24 Mar 2012

ദ്രവീകരിക്കപ്പെടാതെ - ഖരമാലിന്യങ്ങൾ

പഞ്ചഭൂതങ്ങളിൽ സ്വയം മലിനമാകാത്തതായി ഒന്നേ ഉള്ളൂ, അത് അഗ്നിയാണ്. അഗ്നിശുദ്ധി എന്ന പദം പോലും ജ്വലിക്കുന്നത് വിശ്വാസദൃഢതയുടെ നേരഴകായാണ്. ആ അഗ്നിയെപ്പറ്റി, 'അഗ്നി എന്ന മാലിന്യം' എന്നു  ഖരമാലിന്യങ്ങ(കേളികൊട്ട് ബ്ലോഗ് മാഗസിൻ, 24 മാർച്ച്) എന്ന കഥയിൽ വിവക്ഷിക്കപ്പെടുന്നു. വിവിധ മാലിന്യ വകുപ്പുകളുടെ പരിധികൾക്കപ്പുറം നിന്നു ശമനവേഗം തേടുന്ന വ്യതിരിക്തമായ കാഴ്ച. വരികൾക്കപ്പുറം, വികാരങ്ങളെ അഗ്നിയോടുപമിക്കപ്പെട്ടിട്ടുള്ളതോർത്തു. അതെ, നല്ലയൊരടിമയും ചീത്ത യജമാനനുമാണല്ലോ, അഗ്നിയെപ്പോലെ തന്നെ വികാരങ്ങളും. നിയന്ത്രിക്കപ്പെടാത്ത വികാരങ്ങൾ മാലിന്യങ്ങൾ തന്നെ. കുമിഞ്ഞു കൂടിയും പൊട്ടിയൊഴുകിയും സമൂഹത്തിലേക്ക് ദുർഗന്ധമായി വ്യാപിക്കുകയും ചെയ്യുന്ന മാലിന്യങ്ങൾ.  മുമ്പെങ്ങുമില്ലാത്ത വിധം (ഭൗതിക) മാലിന്യ സംസ്ക്കരണം, നിർമ്മാർജ്ജനം തുടങ്ങിയവ ഏറ്റവും പ്രധാന പ്രശ്നങ്ങളിലൊന്നായി മാറുന്ന സാമൂഹ്യപശ്ചാത്തലത്തിലാണ് അതിലുമെത്രയോ ഭീകരമാണ് മാനസിക പരിസ്ഥിതിയിൽ കാണുന്ന മാലിന്യങ്ങളെന്നു ഒരു വാർത്താചിത്രത്തിലെന്നപോലെ ഒരു ചെറിയ കാഴ്ചയൊരുക്കി 'ഖരമാലിന്യങ്ങൾ' പ്രദർശിപ്പിക്കുന്നത്.


ഖരമാലിന്യവകുപ്പിന്റെ പ്രാദേശിക മേധാവിയും അയാളുടെ മേലുദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരുമടങ്ങുന്ന ഒരു കൂട്ടമാൾക്കാരിലൂടെ ഒരു വലിയ സമൂഹത്തിന്റെ നെടുഛേദമാണ് കഥാകൃത്ത് പ്രദീപ് കുമാർ നമുക്ക് നൽകുന്നത്.


മേലുദ്യോഗസ്ഥരെ പ്രീതിപ്പെടുത്താൻ ഖരമാലിന്യങ്ങള്‍ നീക്കംചെയ്യുന്ന കീഴ്ജീവനക്കാരെ കഥാനായകൻ ചൂഷണം ചെയ്യുന്നതും അയാളെപ്പറ്റിയുള്ള 'പരാതിയെഴുത്തിലെ അക്ഷരത്തെറ്റുകള്‍ ഓരോന്നും പെറുക്കിയെടുത്ത്' മദ്യശാലയിൽ തൊട്ടുകൂട്ടുന്നതും സരസമായി പലപ്പോഴും കണ്ടു മറന്ന മുഖങ്ങളിലൂടെ 'മലിനഗന്ധങ്ങളില്‍ നിന്ന് കഴുകിയെടുത്ത്, സൗഭാഗ്യവതികളുടെ മണമുള്ള ലേപനങ്ങള്‍ പുരട്ടി, തിളക്കവും മിനുസവുമുള്ള വസ്ത്രങ്ങളണിയിച്ച് ' കഥയുടെ പരിവേഷത്തിൽ നമ്മുടെ മുന്നിലെത്തുന്നു.


ദ്രവീകരിക്കപ്പെടാത്ത മന:സ്ഥിതികളെയും വ്യവസ്ഥിതികളെയും പ്രത്യേകം പ്രത്യേകം നിക്ഷേപിക്കുന്നതു കഥയിൽ കറുത്ത പരിഹാസത്തിലും എത്ര കാവ്യാത്മകമായി ആണെന്നു നോക്കൂ, അഴുക്കു ചാലിലൂടെ ഒഴുകിയെത്തുന്ന ഒരു ഇളം പൈതലിന്റെ ജഢം ഞങ്ങളുടെ പരിധിയില്‍ വരുമെങ്കിലും അതോടൊപ്പം ഒഴുകിവരുന്ന ഒരമ്മയുടെ നിസ്സഹായതയുടെ കണ്ണുനീരുപ്പു കലങ്ങിയ കൊഴുത്തിരുണ്ട ജലം ദ്രാവക മലിനീകരണ വകുപ്പിന്റെ പരിധിയിലാണ് പരിഗണിക്കപ്പെടുക...


'ആട്ടിയോടിക്കപ്പെടുകയും കല്ലെറിയപ്പെടുകയും ചെയ്യപ്പെട്ട ഒരു ജീവിതത്തിന്റെ അവശേഷിപ്പായി അതില്‍നിന്നുയരുന്ന അസഹ്യമായ ഗന്ധം' പരിഗണിക്കപ്പെടാതെ പോവുകയും അഴിയാക്കുരുക്കുകളിൽ ജീവിതം 'ഖരമാലിന്യമായി കരിഞ്ഞു വീഴുകയും' ചെയ്യുമ്പോൾ 'ആത്മീയ വഴി'കളുടെ ശയനസുഖത്തിൽ 'ശമ്പളം കൂട്ടിത്തരാമോ, ജോലി സ്ഥിരപ്പെടുത്താമോ' എന്നു മാത്രം ജീവിത സമസ്യകളിൽപ്പെട്ടടിയറവു വയ്ക്കുന്ന ചില മുഖങ്ങളുടെ , ലൈംഗിക ചൂഷണത്തിന്റെ ഒരു നേർക്കാഴ്ചയും ഒറ്റക്കണ്ണിന്റെ അതിസൂക്ഷ്മ ദർശനത്തിൽ അഴിമതിയെന്ന മറ്റൊരു മാലിന്യത്തെക്കൂടി അടിവരയിടുന്നതു കൂടിയാകുമ്പോൾ മാലിന്യനിക്ഷേപം സമീകരിക്കപ്പെടുന്നു!
 
എന്നില്‍ നിന്നുയരുന്ന ഗന്ധം സഹിക്കാനാവാതെ മൂക്കു പൊത്തിക്കൊണ്ട് അവരൊത്തുചേര്‍ന്ന് എന്നെ ട്രാക്ടറിലേക്ക് വലിച്ചു കയറ്റുകയാണ്.. മാലിന്യ സംസ്കരണകേന്ദ്രത്തിലെ ഇന്‍സിനറേറ്റര്‍ ലക്ഷ്യമാക്കി വല്ലാത്ത കുലുക്കത്തോടെ നീങ്ങുന്ന ഒരു ട്രാക്ടറിനെക്കുറിച്ച് കടല്‍ക്കാഴ്ചകളുടെ ആത്മീയ സുഖാനുഭൂതികള്‍ക്കിടയിലും ഞാന്‍ ചിന്തിക്കുന്നുണ്ടായിരുന്നു... ഇങ്ങനെയാണ് കഥ അവസാനിക്കുന്നത്.


ഒതുക്കമുള്ള ഭാഷയിൽ മികച്ച രചനാപാടവത്തോടെ കഥാകൃത്ത്, മാലിന്യവൽക്കൃത സമൂഹത്തിനു മുന്നിലേക്ക് ഫോക്കസ് ചെയ്ത ഒരു ഒളിക്യാമറ പോലെ കുറേ നേർ ചിത്രങ്ങളെ പകർത്തി നിസ്സംഗനാവുകയും അതോടൊപ്പം തന്നെ കഥാപാത്രത്തെ സ്വയം മാലിന്യമെന്ന് തിരിച്ചറിവുണ്ടാക്കി ഇൻസിനേറ്ററിലേക്ക് മനസ്സിനെ കൊണ്ടെത്തിക്കുകയും ചെയ്ത് മൂല്യപക്ഷത്ത് അണിചേരുകയും ചെയ്യുന്നു. പ്രദീപ് കുമാറിന്റെ കഥകൾ കൂടുതൽ വായനക്കാരിലേക്കെത്തുമെന്നും തുടർന്നെഴുത്തിൽ കൂടുതൽ മികച്ച രചനകളിലൂടെ തന്റെ സാന്നിദ്ധ്യം അറിയിക്കുവാൻ ഈ കഥാകൃത്തിനു കഴിയുമെന്നും പ്രത്യാശിക്കുന്നു. കറ തീർന്ന ഈ കഥ തന്നെ അതിനു സാക്ഷ്യം.

OO

6 comments:

 1. ആദ്യം പോയി ഖരമാലിന്യങ്ങള്‍ വായിക്കട്ടെ.

  ReplyDelete
 2. ഞാനും പോയി വായിക്കട്ടെ. ആശംസകൾ ട്ടോ.

  ReplyDelete
 3. പ്രദീപ്‌ മാഷിന്റെ ഈ കഥ നേരത്തെ വായിച്ചിരുന്നു...

  ReplyDelete
 4. ഈ കഥയിലൂടെയാണ് പ്രദീപ്‌ മാഷിനെ അറിഞ്ഞത്... അതില്‍ പിന്നെ മുടങ്ങാതെ അവിടെ എത്താറുണ്ട്...
  ഇനിയും നല്ല രചനകള്‍ പിറക്കട്ടെ...എന്നാശംസിക്കുന്നു...

  ReplyDelete
 5. നേരത്തെ വായിച്ചിരുന്നു, ഈ കഥയെഴുതിയത് കൊണ്ടാണ് മാഷ് പെട്ട് പോയത് :)

  ReplyDelete
 6. നന്ദി സുഹൃത്തുക്കളെ... അജിത്ത് പ്രത്യേകമായി സന്തോഷവും സ്നേഹവും അറിയിക്കുന്നു.

  ReplyDelete