15 Nov 2014

കുടയെത്ര?

പുത്തൻ പണക്കാരൻ
പത്രാസു കാട്ടീ
പുത്തൻ കുടകൾ
നൂറെണ്ണം വാങ്ങീ
പത്തെണ്ണം കാറ്റിൽ
പട്ടം പറത്തി
പത്തെണ്ണം തോട്ടിൽ
വള്ളമൊഴുക്കീ
പത്തെണ്ണം കായലിൽ
മീൻ വലയാക്കി
പത്തെണ്ണം കപ്പലിൽ
പാമരം കെട്ടീ
പത്തെണ്ണം കവലയിൽ
തോരണം തൂക്കീ
പത്തെണ്ണം മൂപ്പനു
കാഴ്ചയൊരുക്കീ
പത്തെണ്ണം കാവില്
കാണിക്കയിട്ടൂ
പത്തെണ്ണം തേവർക്ക്
നേർച്ച കൊടുത്തേ
പത്തെണ്ണം കാവടി
തുള്ളാൻ കൊടുത്തു
പത്തെണ്ണം പൂരത്തിനു
പൂത്തിരിയാക്കുമ്പോൾ
പൂമഴയെത്തിയേ
ഇടിമഴയെത്തിയേ
നൂറാളു കാൺകെയാ
പുത്തൻ പണക്കാരൻ
പത്രാസിൽ നിന്നൂ
പുത്തൻ കുട നീർക്കാൻ
പെട്ടിയിൽ തപ്പീ...
പുത്തൻ കുടയെത്ര
പെട്ടിയിലുണ്ടെന്ന്
പെട്ടെന്നു ചൊല്ലാമോ
കൂട്ടുകാരേ..?

No comments:

Post a Comment