3 Feb 2013

സന്തുഷ്ടരാണു നാം


ചുവന്ന കൊടിയടയാളമുള്ള
വിവാഹ മംഗളാശംസ
ചുവരിൽ വിക്കി വിക്കിച്ചിരിച്ചു

അവകാശമോതി
കുങ്കുമമണിഞ്ഞവൾ
ഫോട്ടോയും പകുതി പകുത്തു

വെള്ളിനൂലുകളുടെ
അസ്ഥി പഞ്ജരത്തിൽ
പ്ലാസ്റ്റിക് പൂക്കൾ
അവശേഷിപ്പിച്ച വരണമാല്യം
ഉറിപോലെ ഞാന്ന്
ഉണങ്ങിയ നാരങ്ങാചുട്ടിയുമായി
ആണിയിൽക്കിടപ്പുണ്ട്

കാലിളകാത്ത കട്ടിലിന്റെ
ഒറ്റത്തലയിണയോരത്തു
കൊതുകുതിരികളുടെ
ഭസ്മക്കൂമ്പാരം

ചില്ലു ജനാലയിൽ
വെള്ളത്തുള്ളികൾക്കൊപ്പം
ഒട്ടിനിൽക്കുന്ന മഴപ്പാറ്റകളുടെ
മിന്നൽപ്പിണർ ദൃശ്യം

ഒറ്റയാൻ മെഴുതിരി
ഊതിക്കെടുത്തി
ശുഭരാത്രി സന്ദേശം
മൊബൈലിലെഴുതവേ,
നീ തുറന്നിട്ട വാതിലിലൂടെ
ഒരു കാറ്റുവന്നെന്നെ
പുതപ്പിച്ചുറക്കി!
O
Ajith KC

1 comment:

  1. നീ തുറന്നിട്ട വാതിലിലൂടെ
    ഒരു കാറ്റുവന്നെന്നെ
    പുതപ്പിച്ചുറക്കി!

    ReplyDelete