8 Mar 2012

പ്രണയാവർത്തനം

കണ്ണുകളിൽ ഇളം ചൂടുള്ള ഒരു നോട്ടം ലഭിക്കുന്നത് കിടക്കയിൽ ചുംബനത്തിനായി മുഖത്തോടു മുഖം ചേരുമ്പോഴാണ്. അൽപ്പനേരം കണ്ണുകളങ്ങനെ ഉടക്കി നിന്ന് ആ ഉഷ്ണം ചുംബനത്തിൽ ഉടച്ച് മെല്ലെ അവൾ കണ്ണുകളടച്ചപ്പോൾ, പ്രവീൺ സുജാതയുടെ ചെവിയിൽ ചുണ്ടു ചേർത്തു.

"നിന്റെ ഗന്ധം എനിക്കു പരിചിതമല്ലൊ.."

ആദ്യരാത്രിയുടെ അണിയലുകളില്ലാതെ മെലിഞ്ഞ കൈവിരലുകൾ അവന്റെ നെഞ്ചിലെ രോമസമൃദ്ധിയിലോടിച്ചുകൊണ്ട് അവളും പറഞ്ഞു: " എനിക്കും അതെ.."

അയാൾ പുഞ്ചിരിച്ചു. പിന്നെയൊരു തമാശയിലെന്ന പോലെ ഉറക്കെച്ചിരിച്ചു; അവളും. കുറെയേറെ ഇളം ചൂടുള്ള നോട്ടങ്ങൾ പങ്കു വച്ചു. അപ്പോഴാണു അവളുടെ മൊബൈൽ ശബ്ദിച്ചത്. റിംഗ് നിശ്ശബ്ദമാക്കി കുറെ നേരം അവൾ ഡിസ്പ്ലേയിലേക്കു തന്നെ നോക്കിക്കിടന്നു..

"ആരാണു സുജേ.." 

സുജയെന്ന വിളിയിൽ അവൾ സന്തോഷിച്ചു. അവനെ പതുക്കെ തള്ളിയകറ്റി അവൾ കിടക്കയിൽ ചാരിയിരുന്നു കൊണ്ടു കാൾ അറ്റെന്റു ചെയ്തു.

" ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു.." അങ്ങേത്തലക്കൽ ശബ്ദം വളരെ നേർത്തതായിരുന്നു.
"ഞാനും.."

"ഇനി കാണുമോ... "

"കുഞ്ഞുണ്ണി ഉറങ്ങിക്കൊള്ളൂ...."

പ്രവീണിന്റെ നെഞ്ചിലേക്ക് ചാരിക്കിടന്നു കൊണ്ട് അവൾ ഫോൺ സ്വിച്ച്  ഓഫ് ചെയ്തു.

"രമേശനാണ്... ഞാൻ അവനെ കുഞ്ഞുണ്ണിയെന്നാണു വിളിച്ചിരുന്നത്."

വിവാഹസമ്മാനങ്ങൾക്കിടയിൽ നിന്നും ഒരു പനിനീർപ്പൂവെടുത്തു അയാൾ അവൾക്കു സമ്മാനിച്ചു. ഒപ്പം ഒരു ആശംസാകാർഡും. അതിലെ വിറയാർന്ന അക്ഷരങ്ങൾ.

പ്രവീൺ എനിക്കു നിന്നെ മറക്കാനാവില്ലല്ലോ...

പ്രവീൺ ആ പൂവ് സുജാതയുടെ മുടിക്കെട്ടിൽ തിരുകി വച്ചു. പതുക്കെ മുടിയിഴകളെ വകഞ്ഞു മാറ്റി പിൻകഴുത്തിൽ ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു: "നിനക്കറിയുമോ സുജേ, ഞാൻ റീനയെ ഒരു പാട് ഇഷ്ടപ്പെട്ടിരുന്നു."

കഴിഞ്ഞ വർഷം, അതെ, ഒക്ടോബറിൽ ആണ് റീനയെ പരിചയപ്പെടുന്നത്. കപ്പൽ കൊച്ചിയിൽ നിന്നു യാത്ര പുറപ്പെടുന്നതിനു രണ്ടു ദിവസം മുമ്പാണ് കാർഗൊ സംബന്ധിച്ച ഡോക്കുമെന്റ്സുമായി മാത്യു ട്രേഡേഴ്സിന്റെ റെപ്രസെന്റേറ്റീവായി റീനയെത്തുന്നത്.

റീന, റീന തോമസ്.

ഡോക്കുമെന്റ്സ് പ്രിപ്പറേഷനും കപ്പൽ കാഴ്ചകളും കഴിഞ്ഞ് വൈറ്റിലയിലെ ഓഫീസിലേക്ക് അവളോടൊപ്പം യാത്രയ്ക്കു തയ്യാറെടുക്കെ കേബിനിലേക്കെത്തിയ കരൺ മുഖർജി കുണ്ഠിതപ്പെട്ടു. മലയാളം എനിക്കറിയാത്തത് നിന്റെ ഭാഗ്യം. വിടർന്നു വരുന്ന ഒരു മുല്ലമൊട്ടാണവൾ...

നഗരത്തിരക്കിൽ അനായാസം അവൾ കാർ ഡ്രൈവു ചെയ്യുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് മുഖത്തേക്കു വീഴുന്ന മുടി മാടിയൊതുക്കിക്കൊണ്ട് അവൾ കൊച്ചിയിലെ തിരക്കിനെക്കുറിച്ച് വാചാലയായി.

"റീന, നിന്നെപ്പോലെ തന്നെ നിന്റെ സംസാരത്തിനുമുണ്ട് ഒരു മനോഹാരിത."

അവൾ മനോഹരമായി ചിരിച്ചു.

"നിന്റെ ഈ ഡ്രൈവിങ്ങിനു കൂടിയുണ്ട് ആ മനോഹാരിത. ഒരു മേഘക്കീറുപോലെ മുകളിൽ തങ്ങി നിന്ന് താഴേക്കു നോക്കുമെൻകിൽ ഈ തിരക്കിലും ഒരു പക്ഷേ എനിക്കു നിന്റെ ഈ ഒഴുക്ക് തിരിച്ചറിയുവാനായേക്കും.."

"പ്രവീൺ കവിതയെഴുതാറുണ്ടോ..?"

"ഞാനോ, ഇല്ലല്ലൊ..!"

ആ തമാശയിൽ ഉറക്കെച്ചിരിച്ചു, അവളും. ഓഫീസിൽ നിന്നു തിരികെ അവൾ തന്നെ കപ്പലിലേക്ക് ഡ്രോപ്പു ചെയ്യാമെന്നേറ്റു.
മടങ്ങും വഴി, ഷോപ്പിങ്ങിനിടയിൽ കോഫി കുടിച്ചിരിക്കെ, അവൻ പതുക്കെ പറഞ്ഞു: "പെണ്ണേ നീയിന്നെന്റെ ഉറക്കം കെടുത്തും..."
അവൾ ചിരിച്ചു.

കുറച്ചു വസ്ത്രങ്ങൾ. സെയിലിങ്ങിന്റെ വിരസതയകറ്റാൻ കുറച്ച് പുസ്തങ്ങൾ. പുതിയ കുറെ മ്യൂസിക് ആൽബങ്ങൾ, ചില പഴയ മലയാള ചിത്രങ്ങളുടെ സിഡികൾ... അങ്ങനെ അവൾ കൂടി സഹായിച്ചു, സെലക്ഷനും കേബിനിലേക്ക് കൊണ്ടു വരുന്നതിനും. കേബിനിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഒരു ചുംബനത്തിനു സ്വാതന്ത്ര്യമെടുക്കാനാവും വിധം അവളുമായി അടുത്തിരുന്നു. നേരമിരുട്ടിത്തുടങ്ങിയെന്നു പറഞ്ഞു അവൾ വിട പറയുമ്പോൾ മുല്ലപ്പൂമണം വാക്കുകളിൽ നിറഞ്ഞു.

"പ്രവീ, ലവ് യൂ...."

പിന്നെയെത്ര തവണ കണ്ടു. കൊച്ചിയിൽ നിന്നു പോയ ശേഷവും എത്ര തവണ ഫോണിൽ ബന്ധപ്പെട്ടു. തിരികെ വീണ്ടും കൊച്ചിയിൽ എത്തിയപ്പോൾ ന്യൂ ഇയർ ഒന്നിച്ചാഘോഷിച്ചു... നക്ഷത്രക്കണ്ണുകൾ എത്ര ഉഷ്ണം പകർന്നു. ഇന്നിതാ അവളുടെ അക്ഷരങ്ങൾ- പ്രവീൺ എനിക്കു നിന്നെ മറക്കാനാവില്ലല്ലോ...

പനിനീർപ്പൂവ് സുജാതയുടെ തലയിൽ ഞെരിഞ്ഞു. വളക്കൈകളിൽ കൈകൾ ചേർത്ത് കണ്ണുകൾ ഇഴഞ്ഞപ്പോൾ അവളുടെ കൈത്തണ്ടയിൽ ഒരു കറുത്ത മഞ്ചാടിമണി.

തിണർത്തു നില്ക്കുന്ന മഞ്ചാടി.
കുഞ്ഞുണ്ണിക്കു മുമ്പിൽ മുഖം പൊത്തി അവൾ ഇരുന്നു.

" പെണ്ണേ, ഈ മഞ്ചാടി മണി മുളയ്ക്കും. മഞ്ചാടികൾ ഉതിർന്ന് പിന്നെയൊരു മഞ്ചാടി തോട്ടം. അതിന്റെ തണൽച്ചായ് വുകളിൽ ഓടക്കുഴലുമായി ഞാനും ആയർപ്പെണ്ണായി നീയും ഉണ്ടാകും..."

വളരെ ചെറുപ്പത്തിലെ തുടങ്ങിയതാണ് മഞ്ചാടി മണികളോടുള്ള ഇഷ്ടം. സ്ഫടികക്കുപ്പികളിലാക്കി അവ നിറച്ചു വക്കും. കുഞ്ഞുണ്ണിയാണ് അവ ശേഖരിച്ചു തരാറുള്ളത്. ഒരിക്കൽ നല്ല സ്വപ്നങ്ങൾ കാണാനുള്ള വിദ്യ കുഞ്ഞുണ്ണി പറഞ്ഞു തന്നു. കുറെനേരം മഞ്ചാടി തറയിലിട്ടുരസുക. എന്നിട്ടത് കൈത്തണ്ടയിൽ വച്ച് കണ്ണടച്ചിരിക്കുക. രാത്രിയിൽ ആരും കാണാതെ പരീക്ഷിച്ചു നോക്കി... കൈത്തണ്ട പൊള്ളുന്നതു പോലെ. വെളിച്ചത്തുപോയി നോക്കിയപ്പോൾ ഒരു മഞ്ചാടിയുടെ വലുപ്പത്തിൽ ചുവന്നു തുടുത്ത അടയാളം. രണ്ടു ദിവസം കുഞ്ഞുണ്ണിയോടു പരിഭവിച്ചു നടന്നു. കൈത്തണ്ടയിലാകട്ടെ മഞ്ചാടി കറുത്തു തുടങ്ങി. കറുത്ത മഞ്ചാടി മായാതെ അങ്ങനെ കിടന്നു.

മഞ്ചാടികളുണ്ടാകുന്ന കഥ ഒരിക്കൽ കുഞ്ഞുണ്ണി പറഞ്ഞു തന്നു. കൊക്കുരുമ്മിയുരുമ്മി അസ്തമയസൂര്യന്റെ വർണ്ണം ചാലിക്കുന്ന ഇണക്കിളികൾ. ഇണപിരിയുമ്പോൾ കണ്ണു കലങ്ങി മനസ്സു കലങ്ങി കാത്തിരിക്കുന്ന വേഴാമ്പലുകൾ. തീ ചൂടുന്ന മിഴിനീർത്തുള്ളികൾ  താഴെ വീഴുമ്പോൾ തണുത്തുറഞ്ഞ തീക്കട്ടകളാകുന്നു..

"പെണ്ണേ, നിന്റെ കൈത്തണ്ടയ്ക്കറിയാം മഞ്ചാടിയുടെ ഉൾച്ചൂട്..."

അവൻ കൈയിലിരുന്ന മഞ്ചാടിമണികൾ അവളുടെ തലയിൽ ചൊരിഞ്ഞു. അവ താഴേക്കുരുണ്ട വഴികളൊക്കെ ആ തീച്ചൂടറിയിച്ചു. സ്ഫടികപാത്രങ്ങൾ പണ്ടേപ്പോലെ നിറയുന്നില്ലെന്നറിഞ്ഞു അവളുടെ മനസ്സു കലങ്ങി...

മഞ്ചാടിമരത്തിനും സ്ഫടികപാത്രത്തിനുമിടയിൽ ഒരു വേലി വളർന്നതവളറിഞ്ഞു. അവളുടെ പാവാടത്തുമ്പിൽ നിന്നും മഞ്ചാടി ഇറ്റിയ നാളുകളിലൊന്നിൽ അമ്മ കുഞ്ഞുണ്ണിയെ ശാസിച്ചിരുന്നു.

" മഞ്ചാടി പെറുക്കി കളിക്കേണ്ട പ്രായമല്ല അവളുടേത്... എന്തെൻകിലും ആവശ്യമുണ്ടെൻകിൽ മാത്രം രമേശനിവിടെ വരാം..."

വിവാഹത്തലേന്നു ആരും കാണാതെ അവളുടെ കൈത്തണ്ടയിൽ അവൻ അമർത്തിത്തിരുമ്മി.

"സുജേ, ഈ കറുപ്പു മായുന്നില്ലല്ലോ.."

"നല്ല സ്വപ്നങ്ങൾ തന്ന മഞ്ചാടി... മനസ്സ് ഇപ്പോഴും കുറെ വർഷങ്ങൾ പിറകിൽ തന്നെ.." തമാശയായി അവൾ പറഞ്ഞു.

" ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു.."
ശബ്ദം വളരെ നേർത്ത് ഇരുളിൽ മുങ്ങിപ്പോയിരുന്നു.

സുജാതയുടെ കൈത്തണ്ടയിലെ മഞ്ചാടിമണിയിൽ പ്രവീൺ ചുണ്ടു ചേർത്തു. അവൾ മന്ത്രിച്ചു,  "നിന്റെ ഗന്ധം എനിക്കു പരിചിതമല്ലൊ.."

മെല്ലെയൊരൊഴുക്കായി അവൻ നക്ഷത്രകണ്ണുകളിൽ നോക്കി. " എനിക്കും അതെ.."


OO അജിത് കെ.സി
"Love is only a dirty trick played on us to achieve continuation of the species."
W. Somerset Maugham
3 comments:

  1. സ്വാർത്ഥതയുടെ കെട്ടുപാടുകളില്ലാത്ത പ്രണയം ഇങ്ങനെയായിരിക്കും അല്ലേ ? പ്രണയം, പ്രണയം മാത്രം അനുനിമിഷം !!

    ReplyDelete
  2. കഥ ഇഷ്ടപ്പെട്ടു..ആശംസകള്‍

    ReplyDelete