12 Mar 2012

വൈകിയും വൈകാതെയും ഒരു കഥ വണ്ടി

ശ്രീ സിയാഫ്‌ അബ്ദുൾഖാദിറിന്റെ  വൈകിയോടുന്ന വണ്ടി   ഞാൻ വായിച്ചതിങ്ങനെ:

അതിഭാവുകത്വത്തിന്റെ അങ്കലാപ്പിൽ കുമരനും കെമ്പിയ്ക്കുമൊപ്പം യാത്ര തുടങ്ങുമ്പോൾ, കഥയുടെ മാറത്തു കെട്ടിയ ഭാണ്ഡത്തിൽ ഒളിച്ച് കാടിന്റെ 'കുള്‍റും മണും' കൂടി കൂടെയുണ്ടായിരുന്നു. കഥാപാത്രങ്ങളെ അവരുടെ ലോകത്തിൽ നിന്നും ദത്തെടുത്തു നമ്മുടെ ചിന്തയും നമ്മുടെ ഭാഷയും അടിച്ചേൽപ്പിക്കാതെ, അവരുടെ ചിന്തകളിലേക്കിറങ്ങി അവരുടെ കഥയായി കേട്ട്, ഗോത്രഭാഷയുടെ നേരിമ അവിടവിടെ വരികളിൽ നിറയ്ക്കുവാനുള്ള ശ്രമമുണ്ട്. കഥയുടെ ഭാഷയ്ക്ക് അത് ഒരു പുതു ജീവൻ നൽകുന്നുമുണ്ട്.

പക്ഷേ, കഥയ്ക്ക് 'വൈകി ഓടുന്ന വണ്ടി' എന്ന ക്ലീഷേ തലവാചകം കൊടുത്തതിന് ഇത്ര നല്ല ഒരു രചനയിൽ ന്യായീകരണമില്ല, കഥാപാത്രങ്ങൾ വൈകി ഓടുന്നില്ല എന്നു മാത്രമല്ല തേനെടുക്കുന്ന മെയ് വഴക്കത്തിൽ അവർ വണ്ടിയുടെ വേഗത്തിനൊപ്പമെത്തി കഥാഗാത്രത്തിലുണ്ടുതാനും. വൈകി ഓടാത്ത സമൂഹം എന്ന വണ്ടിയാകട്ടെ, അവരെ ഉൾക്കൊള്ളാതെയും ഉൾക്കൊണ്ടും ചൂഷണത്തിന്റെ അതി വേഗമൊരുക്കി സ്വാതന്ത്ര്യത്തിന്റെയും പരമാധികാരത്തിന്റെയും ഘോഷയാത്രകൾ നടത്തുകയും ചെയ്യുന്നു!

ഒരേ പോലെ, തിരസ്ക്കരിക്കുന്നവരും മുഖ്യധാരയില്‍ ലയിച്ചേ കഴിയൂ എന്ന വാശിയിൽ കൈ പിടിച്ചു കയറ്റുന്നവരും ഈ വണ്ടിയുടെ പല ബോഗികളിലായുണ്ട്. ചൂഷകന്റെ ടിക്കറ്റും ഔദാര്യത്തിന്റെ ബിസ്ക്കറ്റും ഉണ്ട്. ഭാരിച്ച ലഗേജുകളുമായി ജീവിതം കൊണ്ടു നടക്കുന്നവരും കടം കൊണ്ട ബാഗിൽ ജീവിത മുഷിവ് മാത്രം പേറുന്നവരും ഉണ്ട്. സഹയാത്രികരായി നമുക്കൊപ്പം എല്ലാവരും ചേരുമ്പോൾ നാമൊരു യാത്രയ്ക്കൊരുങ്ങുകയാണ്...

കഥാന്ത്യത്തിൽ മുഖം കഴുകാന്‍ വന്ന ആളെപ്പോലെ നല്ല മനുഷ്യര്‍ ഇനിയുമുണ്ടാവും എന്നു ആശ്വസിക്കുന്നവർക്കു മുന്നിലേക്കാണു കഥയുടെ പേരു ഒരശനിപാതം പോലെ വന്നു പതിക്കുന്നത്, വൈകി ഓടുന്ന വണ്ടി പ്രതിനിധാനം ചെയ്യുന്നത് കുമരനും കെമ്പിയുമടങ്ങുന്ന ഗോത്രത്തെ ആണെങ്കിൽ, മുഖം കഴുകാന്‍ വന്ന ഒരാള്‍ 'കെമ്പിയെ കണ്ടു ഒന്ന് നിന്നു ' എന്ന വരികളെ ഊന്നി വായിക്കുകയും "അവിടെ സീറ്റ് ഉണ്ട് ,വന്നിരുന്നോ " എന്ന വരികളിൽ അടുത്ത ചൂഷണത്തിന്റെ കഥ മെനയുകയും വേണം...

വായനക്കാരനു കഥ ഇഷ്ടപ്പെട്ടു തുടങ്ങുന്നത് അവൻ കഥയുടെ ഭാഗമായി മാറുമ്പോഴാണു, തുടർന്നെഴുത്തിന്റെ തൂലിക ഏറ്റു വാങ്ങുമ്പോഴാണ്. അങ്ങനെ കഥവഴി അടയാതെ നിർത്തുന്നിടത്താണു കഥാകൃത്തിന്റെ വിജയവും.


 

12 comments:

  1. നല്ലത് കൂട്ടുകാരാ ...ബ്ലോഗെഴുത്തിലെ എന്റെ ഇത്രയും കാലത്തെ പരിചയത്തില്‍ ആദ്യമായാണ് ഒരു ഒരു ബ്ലോഗിലെ സര്‍ഗാത്മകരചനയുടെ ആസ്വാദനം മറ്റൊരു ബ്ലോഗില്‍ പ്രത്യക്ഷപ്പെടുന്നത്....മാധ്യമ രംഗത്തെ ഒരുബദല്‍ ശക്തിയായി ബ്ലോഗെഴുത്ത് ഉയര്‍ന്നു കൊണ്ടിരിക്കുകയും ഒളിഞ്ഞും തെളിഞ്ഞും ഈ വളര്‍ച്ച മുരടിപ്പിക്കാനുള്ള ഗൂഢനീക്കങ്ങള്‍ പലകോണുകളില്‍ നിന്നും ഉയരുകയും ചെയ്യുന്ന ഈ കാലത്ത് താങ്കളുടെ ഉദ്യമം നല്ല മാതൃകയാവുന്നു...

    ഇവിടെ പ്രതിപാദിച്ച കഥ ഞാന്‍ വായിച്ചിരുന്നു....

    ഗോത്രജീവിതങ്ങളെ അതിന്റെ തനിമകളില്‍ നിന്ന് അടര്‍ത്തിയെടുത്ത് നാഗരികതയുടെ കെട്ടുകാഴ്ചകളായി അവതരിപ്പിക്കുകയും അതിന്റെ പൊലിമകളെ ആവോളം ഊറ്റിയെടുത്ത് ചണ്ടിപോലെ വലിച്ചെറിയുകയും ചെയ്യുന്ന ഇന്നിന്റെ സത്യമാണ് സിയാഫ് പറഞ്ഞത്. ആ പ്ലാറ്റ്ഫോം ടിക്കറ്റ് എല്ലാം പറയുന്നുണ്ട്... ഏസി കോച്ചിലെ സ്ത്രീയെയും , ജനറല്‍ കമ്പാര്‍ട്ടുമെന്റിലെ മുഖം കഴുകാന്‍ വന്ന ആളെയും ഒരു താരതമ്യത്തിനും ഈ കഥ ആവശ്യപ്പെടുന്നു . ഇത്തരം കല്‍പ്പനകളിലൂടെ അതിശക്തമായ ഒരു സാമൂഹ്യനിരീക്ഷണവും, രാഷ്ട്രീയവും കഥയില്‍ വായിച്ചെടുക്കാനാവുന്നുണ്ട്... കഥ ഇത്തരമൊരു വായനയിലേക്ക് വികസിപ്പിക്കുന്നതില്‍ സിയാഫ് നല്ല കൈയ്യടക്കവും ഒതുക്കവും പ്രദര്‍ശിപ്പിക്കുന്നു..- എന്നാണ് എന്റെ വായനയില്‍ തോന്നിയത്...

    മലയാള കഥയുടെ വായനക്കാരെയുംകൊണ്ട് താങ്കള്‍ വണ്ടിയോടിച്ചു പോവുന്ന കാലം വിദൂരമല്ല.... എല്ലാ ഭാവുകങ്ങളും.

    ReplyDelete
  2. "വായനക്കാരനു കഥ ഇഷ്ടപ്പെട്ടു തുടങ്ങുന്നത് അവൻ കഥയുടെ ഭാഗമായി മാറുമ്പോഴാണു, തുടർന്നെഴുത്തിന്റെ തൂലിക ഏറ്റു വാങ്ങുമ്പോഴാണ്."

    നല്ല നിരീക്ഷണം, അജിത്!

    ഇത് ഒരു നല്ല തുടക്കം!

    ReplyDelete
  3. ബ്ലോഗ് അവലോകനം മറ്റൊരു പൊസ്റ്റിലൂടെ. നല്ല സംരഭം അജിത് ഭായ്.
    പ്രദീപേട്ടന്റെ കമന്റും ഒരുപാട് പറയുന്നു.

    ReplyDelete
  4. എന്നാ ഇനിപ്പോയി ആ ലേറ്റ് ആയിട്ടോടുന്ന വണ്ടീലൊന്ന് കേറിയേച്ചും വരാവേ...

    ReplyDelete
  5. നല്ല അവലോകനം... പ്രശംസനീയമായ ഉദ്യമം. ഈ കഥ മുമ്പ് സിയാഫിന്റെ ബ്ലോഗിൽ നിന്നും വായിച്ചിരുന്നു.

    ReplyDelete
  6. നല്ല തുടക്കം, ആശംസകള്‍. പ്രിയങ്കരനായ തീവണ്ടിയുടെ കഥാകാരന്റെ കഥ എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.

    ReplyDelete
  7. വളരെ നല്ല അവലോകനം ..
    സ്വന്തം പല്ലിട കുത്തി പുറം ലോകത്തെ മണപ്പിക്കുന്ന ബൂലോക വിമര്‍ശകര്‍ ഇത്തരം നല്ല
    സംരംഭങ്ങള്‍ കൂടി കണക്കിലെടുത്തെങ്കില്‍!!!!

    ഈ യാത്ര തുടരൂ അജിത്‌. വ്യത്യസ്തങ്ങളായ കഥകളിലൂടെ, കവിതകളിലൂടെ , ലേഖനങ്ങളിലൂടെ ബൂലോകം താങ്കളുടെ സാന്നിധ്യം തൊട്ടറിയുന്നു.

    ആശംസകള്‍

    ReplyDelete
  8. ഈ നല്ല ഉദ്ദ്യമത്തിന് എല്ലാ ആശംസകളും സുഹൃത്തേ.

    ReplyDelete
  9. എല്ലാ ആശംസകളും നേരുന്നു...

    ReplyDelete
  10. ഒരുവട്ടം ആ വണ്ടിയിലോന്നു കേറുവാന്‍ മോഹം.

    ReplyDelete