28 Nov 2014

തുമ്പികളുടെ ചുംബനം


കണ്ണുകൾ കൊണ്ടുമാത്രം
പറയുവാൻ കഴിയുന്ന
ചില കഥകളുണ്ട്
ചുണ്ടുകൾ കൊണ്ടു മാത്രം
ഒപ്പിയെടുക്കാൻ കഴിയുന്ന
ചില നിശ്വാസങ്ങളുണ്ട്
ഒരൊറ്റ ഭ്രമണപഥത്തിൽ
മാത്രം തിരിയുന്ന
ചില ഇരട്ടനക്ഷത്രങ്ങളുണ്ട്,
നമുക്കിരുവർക്കും മാത്രം
ഭ്രമണം ചെയ്യാൻ കഴിയുന്ന
ചില പഥങ്ങൾ...
ഇതെന്താണ്?
ചുംബനത്തിന്റെ ആമുഖം
ആമുഖമൊന്നും വേണ്ട
വേഗമാകട്ടെ, സമയമാകുന്നു...
1 2 3
ചുംബനം അങ്ങനെയാണ്
കൈകൾ ചേർത്ത്
കവിളുകളിൽ വച്ച്
കണ്ണുകളിലൊരുഷ്ണം തീർത്ത്
കട്ട് കട്ട് അശ്ലീലം,
കവിതയിൽ കണക്കുവേണ്ട
ആറ്റിൽ കളയുകയല്ലല്ലോ
അളന്നു കളയുവാൻ!
ചുംബനം ഒരു സമരമല്ല
സമരസപ്പെടലാണ്
വികാരങ്ങളുടെ
വിചാരങ്ങളുടെ....
അല്ല, ചോദിക്കുവാൻ വിട്ടു,
കണ്ണുകളിലെന്തിനാണു തുടങ്ങുന്നത്?
കണ്ണുകൾ കടൽക്കരകൾ പോലെ
ചുണ്ടുകൾ പാനപാത്രവും
ഉറവയും ഉണർവ്വും ഹൃദയത്തിലാണ്...
മതി മതി
ചുംബനങ്ങൾ സ്വകാര്യമാകണം
നാമിരുവരും മാത്രമുള്ള...
എന്താ അത്,
ങാ ഭ്രമണപഥത്തിൽ മാത്രം
അത് വിടർന്നാൽ മതി
കണ്ണുകളിൽ രണ്ടിലും
മധുരം കിനിയട്ടെ ചുണ്ടുകളിലും,
യുദ്ധമല്ല
കീഴടങ്ങലാണതിന്റെ മുഖം,
അപ്പോൾ പിന്നെ,
1 2 3...
(കടപ്പാട് : നിധീഷ്)

No comments:

Post a Comment