19 Sept 2013

വാതിൽ

1.

മരപ്പലകയിലും
കട്ടിളക്കാലിലും
വീട് നിരന്തരം
പുറത്തേക്കൊഴുകുന്നു

പടിപ്പുരയിൽ
കണ്ണുകഴയ്ക്കുവോളം
ചതുരാഭ്രപാളിയിൽ
ചലിക്കുന്ന ജീവിതം

നക്ഷത്രവാതിലുകൾ
കാവൽക്കിടങ്ങുകൾ
വിഷുവർഷപ്പുലരികൾ
കലണ്ടർ വാതിലിൽ

ചില്ലുകൂടാരത്തിൽ
ജലവാതിലില്ലാതെ
സ്വർണ്ണമത്സ്യങ്ങൾ..
വാതിലില്ലാക്കാലം
ഭിക്ഷയെന്നു
ദ്വാരപാലകൻ!
 

2.

അടഞ്ഞ വാതിൽ
കമഴ്ത്തിവച്ച കണ്ണാടി

കതകിലിടയുന്നു
നേർക്കാഴ്ചകൾ
മരാശാരിയുടെ
കണ്ണിൻ മൂർച്ച
അണമുറിച്ച
പുഴയൊഴുക്ക്

ചുവരല്ലാത്ത ചുവർ
കാതോർത്താൽ
അടഞ്ഞ ശബ്ദങ്ങൾ
താക്കോൽപ്പഴുതിൽ
അഴിഞ്ഞ ദൃശ്യങ്ങൾ,
രാത്രിയുടെ കിതപ്പ്...

കാറ്റുപറഞ്ഞു
മുട്ടുവിൻ തുറക്കപ്പെടും,
ഭിക്ഷയില്ലാ വാതിൽ
കല്പാന്തമടഞ്ഞു തന്നെ

തിരശ്ശീല വീണ
രംഗശാല,
വിങ്ങി നിൽക്കുന്ന
മനോധർമ്മം!

3.

കതകിൽ മുട്ടു കേട്ട്
ഭയചകിതയമ്മ
മക്കളെ മാറോട്
ചേർത്ത് പിടിക്കുന്നു

അമ്മയുടെ കനവും
കണ്ണീരും അടഞ്ഞു കിടന്നു,
കതകുകൾക്കപ്പുറം
തെരുവു കത്തി
പകൽ വീണു,
രാത്രി പെയ്തു...

മക്കൾ പിച്ച നടന്നു,
വിസ്മയക്കണ്ണുകൾക്ക്
എത്ര വാതിലുകൾ!

ഉമ്മറഭിത്തിയിൽ
ചില്ലുകതകിട്ട
ചതുരക്കട്ടളയിൽ
അച്ഛനപ്പോഴും
പുഞ്ചിരി നീട്ടി!

4. 

വാതിൽ
ആത്മകഥയില്ലാത്ത
കർമ്മസാക്ഷി,

താഴില്ലാത്ത വാതിൽ
തന്റെ ജീവിതമെന്നു
കവലയിൽ
ഉച്ചഭാഷിണി,
കതകില്ലാ വാതിൽ
കവിതയെന്നു കവി

ഇരുപുറം തുറക്കും
വാതിൽ വിധിയെന്നു
കാലാദേശാതീതം
ചേകവച്ചുരിക

വാതിൽപ്പൂട്ടുകൾ
മടിശ്ശീലയിൽ...

അകത്താര്
പുറത്താര്
കഥയാട്ടത്തിന്റെ
ഇങ്ങേപ്പുറം
ഭയചകിതൻ ഞാൻ
നരജീർണ്ണം
വാതിൽപ്പഴുതിൽ
ദുര നാവു നീട്ടുന്നു
ദുരിത ചഷകം
നിറയ്ക്കുന്നതേത്
ശൂലദംഷ്ട്ര!



 












ലോകമലയാളം മാസിക (സെപ്തംബർ 2013)
 

3 comments:

  1. വാതിലുകള്‍ തുറക്കാനും അടയ്ക്കാനും ഭയം

    ReplyDelete
  2. വാതിൽ
    ആത്മകഥയില്ലാത്ത
    കർമ്മസാക്ഷി,

    ReplyDelete
  3. ഹൃദയ സ്പർശിയായ വരികൾ കോറിയിട്ട കവിക്ക്‌ ഒരായിരം നന്ദി !!!
    "താഴില്ലാത്ത വാതിൽ
    തന്റെ ജീവിതമെന്നു
    കവലയിൽ
    ഉച്ചഭാഷിണി,
    കതകില്ലാ വാതിൽ
    കവിതയെന്നു കവി "

    വീണ്ടും വരാം ... സ്നേഹ പൂർവ്വം
    ആഷിക് തിരൂർ

    ReplyDelete