നേരത്തെ തന്നെ ആളുകൾ പൊങ്കാലയ്ക്ക് എത്തിത്തുടങ്ങിയിരിക്കുന്നു. നഗരത്തിന്റെ വഴിയോരങ്ങളിൽ തലചായ്ച്ചിരുന്നവരെ മുഴുവൻ പൊലീസ് വിരട്ടിയോടിക്കുകയാണ്. ഓടയിലേക്കുള്ള കോൺക്രീറ്റ് ചരുവിൽ കലുങ്കിൽ നിന്നും ചായ്ച്ചുകെട്ടിയ കീറത്തുണിയുടെ കൂര നഷ്ടപ്പെടാഞ്ഞത് അക്കൂട്ടത്തിലെ ചെറുപ്പക്കാരനായ ഒരു പൊലീസുകാരൻ കനിഞ്ഞതുകൊണ്ടാണ്. അല്ലെങ്കിൽ ഈ കൈക്കുഞ്ഞിനെയും കൊണ്ട് എവിടെപ്പോകും. പണിതീരാത്ത പൊതുകക്കൂസിന്റെ ഇറയത്തുനിന്നും ആട്ടിയോടിക്കപ്പെട്ടത് കഴിഞ്ഞ പൊങ്കാലയ്ക്കായിരുന്നു. കുഞ്ഞ് ജനിച്ചതിന്റെ് പിറ്റേന്ന്. അന്ന് ആ പൊരിഞ്ഞ വെയിലത്ത് എവിടെയൊക്കെ അലഞ്ഞു. വൈകിട്ട് തിരിച്ചുവന്നപ്പോഴേക്കും ആ ചട്ടുകാലിത്തള്ള അവിടെ താമസവും തുടങ്ങി. അന്ന് കണ്ടുപിടിച്ചതാണീ താവളം. അല്ലെങ്കിലും ഇവൻ ജനിച്ചതിൽപ്പിന്നെ കഷ്ടപ്പാടുകൂടി. നഗരത്തിൽ എന്നും അടിയും ബഹളവും പടക്കമേറുമാണ്.
ഇവിടെ വന്നതിനുശേഷം ഒരുപാട് പ്രസംഗം കേൾക്കാൻ പറ്റുന്നുണ്ട്. ഇന്നലെയുമുണ്ടായിരുന്നു ഒരെണ്ണം. വീട്ടുകരം കൂട്ടിയതിന്. വീടുള്ളവർക്കൊക്കെ കരം അടയ്ക്കണമെന്നുള്ളത് പുതിയ അറിവായിരുന്നു. അതുകേട്ടപ്പോൾ ആദ്യമായി വീടില്ലാത്തതിൽ ആശ്വാസം തോന്നി.
പൊങ്കാലയുടെ കൂറ്റൻ ഫ്ലക്സുള്ളതുകൊണ്ട് ആരും കാണില്ല. പുഞ്ചിരിക്കുന്ന ദേവിയുടെ ചിത്രത്തിനുപിന്നിൽ അവളുടെ അടുപ്പൊരുങ്ങി. നഗരം മുഴുവൻ കസവുടുത്ത് പൊങ്കാലയടുപ്പുകൾ ഒരുക്കി. കൊതുമ്പുകത്തുന്ന ചൂടും പുകയും എങ്ങും നിറഞ്ഞു. കലങ്ങൾ തൂവിത്തുടങ്ങി. ഇരന്നുവാങ്ങിയ അരി കലത്തിൽ തിളയ്ക്കുന്നുണ്ട്. പെട്ടെന്നാണ് ഒരു ലാത്തി നീണ്ടുവന്നത്. ഒരൊറ്റ തോണ്ടലിൽ കലം ഓടയിലേക്കു മറിഞ്ഞു. കുടം ആടിയുലഞ്ഞ് മലിനജലത്തിൽ ആരോ വലിച്ചെറിഞ്ഞ ചന്ദനത്തിരി കവറിനും പൂമാലയ്ക്കുമൊപ്പം.
ദേവീ...
കരച്ചിലും കണ്ണീരും ഫ്ലക്സിനുപിന്നിൽ കെട്ടടങ്ങി. ഒട്ടിയവയറുമായി ഒരു കുട്ടി പൊങ്കാലയടുപ്പുകളിലേക്ക് എത്തിനോക്കി.
00