22 Feb 2016

പൊങ്കാല


നേരത്തെ തന്നെ ആളുകൾ പൊങ്കാലയ്ക്ക് എത്തിത്തുടങ്ങിയിരിക്കുന്നു. നഗരത്തിന്റെ വഴിയോരങ്ങളിൽ തലചായ്ച്ചിരുന്നവരെ മുഴുവൻ പൊലീസ് വിരട്ടിയോടിക്കുകയാണ്. ഓടയിലേക്കുള്ള കോൺക്രീറ്റ് ചരുവിൽ കലുങ്കിൽ നിന്നും ചായ്ച്ചുകെട്ടിയ കീറത്തുണിയുടെ കൂര നഷ്ടപ്പെടാഞ്ഞത് അക്കൂട്ടത്തിലെ ചെറുപ്പക്കാരനായ ഒരു പൊലീസുകാരൻ കനിഞ്ഞതുകൊണ്ടാണ്. അല്ലെങ്കിൽ ഈ കൈക്കുഞ്ഞിനെയും കൊണ്ട് എവിടെപ്പോകും. പണിതീരാത്ത പൊതുകക്കൂസിന്റെ ഇറയത്തുനിന്നും ആട്ടിയോടിക്കപ്പെട്ടത് കഴിഞ്ഞ പൊങ്കാലയ്ക്കായിരുന്നു. കുഞ്ഞ് ജനിച്ചതിന്റെ് പിറ്റേന്ന്. അന്ന് ആ പൊരിഞ്ഞ വെയിലത്ത് എവിടെയൊക്കെ അലഞ്ഞു. വൈകിട്ട് തിരിച്ചുവന്നപ്പോഴേക്കും ആ ചട്ടുകാലിത്തള്ള അവിടെ താമസവും തുടങ്ങി. അന്ന് കണ്ടുപിടിച്ചതാണീ താവളം. അല്ലെങ്കിലും ഇവൻ ജനിച്ചതിൽപ്പിന്നെ കഷ്ടപ്പാടുകൂടി. നഗരത്തിൽ എന്നും അടിയും ബഹളവും പടക്കമേറുമാണ്.
ഇവിടെ വന്നതിനുശേഷം ഒരുപാട് പ്രസംഗം കേൾക്കാൻ പറ്റുന്നുണ്ട്. ഇന്നലെയുമുണ്ടായിരുന്നു ഒരെണ്ണം. വീട്ടുകരം കൂട്ടിയതിന്. വീടുള്ളവർക്കൊക്കെ കരം അടയ്ക്കണമെന്നുള്ളത് പുതിയ അറിവായിരുന്നു. അതുകേട്ടപ്പോൾ ആദ്യമായി വീടില്ലാത്തതിൽ ആശ്വാസം തോന്നി.
പൊങ്കാലയുടെ കൂറ്റൻ ഫ്ലക്സുള്ളതുകൊണ്ട് ആരും കാണില്ല. പുഞ്ചിരിക്കുന്ന ദേവിയുടെ ചിത്രത്തിനുപിന്നിൽ അവളുടെ അടുപ്പൊരുങ്ങി. നഗരം മുഴുവൻ കസവുടുത്ത് പൊങ്കാലയടുപ്പുകൾ ഒരുക്കി. കൊതുമ്പുകത്തുന്ന ചൂടും പുകയും എങ്ങും നിറഞ്ഞു. കലങ്ങൾ തൂവിത്തുടങ്ങി. ഇരന്നുവാങ്ങിയ അരി കലത്തിൽ തിളയ്ക്കുന്നുണ്ട്. പെട്ടെന്നാണ് ഒരു ലാത്തി നീണ്ടുവന്നത്. ഒരൊറ്റ തോണ്ടലിൽ കലം ഓടയിലേക്കു മറിഞ്ഞു. കുടം ആടിയുലഞ്ഞ് മലിനജലത്തിൽ ആരോ വലിച്ചെറിഞ്ഞ ചന്ദനത്തിരി കവറിനും പൂമാലയ്ക്കുമൊപ്പം.
ദേവീ...
കരച്ചിലും കണ്ണീരും ഫ്ലക്സിനുപിന്നിൽ കെട്ടടങ്ങി. ഒട്ടിയവയറുമായി ഒരു കുട്ടി പൊങ്കാലയടുപ്പുകളിലേക്ക് എത്തിനോക്കി.
00

17 Dec 2014


കാക്കേ വന്നേ
വായ തുറന്നേ

പൂച്ചേ വന്നേ
വായ തുറന്നേ

കാക്കേം പൂച്ചേം
വായ തുറന്നേ

ഉണ്ണീടെയങ്ങനെ
വയറുനിറഞ്ഞേ

ഉണ്ണിച്ചിരിയിൽ
ഊരുമുണർന്നേ!
 

                                                                                         വര:

2 Dec 2014

മംഗൾ യാൻ



ചൊവ്വയിൽ പോയൊരു പേടകമേ
നേരേ ചൊവ്വേ പറഞ്ഞാലും
കുന്നും മലയും കണ്ടോ നീ
കുത്തിയിടിച്ചൊരു പാടുണ്ടോ
തെങ്ങുകവുങ്ങുകൾ കണ്ടോ നീ
വെട്ടിമുറിച്ചൊരു പാടുണ്ടോ
പുഴയും കുളവും കണ്ടോ നീ
ഇട്ടുനികത്തിയ പാടുണ്ടോ
പണ്ടൊരുനാളിൽ മാനുഷനവിടെ
വസിച്ചതെളിവുകൾ കണ്ടെന്നോ!

28 Nov 2014

തുമ്പികളുടെ ചുംബനം


കണ്ണുകൾ കൊണ്ടുമാത്രം
പറയുവാൻ കഴിയുന്ന
ചില കഥകളുണ്ട്
ചുണ്ടുകൾ കൊണ്ടു മാത്രം
ഒപ്പിയെടുക്കാൻ കഴിയുന്ന
ചില നിശ്വാസങ്ങളുണ്ട്
ഒരൊറ്റ ഭ്രമണപഥത്തിൽ
മാത്രം തിരിയുന്ന
ചില ഇരട്ടനക്ഷത്രങ്ങളുണ്ട്,
നമുക്കിരുവർക്കും മാത്രം
ഭ്രമണം ചെയ്യാൻ കഴിയുന്ന
ചില പഥങ്ങൾ...
ഇതെന്താണ്?
ചുംബനത്തിന്റെ ആമുഖം
ആമുഖമൊന്നും വേണ്ട
വേഗമാകട്ടെ, സമയമാകുന്നു...
1 2 3
ചുംബനം അങ്ങനെയാണ്
കൈകൾ ചേർത്ത്
കവിളുകളിൽ വച്ച്
കണ്ണുകളിലൊരുഷ്ണം തീർത്ത്
കട്ട് കട്ട് അശ്ലീലം,
കവിതയിൽ കണക്കുവേണ്ട
ആറ്റിൽ കളയുകയല്ലല്ലോ
അളന്നു കളയുവാൻ!
ചുംബനം ഒരു സമരമല്ല
സമരസപ്പെടലാണ്
വികാരങ്ങളുടെ
വിചാരങ്ങളുടെ....
അല്ല, ചോദിക്കുവാൻ വിട്ടു,
കണ്ണുകളിലെന്തിനാണു തുടങ്ങുന്നത്?
കണ്ണുകൾ കടൽക്കരകൾ പോലെ
ചുണ്ടുകൾ പാനപാത്രവും
ഉറവയും ഉണർവ്വും ഹൃദയത്തിലാണ്...
മതി മതി
ചുംബനങ്ങൾ സ്വകാര്യമാകണം
നാമിരുവരും മാത്രമുള്ള...
എന്താ അത്,
ങാ ഭ്രമണപഥത്തിൽ മാത്രം
അത് വിടർന്നാൽ മതി
കണ്ണുകളിൽ രണ്ടിലും
മധുരം കിനിയട്ടെ ചുണ്ടുകളിലും,
യുദ്ധമല്ല
കീഴടങ്ങലാണതിന്റെ മുഖം,
അപ്പോൾ പിന്നെ,
1 2 3...
(കടപ്പാട് : നിധീഷ്)

മറവി



നിനക്കല്ലേലും മറവിയാണ്,
ചായ തണുക്കും മുമ്പെ
പറയാൻ മറന്നതു പോട്ടെ
ഉച്ചയൂണിനൊപ്പം
ഒഴിച്ചുകറി വയ്ക്കാഞ്ഞതോ!

പണം കെട്ടേണ്ട തീയതി കഴിഞ്ഞ്
പിഴയൊടുക്കിയതെത്ര,
ഗ്യാസും പൈപ്പും പൂട്ടാൻ
ഫാനും ലൈറ്റും കെടുത്താൻ
പറഞ്ഞു പറഞ്ഞെത്ര കുഴഞ്ഞു!

ദേ ഇപ്പൊ കണ്ടില്ലേ,
താലിമാല ഊരിക്കിടക്കുന്നു,
അടുക്കളക്കതക് തുറന്നും!

18 Nov 2014

സമാഗമം



ശ്.. ശ്
ചെകിളയിൽ തറഞ്ഞ

ചൂണ്ടക്കുരുക്കിൽ നിന്നു
കരയിലേക്കൊരു
ഞാണിന്മേൽ കളി
ഉറയൂരി ഉപ്പേറ്റി
ചട്ട്യോളം ചാടി
ഒരെരിവു താളം
പൂമുഖത്തേക്ക്

ശ് ശ്...
നുരയട്ടെ
മൊരിയട്ടെ വാക്കുകൾ,
പൂമുഖത്ത്
പരസ്പരം നോക്കി
ഞങ്ങൾ ഇരുന്നു,
അടുക്കളയറിയുന്നോ
പൂമുഖവാണിഭം!

മൂക്കിന്റെ ഓട്ടകളിലെ
പശയിളക്കി
കൺപീളയിളക്കി
കൈനഖങ്ങളിലെ
ചായമിളക്കി
പരസ്പരം കാണാതെ
വാക്കുകൾ പുറം തിരിഞ്ഞിരുന്നു

ശ്ശ്..ശ്ശ്...
തോളോടു തോൾ ചേരാതെ
താളോടു താൾ ചേരാതെ
വാക്കുകൾ മിഴിച്ചു നിന്നു,
അഗ്നിശുദ്ധം
കരിയാത്ത വാക്കുകൾ

ശ്ശോ..
അടുക്കള കരിയുന്നു!


ലോകമലയാളം 2014 ഒക്ടോബർ

കലണ്ടർ



ചിങ്ങം വന്നാലോണം വന്നു
കന്നിപ്പെണ്ണോ കൊയ്യാൻ വന്നു
തുലാം തൂക്കി മഴയെത്തി
വൃശ്ചികമയ്യാ കുളിരേകി
ധനുമാസത്തിൻ വില്ലു കുലച്ച്
മകരം മഞ്ഞല തീർക്കുന്നു
കുംഭക്കാരൻ കുലുങ്ങിയങ്ങനെ
മീനത്തേരിലെത്തുന്നു
മേടം വിഷുവിനു കണിവച്ചൂ
ഇടവപ്പാതിയിരച്ചെത്തീ
മിഥുനം മധുവിധു പോകുമ്പോൾ
കർക്കടകം വിങ്ങിപ്പറയുന്നു,
കലണ്ടർ വേഗം മാറ്റല്ലേ!