10 Mar 2012

ആമയും മുയലും

ഹൃദയത്തിനു താഴെ കിടത്തി
കിനാക്കളോടു ചേർത്തു നിർത്തി
കുഞ്ഞിന്
കഥകളുടെ വസന്തം തന്നെ
അമ്മ പകർന്നു നൽകി

മുലഞെട്ടിൽ നിന്നുമൂറി

സിരകളിൽ ഊർജ്ജരേണുവായി,
കുഞ്ഞിളം മേനിയിൽ
വാത്സല്യ താളമായി,
കണ്ണിനും കാതിനും
വിസ്മയമായി
കഥകളോരോന്നു കളിയാടി

കഥയുടെ പൂങ്കാവനത്തിൽ

കുയിലുകൾ കൂവി നിറഞ്ഞു,
മഴവില്ലു വിടർന്നു,
മഴമേഘങ്ങളെ കണ്ട്
മയൂരങ്ങളാടി,
"നിയ്ക്കു വെശക്ക്ണു"
അവന്റെ വാക്ക് പിച്ച നടന്നു

തൊടിയിൽ,

അമ്മ പറഞ്ഞ കഥയിലെ
അണ്ണാറക്കണ്ണനും പൂവാലിയും
അവനെക്കാണാൻ നിരന്നു

മുയലമ്മ ക്ഷീണിച്ചുറങ്ങി,

മുൻഷി ആമ
പള്ളിക്കൂടം വരെ ഒപ്പം നടന്നു...

രാജകുമാരന്റെയും

രാജകുമാരിയുടെയും
കഥ അമ്മ പറഞ്ഞില്ലല്ലോ,
അവൻ പിണങ്ങി,
"ഈയമ്മയ്ക്കൊന്നുമറീല്ല"
ഉണ്ണാതെയുണ്ണിയുറങ്ങി!

OO  അജിത് കെ.സി


Consequences advice that qualities of child-mother interaction are more strongly related to preschool and primary school results than qualities of the child-teacher relationship. The outcomes pointing out the strength of adult-child interactions in the circumstance of the family when understanding the role of relationships with children and teachers in the school situation.
 

2 comments:

  1. ഇപ്പോള്‍ അമ്മമാര്‍ക്ക് കഥകള്‍ അറിയുമോ...? പറയുവാനറിയുമോ...പഠിയ്ക്ക് പഠിയ്ക്ക് എന്ന് പറഞ്ഞും ഉന്തിയും നടക്കുന്നതിനിടയ്ക്ക് കഥയെവിടെ? പറഞ്ഞാല്‍ തന്നെ വൈകിട്ട് ആറു മുതല്‍ രാത്രി പത്ത് വരെ ചെവിയിലേയ്ക്ക് കോരിയൊഴിയ്ക്കപ്പെടുന്ന സഭ്യാസഭ്യവേര്‍തിരിവുകളില്ലാത്ത പാഷാണക്കഥകള്‍ മാത്രം. കഥയിലെ അമ്മയും കഥയിലെ ഉണ്ണിയും നാടു മുഴുവനും നിറയട്ടെ. അപ്പോള്‍ നന്മയുള്ള ഒരു പുതുതലമുറ നാമ്പെടുക്കുമല്ലോ. നല്ല കവിതയ്ക്ക്, പിന്നെ അവസാനം ചേര്‍ത്തിരിയ്ക്കുന്ന ആംഗലേയക്കുറിപ്പിന് നന്ദി, അഭിനന്ദനങ്ങള്‍

    ReplyDelete
  2. കുട്ടികളെ നല്ല വ്യക്തിത്തത്തിനു ഉടമകളാക്കുന്നതിനു ഈ ആമയ്ക്കും മുയലിനും വായനക്കും ഒക്കെ വലിയ പങ്കുണ്ട് ..
    ആശംസകള്‍ സുഹൃത്തേ

    ReplyDelete