16 Feb 2013

അദ്ധ്യായം - നഗരം ദരിദ്രം

ഭാഗം - വയലും വീടും
---------------------------------------
കരിക്കുലം -
നിരീക്ഷണം പരീക്ഷണം
ക്ഷണനേരം കൊണ്ട്
കലം, കരി, കറിയില്ലായ്മ
എന്നീ ധാരണകൾ

സാമൂഹ്യപ്രശ്നം-
പട്ടിണിയോടു ജീവിതം
സമരസപ്പെടാത്ത അവസ്ഥ,
അന്യസംസ്ഥാനങ്ങളുടെ ഉപരോധം,
പാചകവാതകത്തിന്റെ ക്ഷാമം,
ജപ്തിനോട്ടീസ്

ഉള്ളടക്കം-
മൂന്നുകല്ലുകൾക്കിടയിൽ
ചൂടും വായുവും വിറകും
തീർക്കുന്ന ജ്യാമിതീയരൂപം
അടുപ്പ്,
കലത്തിൽ കരിപിടിച്ചാൽ
കറിയും ചോറും

മുന്നറിവ്-
അടച്ചുവച്ച അടുപ്പിലേ
അടുപ്പമുള്ളൂ

പഠനസഹായികൾ-
കാവലിരിക്കുന്ന പൂച്ച,
വായ്പ്പാട്ട്മാലിക

ആമുഖം-
കുട്ടികളെ സംഘങ്ങളാക്കി,
വിതയ്ക്കുന്നു
കൊയ്യുന്നു
മെതിയ്ക്കുന്നു
ചൂട്ടും കൊതുമ്പും കൂട്ടുന്നു
അടുപ്പൊരുങ്ങുന്നു

പ്രവർത്തനങ്ങൾ-
അദ്ധ്യാപകൻ
കരിയുള്ള കലത്തിലേ
കറിയുള്ളൂ എന്നു പാടുന്നു,
കുട്ടികൾ കോറസ്സാകുന്നു,
ഏറ്റുപാടുമ്പോൾ
സ്ക്രീനിൽ
നെൽ വയലുകൾ
തെങ്ങിന്നെടുപ്പുകൾ
എരിയാത്ത വീടും
കോരന്റെ വാഴയും
കുമ്പിളിൽ കഞ്ഞിയും

പ്രതികരണം-
പ്രതീക്ഷിച്ചത് ഏമ്പക്കം
ലഭിച്ചത് കോട്ടുവാ

ചാർട്ട്-
മഴ
ചറപറ ചറപറ

തുടർപ്രവർത്തനങ്ങൾ-
മുറ്റത്തെ ചെപ്പിനടപ്പിട്ട്
താഴിട്ട് പൂട്ടുക,
കയറൂരി ഉത്തരത്തിൽ
കൊളുത്തുക.

സഹായഗ്രന്ഥങ്ങൾ-
ലേബർമഞ്ജരി,
പട്ടിണി മരണത്തിനു
നിയമസാധുതയുള്ള ഭരണഘടന
പ്രബോധനം വാരിക (20/09/2013)

2 comments:

  1. ഇതെന്താ ഡീപ്പീയീപ്പിയോ?

    ReplyDelete
  2. ദിപ്പീയീപ്പീ പഠനം ..കുട്ടികളെ അഴിച്ചു വിടുക ..കവിത നന്നായി .മഴപ്പാറ്റകളില്‍ വീണ്ടും മഴ പെയ്യാന്‍ തുടങ്ങിയല്ലോ ,,സന്തോഷം

    ReplyDelete