28 Mar 2012

നിലച്ച ഘടികാരം

Sneharajyam


നീ നീയെന്നു മെല്ലെയോരോ നിമിഷവും
മമ ഹൃത്തായി തുടിച്ചൊരീ ഘടികാരം
ഇന്നേതു പുഴപോൽ വരണ്ടിന്നേതു
കവിത പോൽ കരളിലുറഞ്ഞു പോയി


ഓരോ നിമിഷവുമുത്സവമാക്കി നിൻ
നേർസൂചികൾ നേരം കുറിച്ച നാൾ
എന്റെ കിനാവിനുമെന്റെ കവിതയ്ക്കും
നാദമായുച്ചത്തിൽ മിടിച്ച രാവുകൾ


പറയുന്നതിന്ന് നിലച്ചയീ സ്പന്ദനം
ചിറകിൽ തളർന്നയാ വഴിക്കനവുകൾ
മുറിഞ്ഞയോർമ്മ തൻ മഷിക്കുരുതികൾ
കാലം തളച്ചിട്ട കണ്ണീരൊഴുക്കുകൾ


ചായങ്ങളൊക്കെയഴിഞ്ഞേതോ വേനലിൽ
വാടിത്തളർന്നൊരീയുദ്യാനഭൂവിൽ
രാഗം തെഴുക്കാതെയേതോ വാദ്യമായി
ശോകമൂകം പിടയുന്നയോർമ്മകൾ


എൻ കരളിലിന്നും നീറ്റിപ്പടർത്തുന്ന,
ശബ്ദകോശമായടുക്കിയ വാക്കുകൾ;
കുത്തിയൊഴുകാതെ, നിൻ ഹൃത്തിലെറ്റാതെ
ചുണ്ടിൽ വിറപൂണ്ട പ്രണയഗാനങ്ങൾ


ഒരു വാക്കിന്റെയൂഷ്മ പ്രവാഹമില്ലാതെ
എന്റെ നികുഞ്ജത്തിലിന്നീ ഘടികാരം
പകലുമിരവെന്നും രണ്ടുനേരം കൃത്യം
മികവു കാട്ടുന്നു നിലച്ച സൂചിയാൽ !


OO അജിത് കെ.സി

4 comments:

  1. വേദനയും വിങ്ങലും നിഴലിക്കുന്ന വരികൾ. നന്നായിത്തന്നെ എഴുതി ട്ടോ. ആശംസകൾ.

    ReplyDelete
  2. നല്ല ഒരു ബാറ്ററി വാങ്ങിയിടൂ ..:)

    ReplyDelete
  3. നിലച്ച സൂചികള്‍ ചലിപ്പിക്കാന്‍ ചാവി തിരിയ്ക്കൂ....

    ReplyDelete
  4. ചായങ്ങളൊക്കെയഴിഞ്ഞേതോ വേനലിൽ
    വാടിത്തളർന്നൊരീയുദ്യാനഭൂവിൽ
    രാഗം തെഴുക്കാതെയേതോ വാദ്യമായി
    ശോകമൂകം പിടയുന്നയോർമ്മകൾ
    ................... വേദനിക്കുന്ന ഓർമ്മകളിൽ വിരിഞ്ഞ മനോഹര കവിതയ്ക്കും കവിക്കും ആശംസകൾ...
    വളരെ നന്നായി.....

    ReplyDelete