16 Mar 2012

സത്യപാലൻ മരിച്ചിട്ടില്ല

പുഴകളെ മനോഹരമായി ചിത്രീകരിക്കുന്നതിനെ അജയൻ എല്ലായ്പ്പോഴും എതിർത്തിരുന്നു.
"കണ്ണട വച്ച ഒരു പിശാചാണ് പുഴ..." അങ്ങനെയാണ് അജയൻ പറയാറുണ്ടായിരുന്നത്. 

സത്യപാലനെ കൊന്ന പുഴ. 

അജയൻ കറുത്തചുണ്ടുകൾക്കിടയിലേക്ക് ബീഢി തിരുകി വച്ചു.  പുകയുന്ന് ബീഢി ഭ്രാന്തമായ ആവേശത്തോടെ മൂക്കിൽ എരിവു സൃഷ്ടിക്കുവാൻ തുടങ്ങിയപ്പോൾ ഞാൻ ജനാല തുറന്നിട്ടു. പിരിഞ്ഞിറങ്ങിത്തുടങ്ങിയ ചെമ്പിച്ച താടിരോമങ്ങളിൽ വിരലുകൾ കടത്തി ദൂരേക്ക് ദൃഷ്ടി പായിച്ച് അയാൾ ഇരുന്നു.

"നീയറിയില്ലേ...പുഴേലു അന്നു വെള്ളം കൊറവാർന്ന്..."

താത്പര്യം കൂടാതെ വാരികയിലേക്ക് കണ്ണു നട്ടിരിക്കെ കൊലയാളിയുടേതെന്ന പോലെ വന്യമായ ഒരു ചിരി എന്നിലേക്കെറിഞ്ഞ് അയാൾ വീണ്ടും ആ സംഭവം വിവരിക്കുവാൻ തുടങ്ങുകയാണെന്നെനിക്കു തോന്നി.

നക്ഷത്രങ്ങളുടെ വെളിച്ചം പ്രത്യാശയേറ്റുന്നുവെന്ന് പറഞ്ഞത് സത്യപാലനായിരുന്നു. സത്യപാലൻ എന്നു തന്നെ ആയിരുന്നുവോ അന്ന് അറിയപ്പെട്ടിരുന്നത് ?

അജയന്റെ മറുപടി നിരാശയേറ്റുന്നതായിരുന്നു; തിളക്കം നഷ്ടപ്പെടുന്ന നക്ഷത്രം അകന്നുകൊണ്ടേയിരിക്കുന്നു, അവ ഇല്ല എന്നു തോന്നുവോളം...

അജയനും സത്യപാലനും ആ പുഴക്കരയിരുന്ന് ഇരുട്ടിനൊപ്പം ബീഢിപ്പുക ശ്വസിച്ചു. പകരം ഏറെ മുഷിഞ്ഞ ഗന്ധം നൽകി. ഒടുവിൽ പുഴ സത്യപാലനെ വിഴുങ്ങുകയായിരുന്നുവത്രെ!


അജയന്റെ കുട്ടിക്കാലം സത്യപാലനോടൊപ്പമായിരുന്നു. അജയനും ദു:സ്വപ്നങ്ങൾ ശീലമായതങ്ങനെയാണ്.


മരക്കതകുകൾക്കപ്പുറത്ത് നിലാവ് കാത്തു നിൽക്കുന്നുണ്ടായിരുന്നു, രോമസമൃദ്ധിയിലേക്ക് ചേക്കേറാനുള്ള ചെള്ളിന്റെ കാത്തിരിപ്പ് പോലെ. ക്ഷീണിച്ച കട്ടിൽക്കാലുകൾ താളത്തിൽ കരഞ്ഞു കൊണ്ടേയിരുന്നത് അജയനെ അസ്വസ്ഥനാക്കി. വാശിയാലെന്നവണ്ണം പാഠപുസ്തകത്തിലെ വരികൾ ഹൃദിസ്ഥമാക്കുമ്പോഴെന്നെങ്കിലും ആ ശബ്ദത്തെ തിരിച്ചറിയുവാൻ എന്നെങ്കിലും സത്യപാലനു കഴിഞ്ഞിരുന്നെങ്കിൽ.പരിഹാസങ്ങളെയും പഞ്ഞമില്ലയ്മയേയും കോർത്തെടുത്തപ്പോഴേക്കും അവൻ തളർന്നു കഴിഞ്ഞിരുന്നു. റോന്തു ചുറ്റിയിരുന്ന ബൂട്സുകളുടെ കീഴിൽ ഞെരിഞ്ഞമർന്ന സ്വപ്നങ്ങൾ...


ദ്രവിച്ചു തുടങ്ങിയ കഴുക്കോലുകളൊന്നിൽ അവൾക്ക് ഭാരം തൂക്കാമായിരുന്നു. അല്ലെങ്കിൽ എല്ലാക്കാലത്തെയും പോലെ തറവാട്ടുകുളത്തിലെ ചേറിൽ താമരയായി ജനിക്കാമായിരുന്നു!


സത്യപാലനെ ഞാനൊരിക്കലും കണ്ടിട്ടുണ്ടായിരുന്നില്ല. എന്റെ സങ്കല്പങ്ങളെയെല്ലാം തെറ്റിച്ചത് സത്യപാലൻ കൊല്ലപ്പെട്ടുവെന്ന വാർത്തയാണ്.  അപ്പോഴേക്കും അയാൾ തീർത്തും മെലിഞ്ഞിരുന്നു, ശരീരമെമ്പാടും പീഢനം വരുത്തിവച്ച മുറിവുകളുണ്ടായിരുന്നു.രാത്രികളിൽ അയാൾ ഏറെ സഞ്ചരിക്കുന്നുണ്ടായിരുന്നു.  അയാളുടെ ആഹ്വാനങ്ങൾ രാജ്യം വെട്ടിപ്പിടിക്കാനുള്ളതായിരുന്നു!


"സത്യപാലൻ യഥാർത്ഥമായും മരിച്ചുവോ?"


എന്റെ ചോദ്യം അജയനെ അമ്പരപ്പിച്ചു. അയാൾ കുറെനേരം ജനാലയ്ക്കൽ പോയി പുഴയിലേക്ക് നോക്കി നിന്നു.


"ഇല്ലേല് ഞാനൊറ്റയാവ്വോ?"


സത്യപാലന്റെ മരണത്തിനു തെളിവായി അജയന് കാട്ടാനുണ്ടായിരുന്നത് കുറേ കത്തുകളായിരുന്നു. പുതിയ പുസ്തകങ്ങൾക്കരികിലെ പുരസ്ക്കാര ശില്പങ്ങളിലേക്ക് ചൂണ്ടി അജയൻ വീണ്ടും വന്യമായി ചിരിച്ചു.


"പുഴയ്ക്ക് ഇനീം കഥ അറിയാം.."


കറയാർന്ന പല്ലുകളിൽ വീണ്ടും തിളക്കം. ഏറെ വർഷങ്ങൾക്കു ശേഷം അജയൻ നിലവിളക്ക് കൊളുത്തിവച്ച് കുറെനേരം പ്രാർത്ഥിച്ചു നിന്നു. നിലാവ് ബദാമിന്റെ ഇലകളോടൊപ്പം പിച്ചിപ്പൂക്കളുടെ സുഗന്ധവും കൂട്ടിക്കൊണ്ടുവന്നു. ചെറിയ മുറിയിലെ അത്യാവശ്യസാധനങ്ങളോടൊപ്പം ഇരുട്ടിനുള്ള ഇടം കുറച്ചുകൊണ്ട് കരിന്തിരിമണമുള്ള മൂലപ്പലകയിൽ ചെറിയ കൃഷ്ണവിഗ്രഹം.


പിച്ചകപ്പൂമണമുള്ള കിടക്കയിൽ തന്നോട് ചേരുന്ന ശ്വാസഗതികളെ തിരിച്ചറിഞ്ഞുകൊണ്ട് ഒരു വീതി കുറഞ്ഞ കസവുകര. സ്വകാര്യതകളിലേക്ക് കടന്നു വരുന്ന ഓമനത്തങ്ങൾ... ഞാൻ ഓർമ്മിപ്പിച്ചു.


തിരികെ അടുക്കുമ്പോൾ അജയൻ ഒരു പൊട്ടിക്കരച്ചിലിന്റെ വക്കത്താണോ എന്നു തോന്നിപ്പോയി. മേശ വലിപ്പിൽ നിന്ന് കുറെ കടലാസുകൾ അയാൾ മുന്നിലേക്കെടുത്തിട്ടു. വിറയാർന്ന അക്ഷരങ്ങളിൽ വീണ്ടും തലവാചകം


സത്യപാലൻ മരിച്ചിട്ടില്ല!


ഞാൻ അമ്പരക്കുമെന്നവും അയാൾ കരുതിയത്. ഇല്ല സുഹൃത്തേ, എനിക്കറിയാം സത്യപാലൻ മരിച്ചിട്ടില്ല, താങ്കൾ ജീവിച്ചിരിക്കുവോളം!


അജയൻ പതുക്കെപ്പറഞ്ഞു; "സത്യപാലൻ ചിരഞ്ജീവി അല്ല..!"

OO  അജിത് കെ.സി

Illustration : ChithraRagam Art







  • യുവജനോത്സവ വേദികളിൽ ഏറെ പുരസ്ക്കാരങ്ങൾ വാരിക്കൂട്ടിയ സത്യപാലൻ കൊല്ലപ്പെട്ടു എന്ന നാടകം കണ്ട അനുഭവത്തിലും അതിന്റെ രചയിതാവും എന്റെ സുഹൃത്തുമായിരുന്ന ടി.പി അജയനുമായുള്ള വാഗ്വാദങ്ങളുടെ ഓർമ്മയിലും എഴുതി, സാധന -98 ൽ പ്രസിദ്ധീകരിച്ചത്.
  • 2004 ൽ അജയൻ ആത്മഹത്യ ചെയ്യുകയാണുണ്ടായത്.

10 comments:

  1. മനസ്സിനെ പിടിച്ചിരുത്തുന്ന ഒരു കഥ
    നന്നായി അവതരിപ്പിച്ചു ആശംസകള്‍
    അജയന്‍ മരിക്കാനുണ്ടായ കാരണമെന്തായിരുന്നു ,,,,,?

    ReplyDelete
  2. സത്യപാലന്‍ എങ്ങനെ കൊല്ലപ്പെടാന്‍ ?വീണ്ടും വീണ്ടും ഉയിര്‍ക്കും ,,വീണ്ടും വീണ്ടും മരിക്കും .ഈ കഥ തീക്കനല്‍ പോലെ എരിഞ്ഞെരിഞ്ഞു മനസ്സില്‍ മെല്ലെമെല്ലെ കത്തിത്തുടങ്ങുന്നു.വെളിച്ചം...അഭിനന്ദനങ്ങള്‍ .

    ReplyDelete
  3. നാടകം കണ്ടിട്ടില്ല കേട്ടിട്ടുമില്ല.

    ReplyDelete
  4. കഥ നന്നായി അജിത്‌. ..
    കൂടെ അജയന്‍ എന്ന സുഹൃത്തിന്‍റെ ഓര്‍മ്മയും.
    ആശംസകള്‍

    ReplyDelete
  5. സത്യപാലന്‍ മരിച്ചിട്ടില്ല.. അജയന്റെ ഓര്‍മ്മയിലൂടെ ജീവിക്കുന്നു..

    ReplyDelete
  6. നാടകം ഞാന്‍ കണ്ടിട്ടില്ല
    എങ്കിലും അജിത്തിന്റെ എയുത്ത് ഒത്തിരി ഇഷ്ടമായി

    ReplyDelete
  7. സത്യപാലന്‍ എന്ന സുഹൃത്തിനെ കുറിച്ച്‌ അജയന്‍ എന്ന വ്യക്തിയുടെ മനോവ്യാപാരങ്ങള്‍ കുഴപ്പമില്ലാതെ വിവരിച്ചെങ്കിലും എന്തോ എനിക്കത്ര ഇന്‌ററസ്റ്റിംഗ്‌ ആയി തോന്നിയില്ല. ചിലപ്പോള്‍ എന്‌റെ വായനയുടെ പ്രശ്നമാകാം. പുതിയ എഴുത്ത്‌ രീതികള്‍ക്ക്‌ ആശംസകള്‍ അജിത്ത്‌

    ReplyDelete
  8. അജിത്‌ എന്നെ കാംപസ്സിലേക്ക് തിരികെ കൊണ്ടുപോയി. നന്ദി.

    ReplyDelete
  9. നല്ല ഒരു വായന തന്നു അജിത്....

    ReplyDelete