21 Mar 2012

പുഴ കടക്കണം

ഒന്ന്

പുഴ കടക്കണമതിനു മുന്നെയീ

തെളിനീരിലൊന്നു നീന്തിത്തുടിക്കണ-

മതിന്നാഴക്കയങ്ങളിൽ മുങ്ങിക്കിടന്നോരൊ

കവിതക്കനവുകളയവിറക്കണം.

അമ്മതന്നുദരത്തിൽ പുളഞ്ഞുൾച്ചൂടറിയണം


പുഴ കടക്കണമതിനു മുന്നെ നിൻ

കളിവീടു തകർക്കണം , നിൻ കവിളിലൊഴുകും

പുതു കൈവഴിയുപ്പു നുണഞ്ഞു കളിത്തോഴി

നിന്നെ പുണർന്നൊട്ടു കിനാവുകൾ കാണണം


കനവിലൊരു കണ്ണീരു കുഴയാത്ത മണ്ണിൽ

പുതു കളിവീടു വയ്ക്കണം

നിറമേഴുമഴകായ തൊങ്ങലുകൾ ചാർത്തണം

അച്ഛനായമ്മയായീ പായാരം ചൊല്ലിയകമേ

കലഹിച്ചിരിക്കണം

ഒരു വറുതിയിലോണത്തിലൊന്നായി നിറയണം

മണ്ണപ്പം ചുട്ടുമരവയർ പോറ്റണ,മതിഥിയ്ക്ക്

തുമ്പപ്പൂ ചോറൊട്ടു നാക്കിലയിൽ കരുതണം


പുഴ കടക്കണമതിനു മുന്നെയാ

കരിവളക്കൈ പിടിക്കണം

കാർകൂന്തൽച്ചുരുളിൽ മുഖം പൂഴ്ത്തിയപ്പുഴഗന്ധം

മുകർന്നെന്റെയെന്റേതു മാത്രം നീയെന്നോതി

സ്വപ്ന നിറവിലൊരു നിലാവു കണ്ടീടണം



പുഴ കടക്കണമതിനു മുന്നെയാ

നടയിലെ തേവരെ തൊഴുതുമടങ്ങണം

മിഴിപൂട്ടിയരയാലിൻ

ചോട്ടിലിരുന്നാമര മീമര നാമം ജപിക്കണം

ഒരു മൺ പുറ്റിനകം പേറിയാത്മദു:ഖങ്ങൾ മറക്കണം

ബോധിയുടെ കായ്മധുരം നാവിലിറ്റീടണം

വാതിൽപ്പഴുതിലൂടൊരു

ശൂലമുനയാദ്യാക്ഷരത്തിന്റെ ബോധം നിറയ്ക്കണം

ഒടുവിലൊരു ശലഭമായി വർണ്ണവിസ്മയം തീർത്തെന്റെ

കവിതക്കനവുകൾ തപമൊഴിഞ്ഞെത്തണം


രണ്ട്


പുഴ കടക്കണം മുഗ്ദ്ധയെന്നും

നിറകുടമെന്നും കവിത കെട്ടിയോർ

കാവൽക്കുന്നിടിച്ചിട്ടും തണ്ണീർക്കുടമുടച്ചിട്ടും

തണൽക്കാടെരിച്ചിട്ടും ദാഹവേരറുത്തിട്ടും

കനൽച്ചൂളയെരുയുമകം കാണാത്തോരിറ്റു

മഷി പടർത്താത്തോർ കരവാളെടുക്കാത്തോർ!


പുഴകടക്കണമിക്കരയിൽ തപമിരിക്കു-

മധികാര ദുരകൾ ഗാന്ധർവ്വ തൃഷ്ണകൾ

വനദർഭയിലെരിയുമന്ധകോപാഗ്നികൾ

മഴുവെറിഞ്ഞുറവുവറ്റിക്കും നരമോഹദീപ്തികൾ

പ്രൗഢ നീയുർവ്വി ചരിഞ്ഞും ചാഞ്ഞുമാ

ഹരിതച്ചുരുൾ മുടി ചിക്കി വെയിൽ കൊള്ളിക്കെ

സ്വർഗ്ഗദുരകനലായി തീയായി വറുതിയായി

നരവീണു മുകിലുകൾ

നിൻ ചുടു നിശ്വാസമാവിയിൽ നീറായി കറുകകൾ കതിരുകൾ

പിന്നെയും വസുധേ നിൻ തിരുജടയിലെ

മഞ്ഞായ മണ്ണിൽ നിന്നീ ഭഗീരഥിയെത്തുന്നു,

അനുഗാമിനിയമൃതഗീതിപോൽ

ഹിമകണമുരുകി നിർമ്മല സിന്ധുവെത്തുന്നു

ധവളമൊരു ദാവണി നീളേ വീണപോൽ നിളയൊഴുകുന്നു


പുഴകടക്കണം

മണ്ണിന്നാഴത്തിലൊരു ബുദ്ധൻ ചിരിക്കുമ്പോൾ

മാതൃഗർഭത്തിലേക്കൊരു ബ്രഹ്മാസ്ത്രം തൊടുക്കുവോർ


ഇടയബാലന്റെയോടക്കുഴൽ നാദമൊരു

നടനചാരുതയേറ്റവേ

പുഴകടക്കണമമൃതജലനേരിമ

കാകോളമാക്കിടും നീരിരുൾപ്പാമ്പുകൾ


പുഴകടക്കണം ദ്രുതതാളനിറവിൽ ഋതുമുറകൾ തെറ്റി

നൂപുരമഴിച്ചെറിയും കാർമുകിൽ വേരുകൾ


പുഴകടക്കണം കരിങ്കാക്ക നീയും

പുഴയിലെ ജഢം കൊത്തി നീക്കാത്തവൻ


പുഴകടക്കണം വലക്കാരൻ നീയും

തെളിനീറ്റിലെക്കീടമരിച്ചുമാ
റ്റാത്തവൻ

കടലുണ്ടല്ലോ പുഴയെന്തിന്നു ഞാൻ

നരഭോഗങ്ങളടിയുവാനിപ്പുഴ മരിക്കണം


മൂന്ന്


പുഴകടക്കണമീ നിറഞ്ഞ നേരമി-

ക്കരയിൽ വറുതിയല്ലോ ദുരിതക്കെടുതി മാത്രം


പുഴക്കരയിലെന്നോ മറന്ന പങ്കായ-

മതിൻ പല്ലവി തേടട്ടെ ഞാൻ!
 

OO അജിത് കെ.സി

12 comments:

  1. സ്വപ്നം നന്നായി...പുഴ കടക്കുന്നതിനു മുന്നേ സ്വപ്ന സാക്ഷാല്കാരത്തിന് ശ്രമിച്ചാല്‍ ഒരു പക്ഷെ പീധന ക്കേസ് വന്നേക്കാം.
    കവിത നന്നായി,പാടിയതും വളരെ ഉഷാറായി,ഒരു ലൈറ്റ് മ്യൂസിക് ഉണ്ടായിരുന്നെങ്കില്‍...ഹാ..കേമം.

    ReplyDelete
  2. പുഴ കടക്കണമതിനു മുന്നെ നിൻ
    കളിവീടു തകർക്കണം.

    ഈ സ്നേഹം തുളുമ്പുന്ന വരികൾക്കിടയിൽ യോജിക്കാത്ത ഒന്നായി 'കളിവീട് തകർക്കണം'എന്നുള്ള വാചകം. നല്ല സ്നേഹമയമായി ഒഴുകുന്ന പുഴയിൽ ഒരു ആളെപ്പിടിയൻ മുതല വന്ന പോലെ. നല്ല വരികളാ ട്ടോ. ആശംസകൾ.

    ReplyDelete
  3. നല്ല എഴുത്ത്.. ഈണത്തില്‍ ചൊല്ലാനാവുന്നു... അര്‍ത്ഥം പെട്ടെന്ന് മനസ്സിലാവുന്നു...

    ReplyDelete
  4. അവസാനത്തെ കവിത ഇഷ്ടമായി...അത് പോലെ രണ്ടാമത്തെ കവിതയുടെ അവസാനം....

    From,

    "പുഴകടക്കണം ദ്രുതതാളനിറവിൽ ഋതുമുറകൾ തെറ്റി
    നൂപുരമഴിച്ചെറിയും കാർമുകിൽ വേരുകൾ

    ReplyDelete
  5. ശരിയാണ്,പങ്കായങ്ങളെ നാം മറന്നിരിക്കുന്നു....

    ReplyDelete
  6. ....ഇഷ്ടപ്പെട്ട വരികള്‍ക്ക് തുടര്‍ച്ചയെന്നോണം,ഞാന്‍ കുറച്ചെഴുതി....മൂന്നാം ഭാഗത്തിനൊരു തുടര്‍ച്ച....



    കവിയുടെ അഭിപ്രായത്തില്‍ ഇത് സ്വതന്ത്രമായ വരികളാണ്...എങ്കിലും എനിക്കിതിന് പ്രചോദനം ആയത് അദ്ദേഹത്തിന്‍റെ മൂന്നാമത്തെ കവിത തന്നെ....

    കവിയോളം എത്തില്ല തുടര്‍ച്ച ആയി എഴുതിയ വരികള്‍...എങ്കിലും ഇവിടെ പങ്കു വക്കുന്നു....

    പുഴ കടക്കണമെനിക്കെങ്കിലുമീ വറുതിയാല്‍ തിളക്കും മണല്‍ത്തിട്ടകള്‍...
    എരിയുന്ന വെയിലില്‍, എന്‍ പൊടി വീണ പാദം ഉരുക്കും മണല്ക്കൂനകള്‍.....
    എങ്കിലും ഇനിയില്ല, പിന്നിലെക്കൊരു തരി,
    തിരിയില്ല ഒരു മാത്ര യെന്‍ മനസ്സില്‍ തുടിക്കും ദാഹ തന്മാത്രകള്‍.....
    മിഴിയില്‍ തുളുമ്പുന്ന കണ്ണീരിനാല്‍ ,
    ഹൃദയം തുരന്നുറപൊട്ടും നിണത്തിനാല്‍ ,
    നനയട്ടെ ഈ മണല്‍ തരികള്‍,
    കരുത്ത് വയ്ക്കട്ടെ ഒരു നീരരുവിയെന്കിലുമീ മരുഭൂവില്‍...

    ReplyDelete
  7. അജിത്തിന്റെ തൂലിക ആശയ ദാരിദ്ര്യം അറിയുന്നില്ല ...
    അതില്‍ നിന്നും കാവ്യ വീചികള്‍ പരന്നൊഴുകുകയാണ്... പുഴ പോലെ

    ReplyDelete
  8. ആഹാ, പുഴ പോലെ സ്വച്ഛന്ദമൊഴുകുന്ന ഒരു കവിതാതരംഗിണി. ഇഷ്ടമായി

    ReplyDelete
  9. ഈ കവിത വായിച്ചു, വളരെ ലളിത വരികളിലൂടെ കാവ്യാംശം നില നിര്‍ത്തി കൊണ്‌ട്‌ തന്നെ എഴുതിയിരിക്കുന്നു അജിത്ത്‌. ആശംസകള്‍

    ReplyDelete
  10. പുഴ കടന്നെത്തുന്ന കവിയെ കാത്തിരിക്കുന്നുണ്ട് കാവ്യാ സിംഹാസനം .കവേ,പുഴകടകണം എന്നാ വരികളുടെ ആവര്‍ത്തനം ക്ലീഷേ ആയിത്തോന്നി,പക്ഷെ അതിനെ മറികടക്കുന്നു കാവ്യാംശവും ആശയഭംഗിയും തികഞ്ഞ ഈ കവിത ...

    ReplyDelete
  11. പുഴ എന്ന ബിംബകല്‍പ്പനയും അനുബന്ധമായി വരുന്ന കല്‍പ്പനകളും സൂചിപ്പിക്കുന്നത് ജീവിതമാണല്ലോ എന്നു ചിന്തിക്കകയായിരുന്നു.

    കൃത്യമായി അടുക്കിവെച്ച ബിംബകല്പ്പനകള്‍ കാവ്യശരീരത്തോട് നന്നായി ഇണങ്ങി നില്‍ക്കുന്നു.കവിതകളെ ആസ്വാദ്യകരമാക്കുന്ന പദങ്ങളുടെയും ഭാവത്തിന്റെയും ഇഴയടുപ്പവും താളവും അജിത്തിന് ഇവിടെ കൊണ്ടുവരാനായി സാധിച്ചിട്ടുണ്ട്...

    ആശംസകള്‍.....

    ReplyDelete
  12. നന്നായി
    ആശംസകള്‍.....

    ReplyDelete