12 Nov 2014

സൽക്കാരം

ചായസൽക്കാരമല്ല വേണ്ടൂ സഖീ
ചായപ്പൊടിയോ മധുരമോ ആകാതെ
വാക്കായി നമ്മിലലിഞ്ഞിറങ്ങട്ടെ
പോയകാലത്തിൻ കണ്ണീരൊഴുക്കുകൾ

നിൽക്കുന്നു വീണ്ടും വാഗ്ബന്ധമില്ലാതെ
വിസ്മയം പോലെയീ നിമിഷം വിടർന്നിട്ടും
അകലങ്ങളിൽ നട്ട വന്മരങ്ങളായി നാം
അടിവേരുകളാൽ പുണർന്നുകൊണ്ടിങ്ങനെ

ഇണതെറ്റിയുള്ളിൽ നിലച്ചയാ വാക്കുകൾ
അണപൊട്ടിയീ മഴയ്ക്കൊപ്പമൊഴുകട്ടെ
നാമൊന്നിക്കുമനഘനിമിഷങ്ങളിൽ
വാക്കിൻ ഘടികാരം നിലച്ചു പോകാമോ!

ഓരോ മുളന്തണ്ടിലും ശ്രുതിയുണ്ടതിൽ
ചുണ്ടു ചേർക്കും മാന്ത്രികനൊരാൾ
തുടിയുണർത്തുവാനോരോ കാലങ്ങളിൽ,
കൈപിടിച്ചിറങ്ങുമൊരു പാട്ടിൻ വസന്തം

വാക്കിന്റെ ചില്ലയിൽ കൂടുംകെട്ടും കിളി
കൊക്കുവിടർത്തുന്നിതെന്നുള്ളിൽ
പാടുവാനില്ലിനി വിരഹരാമായണക്കഥ
പാടുവാൻ നിന്നെക്കുറിച്ചു മാത്രം

നീയെന്റെയാത്മാവിൻ നിഴലായിരുന്നു
നീയെന്റെ വാക്കിന്റെ തണലായിരുന്നു
നീയെന്റെ മഷിയുടെ തണുവായിരുന്നു
നീയെന്റെയെന്റേതു മാത്രമായിരുന്നു...

ചായസൽക്കാരമല്ല വേണ്ടൂ സഖീ
ചായങ്ങളാകുക വർണ്ണസ്വപ്നത്തിന്റെ,
ചിറകുവിടർത്തിയുയരുന്ന വാക്കിന്റെ
ചാരത്തണയുക, നാദനൂപുരമാകുക!

2 comments:

  1. ഹാ, എത്ര മനോഹരം

    ReplyDelete
  2. നിന്നെ കുറിച്ച് ഇനി ഞാന്‍ എന്തെഴുതേണ്ടു

    ReplyDelete