14 Mar 2012

സാക്ഷ

വീട്ടിലെ ഗൂർഖയാണെങ്കിലും
പേടിത്തൊണ്ടനാണ്
സാക്ഷ,
രാത്രിയുണർന്നാൽ
ക്ട്ക്ടാന്ന് പെടയ്ക്കും...

ഉച്ചച്ചൂടിൽ,
കതകിനു പിന്നിൽ
പമ്മിയിരുന്ന സാക്ഷയെ
കയ്യോടെ പിടിച്ച്
ഒറ്റയാണിയിൽ
ചുറ്റിക വീഴ്ത്തി
'ചുപ്' പറഞ്ഞപ്പോൾ
ഉണ്ണി ഊറിച്ചിരിച്ചു,
അമ്മ മിഴിച്ചു നോക്കി,
ഊം ഊംന്ന് ഉണ്ണി
കണ്ണിറുക്കി തോളുകുലുക്കി...

നഖത്തിൽ കൊണ്ട
ചുറ്റികയെറിഞ്ഞ്
അമ്മ അരിശം പൂണ്ടു,
നീറ്റലൂതിയാറ്റി
ഉണ്ണി അരികെയിരുന്നു...

നഖത്തിലെ
ചെണ്ടുറോസ
നീലയായി,
രാത്രിയായി,

പിന്നെയുമാരോ കതകുലച്ചു,
സാക്ഷ പേടിച്ച്
നിശ്ശബ്ദം വിറച്ചു,
ഉണ്ണിക്ക് പിന്നേം ചിരി പൊട്ടി!

ഈർച്ചവാളിന്റെ
അരികു പോലെ
കതകിനു കീഴെ
നിലാവൂറിച്ചിരിച്ചു,
ആകാശക്കണ്ണുകൾ
അടർത്തിപ്പതിച്ച
മരക്കതകിൽ
ഉള്ളുടഞ്ഞ്
ഉണ്ണിയെ നോക്കാതെ
സാക്ഷ ഇരുന്നു,
ചേച്ചി അമ്മയേയും
അമ്മ ഉണ്ണിയേയും
ചേർത്തു പിടിച്ചു,
അമ്മേടെ മാറിലും
സാക്ഷ പിടച്ചു...

ഉണ്ണിയുറങ്ങും
ചേച്ചിയുറങ്ങും
അമ്മയും സാക്ഷയും
ഉറങ്ങാതെ
രാത്രി പാതി കഴിയും,
ആടിയാടി
പ്പോൾ അച്ഛനെത്തും,
അമ്മ ഉറക്കം നടിക്കും
സാക്ഷ ഉറങ്ങും...

ചേച്ചി മിടുക്കി,
അമ്മ ഉറങ്ങിയ നേരം നോക്കി
സാക്ഷയെ മെല്ലെ മാറ്റിക്കിടത്തി
പടിയിൽ കിടന്ന
അച്ഛനെ ചവിട്ടാതെ
ഒരു നാൾ നിലാവിലിറങ്ങി,
അന്നച്ഛൻ അമ്മയെ തല്ലി
അമ്മ ഉണ്ണിയെ തല്ലി
ഉണ്ണി സാക്ഷയോട് പിണങ്ങി,
ഉണ്ണി സാക്ഷയെ തല്ലി!

OO അജിത് കെ.സി


ഈ കവിത കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  17 comments:

 1. ചേച്ചി മിടുക്കി,
  അമ്മ ഉറങ്ങിയ നേരം നോക്കി
  സാക്ഷയെ മെല്ലെ മാറ്റിക്കിടത്തി
  പടിയിൽ കിടന്ന
  അച്ഛനെ ചവിട്ടാതെ
  ഒരു നാൾ നിലാവിലിറങ്ങി,
  അന്നച്ഛൻ അമ്മയെ തല്ലി
  അമ്മ ഉണ്ണിയെ തല്ലി
  ഉണ്ണി സാക്ഷയോട് പിണങ്ങി,
  ഉണ്ണി സാക്ഷയെ തല്ലി!
  :)

  ReplyDelete
 2. കവിതയുടെ സാക്ഷ തുറക്കുന്നു ,......

  ReplyDelete
 3. സാക്ഷ എന്തിനെല്ലാം സാക്ഷി

  ReplyDelete
 4. കവിതയില്‍ ദുരൂഹതകള്‍ .....എന്തിനാണ് ചേച്ചി രാത്രി മുറ്റത്തേക്ക്‌ ഇറങ്ങിയത്....?

  ReplyDelete
 5. നല്ല ചിന്ത .. ആശയം കൈവിടാതെ
  മുറുകെ പിടിച്ചു വരികളില്‍ ഭദ്രമാക്കിയിട്ടുണ്ട് ..
  സാക്ഷയിലൂടെ ജീവിതത്തിന്റെ ആകുലതയും
  നെടുവീര്‍പ്പുകളും നന്നായി പകര്‍ത്തീ..
  നിഷ്കളങ്ക മൗനവും , പുഞ്ചിരിയും
  അവര്‍ക്കില്ലാത്ത ആകുലതയുടെ മനസ്സുമെല്ലാം ..
  പാവം .. സാക്ഷ , എന്തിനൊക്കെ സാക്ഷിയാവണമല്ലെ ..
  അച്ഛന്റെ സാമിപ്യത്തില്‍ ഉറങ്ങുകയും
  അല്ലാത്തപ്പൊള്‍ കാവലാവുകയും ചെയ്യുമ്പൊള്‍
  തനി ഗൂര്‍ഖയാകുന്നുണ്ടല്ലെ അതും !
  കാഴ്ചകള്‍ ,ചിന്തകള്‍ അതിലൂടെ വരികള്‍
  വ്യത്യസ്ഥമായീ പിറക്കുമ്പൊള്‍ , മനസ്സ് ഒരു ബിന്ദുവിലേക്ക്
  കേന്ദികരിച്ച് പല മനസ്സുകളിലൂടെയും നേരുകളിലൂടെയും
  പടി കടന്ന് ഇന്നില്‍ എത്തിനോക്കുന്നു ..
  ആശംസകള്‍ .. സഖേ ..

  ReplyDelete
 6. സാക്ഷകള്‍ വേണ്ടത് കതകിനല്ല....

  ReplyDelete
 7. പ്രിയപ്പെട്ട അജിത്‌,
  ഈ കവിത എന്റെ തറവാട്ടിലെ മരവാതിലിലെ തടിച്ച സാക്ഷയെ ഓര്‍മിപ്പിച്ചു! കുട്ടിക്കാലത്ത് പേടിയാകുമായിരുന്നു;ഈശ്വരാ, സാക്ഷ നീക്കി കള്ളന്‍ വരുമോ എന്ന്.മച്ചിലെ ഭഗവതിയെ പ്രാര്‍ഥിക്കും.
  കവിത കൊള്ളാം.
  ആശംസകള്‍!
  സസ്നേഹം,
  അനു

  ReplyDelete
 8. ചേച്ചി മിടുക്കി,
  അമ്മ ഉറങ്ങിയ നേരം നോക്കി
  സാക്ഷയെ മെല്ലെ മാറ്റിക്കിടത്തി
  പടിയിൽ കിടന്ന
  അച്ഛനെ ചവിട്ടാതെ
  ഒരു നാൾ നിലാവിലിറങ്ങി,
  അന്നച്ഛൻ അമ്മയെ തല്ലി
  അമ്മ ഉണ്ണിയെ തല്ലി
  ഉണ്ണി സാക്ഷയോട് പിണങ്ങി,
  ഉണ്ണി സാക്ഷയെ തല്ലി!

  കവിത നന്നായി.... ഒപ്പം അജിത്തിന്റെ കമ്മന്റും....''സാക്ഷകള്‍ വേണ്ടത് കതകിനല്ല''....

  ReplyDelete
 9. കവിത മനോഹരമായിട്ടുണ്ട്.. അഭിനന്ദനങ്ങള്‍

  ReplyDelete
 10. ആ കവര്‍ച്ചക്കാരന്‍ സുരേഷ് ബാബുവിന് നന്ദി പറയട്ടെ. അദ്ദേഹം പകല്‍ കൊള്ള നടത്തി പിടിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ എനിക്കീ മനോഹര കവിത വായിക്കാന്‍ കഴിയുമായിരുന്നില്ലല്ലോ. സാക്ഷിയും ഒരു സര്‍വം സഹയാണല്ലേ.

  ReplyDelete
 11. അങ്ങനെ കവിതയിലേക്ക് ഒരു സാക്ഷ. ഈ കവിതയും പുതിയ ശൈലിയും സാക്ഷയിലൂടെ ഓർമ്മിക്കപ്പെടും. എല്ലാവിധ ആശംസകളും.

  ReplyDelete
 12. നന്നായിട്ടുണ്ട്.....
  യു ട്യൂബ് വീഡിയോ ആദ്യത്തെ കാഴ്ചക്കാരന്‍ ഞാനാ....
  തെളിവിനു അവിടെ ഒരു അടയാളം വെച്ചിട്ടുണ്ട്...:)

  ReplyDelete
 13. പുതിയ കാലത്തെ വീടുകളില്‍ നിന്ന് അന്യമായിക്കൊണ്ടിരിക്കുകയുമാണ് മരം കൊണ്ടുള്ള സാക്ഷ....

  എവിടെയും പതറാതെ ഭംഗിയായി എഴുതിയിരിക്കുന്നു അജിത്ത്.....

  ReplyDelete
 14. അജിത്ത് നന്നായിട്ടുണ്ട്.....

  ReplyDelete
 15. അമ്പടാ കള്ളാ സാക്ഷേ.....
  നീ ആളു കൊള്ളാല്ലൊ.....
  .........................
  .........................
  ചേച്ചി മിടുക്കി......

  ReplyDelete
 16. hahhahhahaa... gud one chetta... ennaalum chathichhcallo saksheeee... :D

  ReplyDelete