9 Mar 2012

ചരിത്രമുറങ്ങുന്ന ശാസ്താംകോട്ട

[1995 ൽ ബിരുദവിദ്യാഭ്യാസകാലത്തെ കൂട്ടായ്മയിൽ അച്ചടിച്ച്‌ പ്രസിദ്ധീകരിച്ചിരുന്ന 'കേളികൊട്ട്‌' എന്ന ചെറുമാസികയുടെ 6,7 ലക്കങ്ങളിലായി ഗ്രാമചരിത്രം എന്ന പംക്തിയിൽ വന്ന  ആർട്ടിക്കിൾ അതേപടി.]

'കേരളത്തിലെ കാശ്മീരം' എന്ന വിശേഷണത്തിനർഹയായ ശാസ്താംകോട്ട - മനോഹരകുന്നുകളും ശുദ്ധജലതടാകവും അപൂർവ്വവൃക്ഷലതാദികളും തീർക്കുന്ന നൈസർഗ്ഗിക പ്രകൃതിഭംഗി യുടെ ഭൂമിക. കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിന്റെ സിരാകേന്ദ്രവും കൊല്ലം നഗരപ്രാന്തങ്ങളിൽ കുടിനീർ ദാനം ചെയ്യുന്ന വരദായകയുമാകുന്ന വർത്തമാനകാല ശാസ്താംകോട്ട, ചരിത്രമേറെ ഉറങ്ങുന്ന വൈവിധ്യസംസ്കൃതിയുടെ കഥ നെഞ്ചിലേറ്റുന്ന കാൽപനികഭൂമിയുമാകുന്നു.

ആദിദ്രാവിഢ-ബുദ്ധ-വൈദിക സംസ്കാരങ്ങളുടെ സമൃദ്ധിയും കാലയാനത്തിൽ തകർച്ചയും ഏറ്റുവാങ്ങിയ ഈ പുണ്യഭൂമിയിൽ, ആ സംസ്കൃതികൾ ഏൽപ്പിച്ചുപോയ കാൽപ്പാടുകൾ ഇന്നും സമ്പുഷ്ടമാണ്‌. 1982 ൽ ശാസ്താംകോട്ട ക്ഷേത്രത്തിനു കിഴക്കുവശത്ത്‌ നിന്നും കണ്ടെടുത്ത ഒരു സമാധിയിലെ തലയോടുകളുടെ കാലപ്പഴക്കം 3000 കൊല്ലമാണെന്ന അറിവ്‌ നമ്മെ ആദിദ്രാവിഡമായ ഒരു സംസ്കൃതിയിലേക്ക്‌ തിരിച്ചുകൊണ്ടുപോകുന്നു. കണ്ടെത്തപ്പെട്ട ഏറെ സമാധി അവശിഷ്ടങ്ങളിലെ തലയോടുകളുടെയും വലിപ്പം ആദിദ്രാവിഡ ആവാസഭൂമിയായിരുന്നു ശാസ്താംകോട്ടയെന്നും, അവരുടെ ശൈവാരാധനയുടെ പൂർവ്വസൂചിതമാകുന്നു ശാസ്താംകോട്ട ക്ഷേത്രമെന്നുമുള്ള ചിന്തപഥങ്ങളിലേക്കും നാം എത്തപ്പെടുന്നു. ഇതിനു ഉപോൽബലകമായി 1978 ൽ ക്ഷേത്രത്തിൽ നടത്തിയ ദേവപ്രശ്നത്തിൽ ശൈവാരാധനയാണ്‌ ആദികാലത്തു ണ്ടായിരുന്നതെന്ന് കാണുകയുമുണ്ടായി. പിന്നെയുണ്ടാകുന്നത്‌, ഒരു ആധുനികമായ മതത്തിന്റെ കടന്നുവരവോ ഒരു പുത്തൻ സംസ്കൃതിയുടെ സ്വീകരണമോ ആണ്‌, സംഘകാല ത്തോടൊപ്പം, അത്‌ ശാസ്താംകോട്ടയുടെ ശ്വാസനിശ്വാസ ങ്ങളിൽ വേർതിരിക്കാനാവാത്ത കണ്ണിയായി, ബുദ്ധസംസ്കൃതി യുടെ ദ്രുതതാളങ്ങളായി, ഇന്ന് ഒരു ചരിത്രാന്വേഷണത്തിന്റെ വെളിപാടുകളായി ശാസ്താംകോട്ടയിലും പരിസരങ്ങളിലും നിലപാടുതറകൾ തീർത്ത്‌ തെളിഞ്ഞുനിൽക്കുന്നത്‌.

ശാസ്താംകോട്ട ശ്രീധർമ്മശാസ്താ ക്ഷേത്രം

ആദിദ്രാവിഡർ തീർത്ത ശാസ്താംകോട്ട ക്ഷേത്രത്തിലെ ശൈവസങ്കൽപ്പം, ധർമ്മം അനുശാസിക്കുന്നവൻ ശാസ്താവും ശാസ്താവിന്റെ കോട്ട ശാസ്താംകോട്ടയുമാകുന്നത്‌ ഈ ബുദ്ധസംസ്കൃതിക്കൊപ്പമാണ്‌. കുളത്തൂപ്പുഴയിലും ആര്യങ്കാവിലും അച്ചൻകോവിലിലും ശബരിമലയിലും തീർത്ത ബുദ്ധസങ്കൽപ്പങ്ങൾ(ശാസ്താവ്‌)ക്കൊപ്പം നവജാതനായ ശാസ്താവിനെ ശാസ്താംകോട്ടയിലും പ്രതിഷ്ഠിച്ച്‌ ആരാധിക്കുന്നത്‌ ബി.സി. 326-90 കാലത്തിലാണെന്ന് വിശ്വസിക്കാം. ശാസ്താംകോട്ട ക്ഷേത്രസമീപത്തുള്ള കുന്നിൽ പാർത്തുകൊണ്ട്‌ അവർ ഭിക്ഷാടനത്തിനും ധർമ്മപ്രചരണത്തിനും സഞ്ചരിച്ചിരിക്കാം. 'കലി-84' എന്ന് പാലിഭാഷയിൽ മുദ്രണം ചെയ്തിരിക്കുന്ന നാണയങ്ങൾ കണ്ടുകിട്ടിയതും, ക്ഷേത്രത്തിന്‌ തെക്കുഭാഗത്ത്‌ ബുദ്ധവിഹാരങ്ങളുണ്ടായിരുന്നതിന്റെ പ്രത്യേക ലക്ഷണങ്ങൾ ഉള്ളതും, പശ്ചിമഭാഗത്തുണ്ടായിരുന്ന ധർമ്മക്കഞ്ഞി വിതരണസ്ഥലവും ഈ ബുദ്ധസന്ന്യാസിമാരുടെ ധർമ്മ-മത പ്രചരണത്തിന്റെ സംഗമഭൂമി കൂടിയായിരുന്നു ശാസ്താംകോട്ട എന്നതിന്റെ പ്രഥമലക്ഷണങ്ങളാണ്‌.

ബുദ്ധസംസ്കാരത്തിന്റെ തെളിവാർന്ന അവശിഷ്ടങ്ങൾക്കൊപ്പം വൈദികമതത്തിന്റെയും സംസ്കൃതിയുടെയും ശിഷ്ടാവശിഷ്ട ങ്ങൾ ശാസ്താംകോട്ടയെന്ന ഈ ശാദ്വലഭൂമിയുടെ പൈതൃക ത്തിൽ തിരുശേഷിപ്പാകുന്നു.
 
ശാസ്താംകോട്ട ഡി.ബി കോളജ്


ആര്യബ്രാഹ്മണർ മനകൾ സ്ഥാപിച്ച്‌ കൂട്ടമായി വസിച്ച ഒരു പ്രദേശത്തിന്റെ നാമമായിത്തന്നെ തീർന്ന മനക്കര; ശ്രീരാമപട്ടാഭിഷേകത്തിന്റെ ചിത്രം അങ്കണം ചെയ്ത നാണയങ്ങൾ; ആര്യബ്രാഹ്മണവിഭാഗങ്ങൾ തന്നെയായ 'ഹരിഹരപുത്ര'സങ്കൽപ്പത്തിന്‌ അതിന്റെ പരിശ്‌ചായ ശാസ്താസങ്കൽപ്പങ്ങൾ നൽകിയ ഭട്ടന്മാർ അധിവസിച്ചിരുന്ന ഭട്ടങ്കുഴി; (പട്ടൻ കുഴി എന്ന സ്ഥലനാമത്തിന്‌ നിദാനമായത്‌ ഇതു തന്നെയാവണം) ഇവയൊക്കെത്തന്നെ വൈദികസംസ്കൃതിയുടെ സ്മൃതിപഥങ്ങളിലേക്ക്‌ നമ്മെ വഴിനയിക്കുന്നു. ഏ.ഡി എട്ടാം നൂറ്റാണ്ടോടുകൂടിയാവണം ഭട്ടന്മാർ (ബ്രാഹ്മണർ) ഇവിടെ എത്തിച്ചേരുന്നത്‌. കായലിനു കുറേ വടക്കുമാറി ഒരു കിലോമീറ്റർ വിസ്തൃതിയിൽ അനേകം ശവകല്ലറകൾ (സമചതുരാകൃതി യിലുള്ളവ) അടുത്തകാലം വരെ ഉണ്ടായിരുന്നതും ഈ വൈദികസംസ്കൃതിയുടെ ശേഷിപ്പാകാം.

അധികാരവർഗ്ഗത്തിനെന്നും ആശ്രയാശ്വാസമരുളിയ ഭൂമിക യുമായിരുന്നു ശാസ്താംകോട്ട. കൊല്ലവർഷം 721 മാണ്ട്‌ വൃശ്ചികം 5 ന്‌ ദേശിംഗനാട്‌ വാണിരുന്ന ഉണ്ണികേരളവർമ്മസ്വാമി ദർശനം നടത്തിയതായി ശിലാലിഖിതമുണ്ട്‌. പന്തളം, കായംകുളം, രാജകൊട്ടാരങ്ങളുടെ വിശ്രമപർണ്ണശാല തന്നെയായിരുന്നു ശാസ്താംകോട്ടയെന്നത്‌ പഴമയുടെ നാവിലെ സ്മൃതികളുണർത്തുന്ന യാഥാർത്ഥ്യമാണ്‌. മാർത്താണ്ഡവർമ്മ മഹാരാജാവ്‌ രാജ്യദ്രോഹികളെ സംഹരിച്ച്‌ സ്വത്തുക്കൾ കണ്ടുകെട്ടിയ കൂട്ടത്തിൽ 'ചിറ്റുണ്ടിയിൽ ആരകൻ വക' സ്വത്തുക്കൾ സമർപ്പിച്ചത്‌ ശാസ്താംകോട്ട ദേവസ്വ ത്തിലായിരുന്നുവെന്നതും രേഖപ്പെടുത്തിയിട്ടുള്ള ചരിത്രമാണ്‌. ഇങ്ങനെ ആദിമകാലം മുതൽ സുവർണ്ണലിഖിത ചരിത്രങ്ങൾ ചമച്ച ശാസ്താംകോട്ട, ദുരന്തങ്ങൾക്കും ഒന്നിലേറെ തവണ സാക്ഷിയായി.
ശാസ്താംകോട്ട കായൽ - കേരളത്തിലെ ഏക ശുദ്ധജല തടാകം
പഴമയുടെ ഓർമ്മച്ചെപ്പിൽ, ഇന്നും നടുക്കമുണർത്തുന്ന സ്മൃതിയായി 1958 ഏപ്രിൽ 10 നു ആദ്യദുരന്തം. പട്ടാള പരിശീലന ക്യാമ്പംഗങ്ങൾക്കുള്ള പ്രഭാതഭക്ഷണത്തിനായി കൊച്ചിയിൽ നിന്നു കൊണ്ടുവന്ന ആട്ടമാവിൽ 'ഹോളിഡോൾ' എന്ന വിഷം കലർന്ന് നൂറുകണക്കിനു ജഡങ്ങൾ ശാസ്താംകോട്ടയിൽ വീണൂ. പ്രഭാതഭക്ഷണമായ ചപ്പാത്തി കഴിച്ചവർ കഴിച്ചവർ മയങ്ങി വീഴുകയായിരുന്നു. എഴുപതോളം പട്ടാളക്കാർ, നിരവധി പട്ടികൾ, പൂച്ചകൾ, കാക്കകൾ..... കുരങ്ങുകൾ മരച്ചില്ലകൾതോറും മരിച്ചുതൂങ്ങി കിടക്കുന്ന കാഴ്ച ഭയാനകമായിരുന്നു.

അടുത്ത ദുരന്തം ശാസ്താംകോട്ട ഏറ്റുവാങ്ങിയത്‌ 1982 ജനുവരി പതിനാറാം തീയതി. അന്ന് ശനിയാഴ്ച ചന്തദിവസം, വള്ളത്തിൽ പരിധിയിലധികം ആൾക്കാർ കയറുന്ന പതിവുകൃത്യം. കായൽമദ്ധ്യത്തിലെവിടെയോ വള്ളം ആടിയുലഞ്ഞപ്പോൾ, അടുത്ത വള്ളത്തിലേക്ക്‌ ചാടി പ്രാണൻ രക്ഷിക്കുവാൻ ശ്രമിച്ച്‌, ഒടുവിൽ കൈവിട്ടൊഴുകിപ്പോയ ഇരുപത്തിനാലാത്മാവുകളുടെ വിദൂരവിലാപങ്ങളിൽ പ്രതിധ്വനിക്കുന്ന ദുരന്തചരിത്രം - ശാസ്താംകോട്ട നടുങ്ങിയ കായൽദുരന്തം.

ബി.സി.3000 നും 2850 നും മദ്ധ്യങ്ങളിലുണ്ടായ നീണ്ട പ്രളയശേഷം കുന്നുകൾക്കിടയിലെ അഗാധഗർത്തം മലവെള്ളത്താൽ നിറഞ്ഞു രൂപപ്പെട്ട, മലവെള്ളവും മഴവെള്ളവും മാത്രമായിരുന്നതു കൊണ്ട്‌ ശുദ്ധമായി തീർന്ന ശാസ്താംകോട്ട കായൽ ഇന്ന് ഏറെ പരിസ്ഥിതി വിഷയങ്ങളാൽ ഉത്കണ്ഠാജനകമായിത്തീർത്തിരിക്കുകയും ചെയ്യുന്നു.

OO   
                                                                                                   അജിത്‌.കെ.സി


 
Sasthamcotta town is the centre of in Kunnathur tehsil of Kollam district of Kerala State. Sathamkotta lake is the largest fresh water lake in  Kerala with the presence of prehistoric Sasthamcotta Temple. The lake provides drinking water to the people of Kollam through various irrigation projects. The purity of water is accredited to the presence of populated larva called cavaborus that consumes bacteria in the lake water.


No comments:

Post a Comment