10 Mar 2012

പരാദജന്മങ്ങൾ

ഓർമ്മകളുടെ ആൽബം. എവിടെയോ കേട്ടു മറന്ന പ്രയോഗം. വളരെ ശരിയാണ്, ഓർമ്മകൾ പലപ്പോഴും കടന്നു വരുന്നത് ഒരു ഫോട്ടോ ആൽബത്തിലെ ചിത്രങ്ങളെപ്പോലെയാണ്. ഓരോ ചിത്രത്തിൽ നിന്നും ഓരോ ഭൂതകാലം അഴിഞ്ഞിറങ്ങി അരങ്ങേറുകയായി. അല്ലെങ്കിൽ നോക്കൂ, ഈ കടൽത്തീരത്ത് ഞാനെന്റെ സുഹൃത്ത് ഉണ്ണിയെയും കാത്ത് ഇരിക്കുകയായിരുന്നു. പെട്ടെന്നാണ് ഓർമ്മകളുടെ ആൽബം താൾ മറിഞ്ഞ് ജന്മാന്തരങ്ങൾക്ക് പിന്നിലേക്കും പോയത്. ചിത്രത്തിൽ ഉണ്ണിയുടെ അച്ഛൻ ജയപാലന്റെ ബാല്യം. അനുജത്തി രാജിയെ തൊട്ടിലാട്ടി ഉറക്കുന്ന ജയപാലൻ. ആ കുഞ്ഞുമുഖത്ത് ഒരു ദു:സ്വപ്നത്തിന്റെ ഭീതിയുണ്ട്. അച്ഛനോടുള്ള സഹതാപവും അനുജത്തിയോടുള്ള വാത്സല്യവും രണ്ടാനമ്മയോടുള്ള വെറുപ്പുമുണ്ട്.
 
പൂമുഖത്ത് സോഫയിൽ ചരിഞ്ഞ് കിടന്നുറങ്ങുകയാണ് ജയപാലന്റെ അച്ഛൻ. ടീപ്പോയിമേൽ ഗ്ലാസ്സുകൾ മറിഞ്ഞു കിടക്കുന്നുണ്ട്. അല്പം മുമ്പുവരെ രണ്ടാനമ്മയും അച്ഛനും അച്ഛന്റെ സുഹൃത്തും കൂടി ചീട്ടുകളിച്ചിരിക്കുകയായിരുന്നു. എല്ലായ്പ്പോഴും തോൽക്കുന്നത് അച്ഛൻ. തോൽക്കേണ്ടതും മദ്യം ഏറെ കഴിക്കേണ്ടതും അച്ഛൻ തന്നെ. രണ്ടാനമ്മയുടെ കവിളുകൾ നേർത്ത മദ്യം പോലെ തുടുക്കുന്നു, ശബ്ദം ഇഴയുന്നു. അച്ഛന്റെ സുഹൃത്ത് അവരെ കിടക്കയിലേക്ക് താങ്ങിയെടുക്കുന്നു. അപ്പോഴും പൂമുഖത്ത് അർദ്ധബോധത്തിൽ ഗ്ലാസ്സുയർത്തി ചിയേർസെന്ന് പിറുപിറുക്കുന്ന അച്ഛൻ.

പറഞ്ഞു കേട്ട കഥകൾ തീർത്ത ഭൂതകാലത്തിന്റെ മറ്റൊരു ചിത്രത്തിൽ വയലറ്റ് പൂക്കൾ നിറഞ്ഞു. ജയപാലന്റെ ഓർമ്മയിൽ അവന്റെ അമ്മ. ഓർമ്മകൾ പിച്ചവച്ചു തുടങ്ങിയ കാലത്ത് കാവിനരികെ വള്ളിയൂഞ്ഞാലിൽ പുസ്തകങ്ങളോടൊപ്പം ആ പൂക്കളെ അവൻ നോക്കിക്കണ്ടു. വർണ്ണശലഭങ്ങൾക്കൊപ്പം ആ പൂക്കൾക്കു ചുറ്റും ഓടിക്കളിച്ചു. പിന്നീട് മരുന്നു മണക്കുന്ന മുറിയിലെ ഉയരമുള്ള കിടക്കയിൽ നിന്ന് ഊർന്നുവീണു കിടന്നതും ഏറെനാളുകൾക്കുശേഷം കത്തിയമർന്നതും അതേ പൂക്കളായിരുന്നു. ഒടുവിൽ ഉപേക്ഷിച്ചുപോയ ചെറിയ ഡയറിയിലെ വടിവൊത്ത അക്ഷരങ്ങളിൽക്കൂടി നടന്നപ്പോൾ ആ പൂക്കളുടെ സുഗന്ധം കൂടി ജയപാലൻ അറിഞ്ഞു. അവയെ മുതിർന്നപ്പോഴും നെഞ്ചേറ്റി സൂക്ഷിച്ചു.
 
ചിത്രങ്ങളിലൊന്നിൽ ഉണ്ണിയുമുണ്ട്. തെരുവിന്റെ ഒരു മൂലയിൽ പൂമാല ചാർത്തി നിർത്തിയിരിക്കുന്ന പശുവിനു പിടിപ്പുല്ല് തീറ്റുകയാണ് ഉണ്ണി. അരികെ ചന്ദനം പൂശി കാവിപുതച്ചിരിക്കുന്ന വൃദ്ധയുടെ മുന്നിൽ തുട്ടുകളിട്ട്, രണ്ടോലപ്പുല്ലു വാങ്ങി പശുവിനെ തീറ്റി, തൊട്ടു വണങ്ങി നടന്നു നീങ്ങുന്ന പട്ടണവാസികളുടെ ഇടയിലൂടെ ഒരു പിടി നാണയങ്ങളുമായി നിൽക്കുന്ന ഉണ്ണിയുടെ നിഷ്ക്കളങ്കമുഖം. അവ്യക്തമായ പശ്ചാത്തലത്തിൽ തൂവാല കൊണ്ട് മുഖം തുടച്ച് ബാറിൽ നിന്നും ഇറങ്ങിവരുന്ന ജയപാലനുമുണ്ട്.

ആൽബത്തിലെ വർണ്ണാഭമായ ചിത്രങ്ങളിലൊന്നിൽ ജയപാലന്റെ ഭാര്യ സുമി നിറഞ്ഞു തുടുത്തു നിന്നു. സുഹൃത്തുക്കളുടെ ഇടയിലിരുന്ന് അവൾ അതിമനോഹരമായി പാടി. രാഗവേഗങ്ങൾക്കൊത്ത് ഏവരും തിമർത്താടി. ആഘോഷ ങ്ങളിൽ നിന്നകന്ന് ജയപാലൻ ഉണ്ണിയുമൊത്തിരുന്നു...

രണ്ടാനമ്മയുടെ ഉടയാത്ത സാരിത്തലപ്പുകളിൽ തൂങ്ങി വാത്സല്യമറിയുവാൻ ഭയപ്പെട്ട ഉണ്ണി കളിപ്പാട്ടങ്ങളെ കണ്ണാടിക്കൂട്ടിൽ തളച്ച് അച്ഛനോടൊപ്പം കടൽത്തീരങ്ങളിൽ അഭയം തേടി. നഗരത്തിരക്കുകളിൽ അലഞ്ഞു. ഈറൻ മിഴികളിൽ അല്പം ശാഠ്യവുമായി മടങ്ങിയെത്തി.

നിറങ്ങളെയും നിലങ്ങളെയും വിട്ട് പറന്നുപോയ പക്ഷികളിലൊന്നായിരുന്നു ഉണ്ണിയ്ക്ക് അമ്മ. ചുവന്ന ആകാശത്തിലേക്ക് പറന്നുപോയ ഒരു തീനാളം... ജന്മദോഷങ്ങളായി അനാഥത്വം ഉണ്ണിയുടെ ജാതകത്തിലുമുണ്ടല്ലോയെന്നു ഓർത്തുപോയി. കുട്ടിക്കാലത്തെന്നോ ഉണ്ണിയ്ക്കൊപ്പം ആ അമ്മയുടെ വാത്സല്യമറിയുവാനും അല്പം ഭാഗ്യം ലഭിച്ചിട്ടുണ്ട്. തണുത്ത വിസ്ക്കി അകത്തു ചെന്നപ്പോൾ പെട്ടെന്നു ആ ഓർമ്മകളെ ആൽബത്തിലേക്ക് സൂം ഔട്ട് ചെയ്ത് ചുറ്റിലും ഉണ്ണിയെ തിരഞ്ഞു.

പെട്ടെന്ന് ബാറിൽ ഒരു തിരക്കനുഭവപ്പെട്ടു. ഏതോ ജാഥ കഴിഞ്ഞെത്തിയ വിദ്യാർത്ഥികളാണ്. നഗരത്തിലെ എല്ലാ ബാറുകളിലും ഇപ്പോൾ ഈ തിരക്കനുഭവപ്പെടുന്നുണ്ടാവും. ഇരുണ്ട വെളിച്ചത്തിൽ സിഗററ്റ് പുകയ്ക്കു പിന്നിൽ മുഖം ഒളിപ്പിച്ച് അവർ ഇരുന്നു. പുസ്തകം പോക്കറ്റിലൊളിപ്പിച്ച് ഉണ്ണിയും അക്കൂട്ടത്തിലുണ്ട്. ബാറിലും മുഷ്ടിയുയർത്തി കാണാതെ പഠിച്ചാക്രോശിച്ച മുദ്രാവാക്യങ്ങൾ ഉരുവിട്ട് അവനും ഇരുന്നു. അതിന്റെ രസം പിടിച്ച് അവന്റെ ഗേൾഫ്രണ്ട് പൊട്ടിച്ചിരിച്ചു.

ബാറിൽ നിന്നിറങ്ങി പാർക്കിംഗിലേക്ക് നടക്കുമ്പോൾ അവർ പരസ്പരം താങ്ങിപ്പിടിച്ചിട്ടുണ്ടായിരുന്നു. ട്രാഫിക് കുരുക്കിൽ ഉണ്ണിയുടെ ബൈക്ക് കാത്തു മുഷിഞ്ഞപ്പോൾ പിന്നിലിരുന്ന സുന്ദരി അസ്വസ്ഥയായി. അവൾ തന്റെ പച്ചനിറമുള്ള ടീഷർട്ടൂരി സിഗ്നൽ പോസ്റ്റിലേക്കെറിഞ്ഞു. ഒരു ശലഭച്ചിറകുപോലെ അത് ആ ചുവന്ന വെളിച്ചത്തെ മറച്ചു...

ആൽബത്തിലേക്ക് കുടിയേറിയ ചിത്രങ്ങളിലൊന്നിൽ ജയപാലന്റെ അച്ഛൻ രോഗശയ്യയിലായിരുന്നു. അയാളുടെ മദ്യപാനം അപ്പോഴും നിന്നിട്ടുണ്ടായിരുന്നില്ല. ദു:സ്വപ്നങ്ങളെ പേടിച്ച് ഉറക്കം തന്നെ ഒഴിവാക്കിയ നാളുകളിലൊന്നിൽ ജയപാലന് രാജിയുടെ ഫോണെത്തി. 
 'ജയേട്ടാ, നമ്മുടെ അച്ഛൻ..."

ജയപാലന് ആശ്വാസമാണ് തോന്നിയത്. അച്ഛന് രോഗം കലശലായ വിവരം അറിയിക്കാഞ്ഞതിൽ ആരോടും വിദ്വേഷം തോന്നിയില്ല. രണ്ടാനമ്മ എല്ലായ്പ്പോഴും കരുതാറുണ്ടായിരുന്ന ഉറക്കഗുളികകൾക്ക് നന്ദി പറയേണ്ടിയിരിക്കുന്നു, രോഗശയ്യയിലും പ്രിയപ്പെട്ട മദ്യം പകർന്നു കൊടുത്തിരുന്ന അച്ഛന്റെ സുഹൃത്തിനും...

കുറെയേറെ നേരം കാവിനരികെ പോയിരുന്ന് ജയപാലൻ ഓർമ്മകളിൽ മുഴുകി. അല്പമകലെയായി ചിത എരിഞ്ഞടങ്ങി. ഇനി ഓർക്കുവാൻ വയലറ്റുപൂക്കൾക്കൊപ്പം ഇനിയും ഒഴിഞ്ഞിട്ടില്ലാത്ത മദ്യക്കുപ്പികളും...
 
രാത്രിയിലെപ്പോഴോ തിരികെ പൂമുഖത്തേക്കെത്തുമ്പോൾ ആരോ സുമിയും ഉണ്ണിയും വന്നിട്ടില്ലേയെന്നു തിരക്കി. കേൾക്കാത്ത ഭാവത്തിൽ നടന്നു. അകത്തളത്തിൽ നിന്നും അച്ഛന്റെ സുഹൃത്ത് ഇറങ്ങി വന്നു.

"ജയൻ മടങ്ങിപ്പൊയ്ക്കൊള്ളൂ, മരിച്ചവരെ തൃപ്തിപ്പെടുത്താനല്ല ജീവിതം...!"

ജയപാലനൊന്നും മനസ്സിലായില്ല. പരാദജന്മങ്ങളുടെ സുവിശേഷങ്ങൾ അയാൾക്ക് അറിയില്ലല്ലോ. ഇവിടെ ഈ നഗരത്തിൽ അയാളുടെ മകൻ പിസ്റ്റൾ ചൂണ്ടുമ്പോൾ കിടപ്പറയിൽ ഞെട്ടിപ്പിടഞ്ഞെഴുന്നേൽക്കുന്നത്
അയാളുടെ സുഹൃത്ത് ആണല്ലോ. രസം നഷ്ടപ്പെട്ടതിന്റെ നിരാശ ഇരുട്ടിലും സുമിയുടെ മുഖത്ത്.

"മമ്മീ, നിങ്ങൾ ഒരു പാവം വിഡ്ഡി, ധൃതി കൂടീട്ട് വാതിൽ അടയ്ക്കുവാൻ കൂടി മറക്കുന്നു!"
 
ആ തമാശയിൽ ഉറക്കെച്ചിരിച്ചുകൊണ്ട് ഉണ്ണി തന്റെ മുറിയിലേക്ക്.

ഉണ്ണി ഓർക്കുന്നുണ്ടാകുമോ ഇന്ന് ബാറിലെ ഓരോ മത്സരത്തിലും അവൻ ജയിച്ചുകൊണ്ടിരുന്നപ്പോൾ അവനെ പ്രോത്സാഹിപ്പിച്ച് അവന്റെ സുഹൃത്തുക്കളുടെ മുന്നിരയിൽ ഞാൻ ഉണ്ടായിരുന്നത്, ഒടുവിൽ കടമെടുത്ത കവിത അവനു വേണ്ടി ചൊല്ലിയതും. ഉണ്ണിയ്ക്കത് നന്നേ ബോധിച്ചിരുന്നു. ഉണ്ണിയുടെ സുന്ദരിയായ ഫ്രണ്ടിനും അത് ഇഷ്ടപ്പെട്ടു. അവൾ അരികിലെത്തി നന്ദി പറഞ്ഞു. അമർത്തി ചുംബിച്ചു. ഒപ്പം മദ്യം നുകർന്നു.

ഇനി ആൽബത്തിലെ പുതിയ ചിത്രത്തിലെത്തേണ്ടത് ഒരൊറ്റ സ്നാപ്പിൽ ഉണ്ണിയുടെ കൈയ്യിൽ നിന്നും ഊർന്നുവീണു ചിതറിയ ഐസ് കഷണങ്ങളുടെ ക്ലോസപ്പ് ദൃശ്യമാണ്!

OO അജിത് കെ.സി

8 comments:

 1. ജയപാലനും ഉണ്ണിയും പെട്ടെന്ന് മറവിയില്‍ പെടാന്‍ സാദ്ധ്യതയില്ലാത്ത കഥാപാത്രങ്ങളാണ്. ദര്‍ശനമില്ലാത്തിടത്ത് ജനം മര്യാദ കെട്ട് നടക്കുന്നുവെന്ന് മഹദ്വചനവുമുണ്ട്.

  ReplyDelete
 2. മരിച്ചവരെ തൃപ്തിപ്പെടുത്താനല്ല ജീവിതം...!"....ആശംസകള്‍

  ReplyDelete
 3. നന്നായിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
 4. ജീവിതത്തിന്‍റെ ആഘോഷം നാറുന്നു ,കെട്ട മൂല്യങ്ങള്‍ വലിച്ചെറിഞ്ഞു നാം ചുവപ്പ് വെളിച്ചത്തിന്‍റെ കണ്ണ് മൂടുകയെന്കിലും ചെയ്യാത്തതെന്താണ് ?

  ReplyDelete
 5. ബ്ലോഗെഴുത്തിന്റെ ലോകത്ത് നല്ല ഒരു കഥാകൃത്തിനെക്കൂടി പരിചയപ്പെടാന്‍ സാധിച്ചതില്‍ സന്തോഷം.....

  ReplyDelete
 6. കുത്തഴിഞ്ഞ ജീവിതത്തിന്റെ നേര്‍ക്കാഴ്ച ..........
  നന്നായി വരച്ചു കാട്ടിയിരിക്കുന്നു ... ആശംസകള്‍

  ReplyDelete
 7. എന്തോ..എനിക്കത്ര ഇഷ്ടമായില്ല..

  ReplyDelete
 8. ഉണ്ണിയും ജയപാലനും മനസ്സില്‍ തെളിമയോടെ ഉണ്ട്.
  അത് പോലെ കഥയില്‍ വിരല്‍ ചൂണ്ടിയ ഇന്നിന്റെ ചില അപകട മുഹൂര്‍ത്തങ്ങളും ... അതിലൊന്ന് ഇങ്ങിനെ വായിക്കാം ...പെട്ടെന്ന് ബാറിൽ ഒരു തിരക്കനുഭവപ്പെട്ടു. ഏതോ ജാഥ കഴിഞ്ഞെത്തിയ വിദ്യാർത്ഥികളാണ്. നഗരത്തിലെ എല്ലാ ബാറുകളിലും ഇപ്പോൾ ഈ തിരക്കനുഭവപ്പെടുന്നുണ്ടാവും.

  ReplyDelete