6 Mar 2012

പള്ളിക്കൂടം കള്ളൻ

ഞാനെത്തുന്ന ദിവസം
കഞ്ഞിവെപ്പുകാരൻ
പൊന്നപ്പൻ ചേട്ടൻ വരില്ല,
അയാളെന്താ
പള്ളിക്കൂടം കള്ളനാവാത്തത്

കല്യാണപ്പന്തലിൽ
സദ്യയ്ക്ക് വെള്ളം കൊടുത്തത്
ഞാനാണല്ലോ,
കുട്ടൻസാറും വരാഞ്ഞതിന്
പള്ളിക്കൂടം കള്ളനായില്ല!

അച്ഛാ, ഇനിയെന്റെ
സ്ലേറ്റെറിഞ്ഞു പൊട്ടിക്കല്ലേ
അമ്മേ പൊട്ടിക്കരഞ്ഞ്
ഉറക്കം കെടുത്തല്ലേ
കുഞ്ഞിപ്പെണ്ണേ
പുസ്തകം കീറി
വള്ളമുണ്ടാക്കല്ലേ
ഉണ്ണിക്കുട്ടാ നീയെന്റെ
ഉണ്ണിക്കാ പെൻസിൽ വിഴുങ്ങല്ലേ
മഴയേ രാത്രീ വന്ന്
ചോർന്നൊലിക്കല്ലേ
കാറ്റേ വെളുക്കുമ്പോഴേക്കും
നിക്കറുണക്കിത്തരണേ

ചായക്കടക്കാരാ
ഒരു സൈക്കിളുവാങ്ങിത്തരുവോ
പാലൊക്കെ കൊടുത്തിട്ട്
കുട്ടൻ സ്കൂളീ പൊയ്ക്കോട്ടെ...

1 comment: