ അനാഥമായിക്കിടന്നു. അവളുടെ ദേവന്റെ വിയർപ്പു മണക്കുന്ന വിശപ്പറിഞ്ഞ് നെഞ്ചകത്ത് ചിത വീണ്ടുമെരിഞ്ഞു.  മൃത്യുഞ്ജയനറിയാതെ വൃദ്ധയറിയാതെ തറവാട്ടു കുളത്തിൽ മുങ്ങിക്കിടന്ന് നെഞ്ചകത്തെ ചിത അവൾ കെടുത്തി.  മുതിർന്നപ്പോൾ മുങ്ങിക്കുളിക്കുമ്പോഴൊക്കെ ഉൾത്തട്ടിലെ വെള്ളത്തിനു ചൂടേറെയുണ്ടെന്ന് മൃത്യുഞ്ജയനു തോന്നി.


പുസ്തകക്കെട്ടുമായി നഗരത്തിരക്കിലേക്കെത്തിയിട്ടും മഴപ്പേടി നിറഞ്ഞു നിന്നു. മൃത്യുഞ്ജയന്റെ മഴക്കഥകൾ കേൾക്കുവാൻ വസുന്ധരയെത്തി. അവൻ അവൾക്കായി കഥകൾ കരുതി വച്ചു. കുറെയേറെക്കഥകൾ അവളും പറഞ്ഞു. കുട്ടിക്കാലത്ത് ചോർന്നൊലിക്കുന്ന കുടിലിൽ അമ്മയെ കെട്ടിപ്പിടിച്ചിരിക്കുമ്പോൾ ചോർന്നു വീണ കൊച്ചു കൊച്ചു കഥകൾ.


കുടിലിനകത്തെ കൊച്ചുമഴ. പുറത്തു പെയ്യുന്ന വലിയ മഴ.  വാരിയിൽ നിന്നു പതിക്കുന്ന മഴത്തുള്ളികൾ മണ്ണിൽ കുഴിയാനക്കുഴികളുണ്ടാക്കി. ചോർച്ചവെള്ളത്തിന് മൺകലങ്ങൾ തികയാതെ വന്നു. മഴക്കാറുകൾ ഇരുളേറ്റിയെത്തുമ്പോൾ അമ്മയുടെ നെഞ്ചകം വിങ്ങുവാൻ തുടങ്ങും.


"കണ്ണീർ വീണ് ചാണകം മെഴുകിയ തറയിളകുമോയെന്നു ഭയന്ന് ഞങ്ങൾ കരയുകപോലുമില്ല. ഒന്നു പൊട്ടിക്കരയുവാനെങ്കിലു മാകണേയെന്ന് പ്രാർത്ഥിച്ചിട്ടുണ്ട്..."


മഴയ്ക്കുള്ളിൽ പെയ്യുന്നത് തീയാണ്!


കിടയ്ക്കയിൽ ആദ്യമായി ഒപ്പമിരിക്കുമ്പോൾ അറപ്പുരയിലെ ലോഹവിഗ്രഹത്തിന്റെ ക്ലാവു പിടിക്കാത്ത തിളക്കം വസുന്ധരയുടെ കണ്ണുകൾക്കുണ്ടെന്ന് മൃത്യുഞ്ജയന് തോന്നി. നെറ്റിത്തടങ്ങളിൽ ചുണ്ടുചേർക്കവേ മുടിപ്പിന്നൽ കെട്ടഴിഞ്ഞ് ചുമലിലേക്ക് വീണു. വെള്ളിനൂലുകൾ പോലെ പെയ്തിരുന്ന മഴ ആസുരമായി.  വെളിയടയിട്ട ജനാലയ്ക്കപ്പുറം വെള്ളിച്ചിറകുകൾ കുഴഞ്ഞു.  അവയുടെ നിസ്സഹായത തലമുറകളിലേക്കൊഴുകവേ വക്കുകളില്ലാത്ത നിഴൽ വീഴ്ത്തി മുറിക്കുള്ളിൽ കുടുങ്ങിയ മഴപ്പാറ്റ പറന്നകന്നു. 
 
 OO  അജിത് കെ.സി
( 2004 ഒക്ടോബർ, നാരായം മാസിക)


 
Mazhappattakal - The Rain Flies. These flying termites usually invades through windows and doors as a frantic swarm during rainy nights towards the light to dry themselves from the moisture


14 comments:

  1. മഴപ്പാറ്റകള്‍ ,,പൊതുവേ ബ്ലോഗിന് അന്യമായ ഒരു ശൈലി നമ്മെ കാണിച്ചു തരുന്നു ,,പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ ത്രാണി ഉണ്ടെന്നു ഈ എഴുത്തുകാരന്‍ നമ്മെ അറിയിക്കുന്നു ,നല്ല വിഷയങ്ങളുമായി വരിക ,കാത്തിരിക്കുന്നു ...കമന്റുകളെ കുറിച്ചോര്‍ത്തു വിഷമിക്കേണ്ടാ കേട്ടോ ,

    ReplyDelete
  2. തേങ്ങ ഞാന്‍ തന്നെ ഉടക്കാം...ശ്രദ്ധിക്കപ്പെടേണ്ട എഴുത്താണ് മാഷെ..തീര്‍ച്ചയായും ഇവിടേയ്ക്ക് കൂടുതല്‍ ആള്‍ക്കാര്‍ എത്തും..ബ്ലോഗ്‌ മാര്‍ക്കെറ്റിംഗ് രീതി കൂടി പഠിക്കൂ...ആശംസകള്‍.

    ReplyDelete
  3. അജിത്, ക്ഷമിയ്ക്കണം. ഇത് എന്റെ തലയ്ക്ക് മുകളിൽ കൂടെ പോയി. എന്നു കരുതി ഞാൻ ഇനിയും വരാതിരിയ്ക്കില്ല. ഈ റേയ്ഞ്ചിലുള്ള ആസ്വാദകരെ കിട്ടിയില്ലെങ്കിൽ, അല്പം നിലവാരം കുറയ്ക്കുന്നതും ആലോചിയ്ക്കാവുന്നതാണു.

    ആശംസകൾ!

    ReplyDelete
  4. മഴപ്പാറ്റകള്‍ വായിച്ചു. പുതുമയുള്ള അവതരണം. അടിത്തൂണ്‍ ഇളകി ദ്രവിച്ച ആഡ്യത്വത്തിന്റെ ജീര്‍ണിച്ച ഇടനാഴികകളിലെ നഗ്നപൂജകളുടെ ശീല്‍ക്കാരങ്ങളില്‍ ഒടുങ്ങിപ്പോയ അല്പായുസ്സുകളുടെ ഞരക്കം ഓര്‍മ്മകളുടെ മച്ചിന്‍ പുറത്തു നിന്നും മഴപ്പാറ്റകള്‍ക്കൊപ്പം ഇറങ്ങി വരുമ്പോള്‍ വസുന്ധരമാരുടെ സാമീപ്യം ഇളമുറക്കാരന്റെ അന്തരംഗത്തില്‍ തനിയാവര്‍ത്തനത്തിന്റെ ഭീതി പടര്‍ത്തുന്നു. നൂതനമായ ആഖ്യാന ശൈലിയിലൂടെ കഥാകാരന്‍ കാലങ്ങളെ ബന്ധിപ്പിക്കുന്നു. അതിനു മഴപ്പാറ്റകള്‍ ഒരു നിമിത്തം മാത്രം. നല്ല കഥയ്ക്ക് അഭിനന്ദനങ്ങള്‍

    ReplyDelete
  5. ബ്ളോഗിന്‌റെ പേര്‌ മഴപാറ്റകള്‍ എന്നാക്കിയോ? എന്തായാലും ഈ കഥ വായിച്ചു. ഒരു കഥാകാരന്‌റെ എല്ലാ സവിശേഷതകളും വരികളില്‍ ആവാഹിച്ചെഴുതിയ ഈ കഥ ഇഷ്ടപ്പെട്ടു, ഇനിയും നല്ല കഥകളുമായി വരുമല്ലോ ? ആശംസകള്‍

    ReplyDelete
  6. നേരത്തെ വായിച്ചിരുന്നു ..കമന്റ്‌ ഇടാന്‍ വിട്ടുപോയി ..
    കഥ ഇഷ്ടായി ട്ടോ ..
    അഭിനന്ദനങ്ങള്‍ !

    ReplyDelete
  7. സുന്ദരമായ ശൈലി ... നല്ല അവതരണം
    കഥ ഉഷാറായി

    ReplyDelete
  8. നല്ല കഥ, നല്ല ഭാവനയുണ്ട്, എഴുത്തിന്റെ ശൈലിയും വളരെ നന്ന്, ഇനിയും എഴുതൂ..എല്ലാ ആശംസകളും...

    ReplyDelete
  9. എന്ത് സുഖമാണ് അജിത്‌ ഇത് വായിക്കാന്‍!! ഏതൊക്കെയോ ഇതിഹാസ സ്ഥലികളില്‍ എത്തിപ്പെട്ടത് പോലെ! ഓ.വി വിജയന്‍റെ ഗുരുസാഗരത്തിന്റെ ആദ്യ അദ്ധ്യായം ആണ് ആദ്യം മനസ്സ് ചേര്‍ത്ത് വായിച്ചത്..

    ReplyDelete
  10. അജിത്,
    ഈ എഴുത്തിന് അഭിനന്ദനങ്ങള്‍. എങ്കിലും സജീര്‍, ബിജു, എന്നിവരുടെ അഭിപ്രായത്തോടുള്ള എന്റെ യോജിപ്പും കൂടി കണക്കിലെടുത്തുകൊള്ളൂ

    ReplyDelete
  11. ഇയ്യാമ്പാറ്റ കണക്കെയുള്ള ജീവിതങ്ങളീലേക്ക് എത്തിനോക്കിയിരിക്കുന്നു കേട്ടൊ ഭായ്

    ReplyDelete
  12. നല്ല ശൈലി ... ആസ്വാദകരെ കൂട്ടാന്‍ വേണ്ടി നിലവാരം കുറയ്ക്കണമെന്ന് പറയുന്നതിനോട് ഒട്ടും യോജിക്കില്ല കേട്ടോ...

    ReplyDelete
  13. നല്ല വായന തന്നതിനു നന്ദി...

    ReplyDelete