17 Nov 2014

ഉത്തരങ്ങൾ:

ആറുനാളിൽ മുട്ടകളെത്ര
കിട്ടുമ്മാന് കിട്ടീടും?                                                     
ഉത്തരം : 11   


ഉത്തരമെന്ത്
തെളിഞ്ഞെന്ന്
കുഴങ്ങാതാരു
പറഞ്ഞീടും?                         
ഉത്തരം : 37


പുത്തൻ കുടയെത്ര
പെട്ടിയിലുണ്ടെന്ന്
പെട്ടെന്നു ചൊല്ലാമോ
കൂട്ടുകാരേ..?                                                                   
ഉത്തരം : 0


കല്യാണപ്പായസമെത്രാൾക്ക് വെക്കണം?                 
ഉത്തരം : 118


അറുപതു കുട്ടേൽ
വട്ടികളെത്ര?
മുട്ടകളെത്ര?                                                                         
ഉത്തരം : 600 & 6000


അത്തിമരത്തേ-
ലെത്തിയാലെത്ര
പൊത്തിൽ തത്തയില്ല?                                                  
ഉത്തരം : 5

അശകൊശലേ പെണ്ണുണ്ടോ


(ഇതൊരു കളിയാണ്, വളരെ മുമ്പുണ്ടായിരുന്ന ഒരു കളിയുടെ ചുവടുപിടിച്ച് എഴുതിയത്. കുട്ടികൾ രണ്ടു കൂട്ടമായി പരസ്പരം പാടി അഭിനയിക്കണം.)

അശകൊശലേ പെണ്ണുണ്ടോ
ചെറുമീശക്കാരനു പെണ്ണുണ്ടോ

അശകൊശലേ പെണ്ണില്ല
മീശക്കാരനു പെണ്ണീല്ല

അശകൊശലേ പെണ്ണുണ്ടോ
മീശയെടുത്താൽ പെണ്ണുണ്ടോ

അശകൊശലേ പെണ്ണില്ല
മൂഷികപ്പെണ്ണിനു പേടിയാണേ

മൂഷികപ്പെണ്ണേ പേടിക്കണ്ട
മീശമാർജ്ജാരൻ പാവമാണേ

മൂഷികപ്പെണ്ണിനെ കൊല്ലൂല്ലേ
കറുമുറെയവളെ തിന്നൂല്ലേ

അയ്യോ പാവം മാർജ്ജാരൻ
പട്ടിൻ ചേലയുടുപ്പിച്ച്
പൊന്നിൻ മാലകൾ കെട്ടീട്ട്
പല്ലക്കിലേറ്റി കൊണ്ടുപോകും

മൂഷികപ്പെണ്ണിനു പേടിയാണേ
ഒറ്റയ്ക്കു പോവാൻ പേടിയാണേ

ഒറ്റയ്ക്കല്ല കേട്ടോളൂ
പൊന്നിൻ വിശറി വീശാനായി
മൂന്നാലുകൾ ഉണ്ടല്ലോ
പഴവും പാലും കൊടുക്കാനായി
തോഴികൾ വേറെയുമുണ്ടല്ലോ
നാണിയ്ക്കണ്ട പോന്നോളൂ
നാലാൾ കാൺകെ പോന്നോളൂ
(പെണ്ണിനെ തട്ടിയെടുക്കുന്നു)

അശകൊശലേ വേഗം ഞങ്ങടെ
മൂഷികപ്പെണ്ണിനെ തിരിച്ചു തരൂ

അശകൊശലേ ഓടിക്കോളൂ
ങ്യാവൂ ങ്യാവൂ ങ്യാവൂ ങ്യാവൂ...

(പേടിപ്പിച്ച് ഓടിക്കുന്നു, തഞ്ചം നോക്കി മൂഷികപ്പെണ്ണും രക്ഷപ്പെടുന്നു.)

16 Nov 2014

ജാഥ


ഉറുമ്പിൻ ജാഥ വരുന്നുണ്ടേ
അരിമണിയേന്തി വരുന്നുണ്ടേ
അണിയണിയായി വരുന്നുണ്ടേ
പണിയാളുകൾ വരുന്നുണ്ടേ

തെറികൾ തെല്ലും മുഴക്കാതെ
പൊതുമുതലൊന്നുമുടയ്ക്കാതെ
വരിവരിയായി വരുന്നുണ്ടേ
അണികൾ നൂറു വരുന്നുണ്ടേ

വരിയിൽച്ചേരാ ചെറിയവരെ
തൊഴുതു വണങ്ങി വരുന്നുണ്ടേ
പൊതുവഴിയെങ്ങും മുടക്കാതെ
ഓരം ചേർന്നു വരുന്നുണ്ടേ

അരികിൽ നിൽക്കും ഉണ്ണികളേ
അദ്ധ്വാനിക്കാൻ പോന്നോളൂ
ഇന്നുലഭിച്ചതിൽ നാളേയ്ക്കും
കരുതിക്കൊണ്ടു നടന്നോളൂ...

മുട്ടയെത്ര?

മുട്ടക്കാരൻ കിട്ടുമ്മാന്
മുട്ടക്കോഴികൾ മൂന്നാണേ
പുള്ളിക്കോഴി പിടക്കോഴി
ദിവസവും മുട്ടകൾ തന്നീടും
ചെല്ലക്കോഴി ചെടയൻ കോഴി
രണ്ടുനാളിലൊരു മുട്ട
തൊപ്പിക്കോഴി തള്ളക്കോഴി
മൂന്നു നാളിലൊരു മുട്ട
പറയുകവേഗം കുട്ടികളെ
ആറുനാളിൽ മുട്ടകളെത്ര
കിട്ടുമ്മാന് കിട്ടീടും?



ഉത്തരം






പകരക്കാരൻ


കണക്കുകളനവധി
ചെയ്യാനായി
കണക്കൻ മുയലു
വരുന്നുണ്ടേ

കമ്പ്യൂട്ടറുകൾ
തുറന്നപ്പോൾ
രണ്ടുകളൊക്കെ
സമരത്തിൽ
പകരം വന്നത്
മൂന്നാണേ

രണ്ടുകൾ രണ്ട്
ഗുണിക്കുമ്പോൾ
മൂന്നുകൾ മൂന്ന്
ഗുണിച്ചെന്നാൽ
കണക്കൻ മുയലു
കുഴങ്ങീലോ

ഉത്തരമെന്ത്
തെളിഞ്ഞെന്ന്
കുഴങ്ങാതാരു
പറഞ്ഞീടും?


ഉത്തരം 



15 Nov 2014

കുടയെത്ര?

പുത്തൻ പണക്കാരൻ
പത്രാസു കാട്ടീ
പുത്തൻ കുടകൾ
നൂറെണ്ണം വാങ്ങീ
പത്തെണ്ണം കാറ്റിൽ
പട്ടം പറത്തി
പത്തെണ്ണം തോട്ടിൽ
വള്ളമൊഴുക്കീ
പത്തെണ്ണം കായലിൽ
മീൻ വലയാക്കി
പത്തെണ്ണം കപ്പലിൽ
പാമരം കെട്ടീ
പത്തെണ്ണം കവലയിൽ
തോരണം തൂക്കീ
പത്തെണ്ണം മൂപ്പനു
കാഴ്ചയൊരുക്കീ
പത്തെണ്ണം കാവില്
കാണിക്കയിട്ടൂ
പത്തെണ്ണം തേവർക്ക്
നേർച്ച കൊടുത്തേ
പത്തെണ്ണം കാവടി
തുള്ളാൻ കൊടുത്തു
പത്തെണ്ണം പൂരത്തിനു
പൂത്തിരിയാക്കുമ്പോൾ
പൂമഴയെത്തിയേ
ഇടിമഴയെത്തിയേ
നൂറാളു കാൺകെയാ
പുത്തൻ പണക്കാരൻ
പത്രാസിൽ നിന്നൂ
പുത്തൻ കുട നീർക്കാൻ
പെട്ടിയിൽ തപ്പീ...
പുത്തൻ കുടയെത്ര
പെട്ടിയിലുണ്ടെന്ന്
പെട്ടെന്നു ചൊല്ലാമോ
കൂട്ടുകാരേ..?

കല്യാണപ്പായസമുണ്ണാൻ പോന്നോളൂ...

കല്യാണം കൂടുവാനാരൊക്കെയുണ്ട്
കല്യാണപ്പെണ്ണിനും ചെക്കനുമൊപ്പം
കല്യാണപ്പെണ്ണിന്റെയച്ഛനുമമ്മയും
കല്യാണച്ചെക്കന്റെയച്ഛനുമമ്മയും
കല്യാണിയമ്മയുമൊമ്പതുമക്കളും
കല്യാണം കൂടുവാൻ നമ്മളുരണ്ടാളും
കല്യാണപ്പന്തലിൽ നൂറാളുമുണ്ടേൽ
കല്യാണപ്പായസമെത്രാൾക്ക് വെക്കണം?


ഉത്തരം