29 Mar 2012

നീർച്ചെടികൾ

കപ്പലുകൾക്കു ചുറ്റും
വന്നടിയുന്ന നീർച്ചെടികൾക്ക്
കഥകളെത്ര പരസ്പരം
പറയുവാനുണ്ടാകും...


കട്ടമരത്തിനും
കപ്പലിനുമിടയിൽ
ഒഴുക്കിൽപ്പെടാതെ
കരയൊടു ചേർന്ന്
ഒരു വൻകരയായും
സ്വന്തം സ്വപ്നങ്ങളിലൊഴുകി
ദ്വീപോപദ്വീപുകളും
ലഗൂണുകളും തീർത്ത്
കടലെടുത്ത ജീവിതങ്ങളായി
അവയുണ്ടാകും,
പച്ചപ്പാടങ്ങളുടെ
തിരസ്ക്കാരത്തിലും
കൊച്ചുസ്വപ്നങ്ങളുടെ
അധിനിവേശവുമായി
ഉപ്പുവെള്ളത്തിൽ
വെന്തുപഴുത്തങ്ങനെ...


ഒരു നാവികനും
അവയുടെ
അക്ഷാംശരേഖാംശങ്ങൾ
കുറിച്ചെടുക്കാറില്ല,
അവന്റെ ഭൂപടത്തിലില്ലാത്ത
ചെറിയ ഭൂഭാഗങ്ങളാണ്
കപ്പലുകളെപ്പോലെ
അവയും!


പറിച്ചെടുത്ത
നങ്കൂരങ്ങൾക്കൊപ്പം
തുറമുഖങ്ങൾ തോറും
ഇഴയടുപ്പിക്കുന്ന
വിധിയൊഴുക്കുകൾ,
വേരുകളാഴ്ത്താതെ
പൊങ്ങിക്കിടക്കുന്ന
അനുഭവം
ജഢത്തെപ്പോലങ്ങനെ
അവയ്ക്കുമുണ്ടാകുന്നു!


OO അജിത് കെ.സി



3 comments:

  1. കപ്പലിനെപ്പറ്റി പറഞ്ഞാല്‍ ഞാനോടിയെത്തും...ഷിപ് യാര്‍ഡില്‍ ജോലിയല്ലേ....?

    ReplyDelete
  2. നനായിട്ടുണ്ട് ഭായീ...

    ReplyDelete
  3. കരയോടു ചേര്‍ന്ന് നങ്കൂരമിട്ടിരിക്കുന്ന അജിത്തിന്റെ കപ്പല്‍ കൊള്ളാം ട്ടോ ...:)

    ReplyDelete