15 Feb 2013

കോട്ടയക്കാൾ

കോട്ടയക്കാൾ
------------
കോട്ടയക്കാൾ
ഒരു മന്ത്രവാദിനിയാണു,
സ്കൂളില്ലാ ദിവസങ്ങളിൽ
പുളിങ്കുരു നൂറെണ്ണി
ഓംഹ്രീം നാലു ചൊല്ലിയാൽ
പടിപ്പുരയിൽ തലയെത്തും,
കണ്ണടച്ചു തുറന്നാൽ
ചേച്ചി അക്കാളിന്റെ മടിയിലാകും!

കോട്ടയക്കാളിന്റെ
കറുത്ത സഞ്ചീൽ
അലുവക്കഷണമുണ്ട്,
അമ്മ കാണാതെ
വായിലിട്ടു തരും,
നൂറുമ്മയാ വില,
പക്ഷേ ഉണ്ണീടെ കയ്യീന്ന്
ഒന്നേ അക്കാൾ വാങ്ങൂ..!

ചേച്ചീടെ മുടി പിന്നി
കഥകൾ പറഞ്ഞു തരും,
മുത്തശ്ശീടെ
വെറ്റിലച്ചെല്ലത്തിലാണു
കഥകൾ ഒളിച്ചിരുന്നത്,
കോട്ടയക്കാൾ
വെറ്റിലയിൽ ചുണ്ണാമ്പു തേച്ച്
മന്ത്രം ചൊല്ലി
എല്ലാറ്റിനേം വെയിലിൽ തളയ്ക്കും!

കഥ പറയുമ്പോൾ
അക്കാൾ കിതയ്ക്കും,
അടുക്കളയിൽ
അമ്മിക്കല്ലിനടുത്തിരുന്നാൽ
അടുപ്പിലെ ചൂടേറ്റാൽ
കിതപ്പു മാറും,
അക്കാൾ മന്ത്രം ചൊല്ലി
തീയ് വിഴുങ്ങും,
തിളച്ച കഞ്ഞി
ഒറ്റവലിക്ക് മോന്തും...

കുറച്ചു മന്ത്രങ്ങൾ
അമ്മയ്ക്കുമറിയാം,
മുളക് ഉണക്കാൻ
കണ്ണാടി തന്ന്
ഞങ്ങളെ കാവലിരുത്തി
അമ്മ ചെവികൂർപ്പിച്ച്
കേട്ടിരിക്കും,
എഴി കടന്ന്
അക്കാളിന്റെ കഥകൾ
ചെവിയിലെത്തും,
കോട്ടേചന്തേന്ന്
തൂണിക്കൊട്ട വാങ്ങീതും
കോട്ടേക്കായലിൽ
പെണ്ണൊഴുകിയതും...

കോട്ടയക്കാൾ
ഒരു മന്ത്രവാദിനിയാണു,
തിരികെപ്പോകുമ്പോൾ
പശുക്കുട്ടി കയറുപൊട്ടിക്കും
പറമ്പിൽ തേങ്ങ പൊഴിയും,
ഉക്കൻ കണ്ണുകൾ ചൂണ്ടി
മാറാപ്പു വീർപ്പിക്കും,
മുത്തശ്ശീടെ കണ്ണുകൾ കൂടെപ്പോകും!

9 comments:

  1. കവിയും ഒരു മന്ത്രവാദിയാണ്

    സുന്ദരകവിതകളെഴുതുന്ന മന്ത്രവാദി

    ReplyDelete
  2. ഓ എന്റെ ദൈവമേ... ഈ കവിയും മന്ത്രവാദം പഠിച്ചോ... കവിതയെ മടിയിലിരുത്തി മനസ്സും കൊണ്ട് പോയല്ലോ!

    ReplyDelete
  3. അജിത്തെട്ടന്‍ പറഞ്ഞ പോലെ കവി ഒരു മന്ത്രവാദി തന്നെയാണ്. കവിത മനോഹരം

    ReplyDelete
  4. കവിത വായിച്ചു ആശംസകള്‍

    ReplyDelete
  5. അക്ഷരങ്ങള്‍ കൊണ്ട് മന്ത്രവാദം . ആശംസകള്‍ നേരുന്നു ഈ കുഞ്ഞുമയില്‍പീലി

    ReplyDelete
  6. നന്നായി അജിത്തേട്ടാ ..
    സ്നേഹം

    ReplyDelete
  7. മനസ്സില്‍ എവിടെയോ ഒരു നൊമ്പരം......ജീവിതത്തിന്‍റെ നാള്‍വഴികളില്‍ നാം നഷ്ടപ്പെടുത്തിയ ഗ്രാമീണ നന്‍മകളെ ഓര്‍മിപ്പിക്കുന്നതായി ഈ കവിത. O.N.V യുടെ "കുഞ്ഞേടത്തി" പോലെ....അജിത്‌ എഴുതിയ പോലെ നമ്മുടെ അമ്മമാരെല്ലാം മന്ത്രവാദിനികള്‍ ചമഞ്ഞിരുന്നു ഒരിക്കല്‍......ഞങ്ങള്‍ വീഴുമ്പോള്‍ അമ്മ ചൊല്ലിയിരുന്ന ഒരു "കുക്കുടു" മന്ത്രമോര്‍ക്കുന്നു ഞാന്‍.....
    കവിത അസ്സലായി....ആശംസകള്‍.....................

    ReplyDelete
  8. കവി ഒരു മന്ത്രവാദി തന്നെ.അക്ഷരങ്ങള്‍ കൊണ്ട്, ഭാഷ കൊണ്ട് മന്ത്രവാദം നടത്തുന്ന ആ വിരലുകളില്‍ നൂറുമ്മ....

    ReplyDelete