23 Feb 2013

ഓർമ്മകളുടെ വിരുന്നുകാലം

Illustration : Krishna Deepak
ദേശാഭിമാനി ആഴ്ചപ്പതിപ്പ് (30 ജൂൺ 13)

ഓർമ്മകളുടെ
പൊതു ശ്മശാനത്തിൽ
നാമൊരിക്കൽ
നനഞ്ഞൊട്ടിയ
ഒരു കല്ലറയുണ്ടാകും

ഓർമ്മനാളിൽ
മെഴുതിരി കത്തിക്കാൻ
മുറ്റത്തൊരു വാക്ക്
ചെത്തി മിനുങ്ങും

ഹൃദയത്തിലേക്ക്
വീശിയെറിഞ്ഞ
കോരുവലയിൽ നിന്ന്,
ഒരു കുഞ്ഞു വാക്ക്,
ഇഴയടുപ്പമില്ലാത്ത
വലക്കണ്ണിയിലൂടെ
ഊർന്നിറങ്ങി
വീണ്ടും ഒരു
നക്ഷത്ര മത്സ്യമായി
നീന്തിയകലും

നമുക്കിടയിലൊരു
വാക്കിന്റെയകലം
മുലക്കച്ചയില്ലാത്ത
മൺശില്പമാകും,
ശവം നാറിച്ചെടികളുടെ
പൂച്ചാർത്തിനിടയിലൂടെ
ഇഴഞ്ഞു കയറിയ
ആകാശമുല്ല
ഓർമ്മക്കല്ലിനെ
ചുറ്റിവരിഞ്ഞ്
കുഞ്ഞു പൂക്കളുമായി
ഫണമുയർത്തും

വിധിവൈകൃതങ്ങളുടെ
വിദൂരത്തു നിന്നും
സുകൃതസ്മൃതികളുടെ
പിന്നാമ്പുറത്തേക്ക്
കാഴ്ച്ചയുടെ
കണ്ണെത്താ താഴ്ച്ചയിലേക്ക്
വീണ്ടുമൊരു വാക്ക്
വിരുന്നെത്തും
O

3 comments:

  1. പറയാനാവുന്നില്ല... തിങ്ങുന്നു...

    ReplyDelete